ഇതാണ് സൂപ്പർ ഹീറോയോടുള്ള സ്നേഹം; പ്രത്യേക മുഖാവരണം അറിഞ്ഞ് കളത്തിലെത്തിയ സണിന് ആരാധകരുടെ ബിഗ് സല്യൂട്ട്
നവംബർ ആദ്യം ചാമ്പ്യന്‍സ് ലീഗില്‍ ഒളിമ്പിക് മഴ്‌സെയ്‌ക്കെതിരായ മത്സരത്തിലാണ് ഹ്യൂങ്-മിൻ സണിന്‍റെ മുഖത്ത് പരിക്കേറ്റത്
ദോഹ: ഖത്തർ ലോകകപ്പില്‍ ഉറുഗ്വെക്കെതിരെ ദക്ഷിണ കൊറിയന്‍ സൂപ്പർ താരം ഹ്യൂങ്-മിൻ സൺ മൈതാനത്തിറങ്ങിയത് പ്രത്യേകതരം മുഖാവരണം ധരിച്ചാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ടോട്ടനത്തിനായി മിന്നല്‍ വേഗത്തില്‍ കുതിക്കുകയും ഗോളുകള്‍ അടിക്കുകയും ചെയ്യുന്ന സണ്‍ പരിക്ക് മാറാതെയാണോ ഖത്തര്‍ ലോകകപ്പില്‍ കളിക്കാനിറങ്ങിയത് എന്ന ആശങ്കയായിരുന്നു ആരാധകർക്ക്. എന്തുകൊണ്ടാണ് ഉറുഗ്വെക്കെതിരെ സണ്‍ ഈ സവിശേഷ മുഖാവരണം അണിഞ്ഞത്. മാത്രമല്ല, മത്സരം കാണാനെത്തിയ ആരാധകരും സമാന മുഖാവരണം അറിഞ്ഞിരുന്നു. ഇതിനും എന്താണ് കാരണം.
നവംബർ ആദ്യം ചാമ്പ്യന്‍സ് ലീഗില്‍ ഒളിമ്പിക് മഴ്‌സെയ്‌ക്കെതിരായ മത്സരത്തിലാണ് ഹ്യൂങ്-മിൻ സണിന്‍റെ മുഖത്ത് പരിക്കേറ്റത്. ചാൻസൽ എംബെംബയുമായി കൂട്ടിയിടിച്ചതോടെ മുഖത്തെ അസ്ഥികളില്‍ താരത്തിന് പരിക്കേറ്റിരുന്നു. ഇതോടെ സണ്‍ ഫിഫ ലോകകപ്പ് കളിക്കുന്ന കാര്യം തന്നെ സംശയത്തിലായിരുന്നു. ഖത്തറിലേക്കുള്ള സ്ക്വാഡിനെ ദക്ഷിണ കൊറിയ പ്രഖ്യാപിച്ചപ്പോള്‍ ഹ്യൂങ്-മിൻ സണിന്‍റെ പേരുണ്ടായിരുന്നെങ്കിലും പരിക്ക് ആശങ്കകള്‍ വിട്ടുമാറിയിരുന്നില്ല. എങ്കിലും പരിക്ക് പൂർണമായും മാറിയാണ് താരം ലോകകപ്പില്‍ ഇറങ്ങിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകള്‍. പക്ഷേ, പരിക്കേറ്റത് മുഖത്തായതിനാല്‍ പ്രതിരോധ നടപടിയെന്ന നിലയ്ക്ക് സണ്‍ പ്രത്യേക മുഖാവരണം അണിഞ്ഞാണ് മത്സരത്തിന് ഇറങ്ങുന്നത്. തങ്ങളുടെ സൂപ്പർ ഹീറോയായ ഹ്യൂങ്-മിൻ സൺ പരിക്ക് മാറി കളത്തിലിറങ്ങുമ്പോള്‍ ദക്ഷിണ കൊറിയന്‍ ആരാധകർക്ക് ആ സ്നേഹം പ്രകടിപ്പിക്കാതിരിക്കാനാവില്ലല്ലോ. കൊറിയയുടെ പല ആരാധകരും ഗ്യാലറിയില്‍ എത്തിയത് സണ്‍ അണിഞ്ഞ തരം ഫേസ് മാസ്ക് ധരിച്ചായിരുന്നു.
പന്തിനായി ഉയർന്ന് ചാടുമ്പോഴും ഹെഡർ എടുക്കുമ്പോഴും ലാന്‍ഡിംഗിനിടേയും മുഖത്തെ അസ്ഥികള്‍ക്ക് ഏല്‍ക്കുന്ന ആഘാതം കുറയ്ക്കാന്‍ സണ്‍ ധരിച്ച മുഖാവരണം വഴി കഴിയും.
ഖത്തര്‍ ലോകകപ്പില്‍ ഹ്യൂങ്-മിൻ സൺ മൈതാനത്തിറങ്ങിയ ഗ്രൂപ്പ് എച്ച് മത്സരത്തില്‍ ഉറുഗ്വെയെ ഗോള്‍രഹിത സമനിലയില്‍ ദക്ഷിണ കൊറിയ തളച്ചിരുന്നു. മത്സരത്തില്‍ ഇരുടീമുകള്‍ക്കും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും ഉറുഗ്വെയായിരുന്നു മുന്നിലെങ്കിലും സൂപ്പര്‍ താരം ലൂയിസ് സുവാരസോ എഡിസന്‍ കവാനിയോ ഫോമിന്‍റെ നിഴലില്‍ പോലുമില്ലാതിരുന്നത് അവർക്ക് തിരിച്ചടിയായി. ഉറുഗ്വെയുടെ മുന്നേറ്റങ്ങളെല്ലാം കൊറിയയുടെ പ്രതിരോധത്തില്‍ തട്ടിത്തെറിക്കുകയായിരുന്നു.
നനഞ്ഞ പടക്കമായി സുവാരസ്; ഉറുഗ്വെയെ സമനിലയില്‍ തളച്ച് ദക്ഷിണ കൊറിയ