'കംപ്ലീറ്റ് സ്ട്രൈക്കര്‍, ദ ഫിനമിന'; കുപ്പായത്തിന്‍റെ കളർ നോക്കി ഡീ ഗ്രെഡ് ചെയ്യുന്നതിൽപരം ഉപദ്രവം വേറെയില്ല
ഇഷ്ടപ്പെടുക, ഇഷ്ടപെടാതിരിക്കുക അതൊക്കെ വ്യക്തിപരമായ ചോയിസ് തന്നെയാണ്. പക്ഷേ ഒരിക്കലും മായ്ക്കാൻ കഴിയാത്ത വിധം ചരിത്രത്തിൽ തങ്ങളുടെ കയ്യൊപ്പ് ചാർത്തി പുൽമൈതാനങ്ങളെ വിട്ടകന്ന് പോയവരെ ജെഴ്സിയുടെ കളർ നോക്കി ഡീ ഗ്രെഡ് ചെയ്യുന്നതിൽപരം ഉപദ്രവം വേറെയില്ല.
ദോഹ: ലോക ഫുട്ബോള്‍ ദര്‍ശിച്ച ഏറ്റവും മികച്ച സ്‌ട്രൈക്കറാണ് ബ്രസീലിയന്‍ റൊണാള്‍ഡോ. പെനാല്‍റ്റി ബോക്‌സില്‍ പന്തല്‍ കെട്ടി പന്തിനായി കാത്തിരിക്കുന്നവന്‍ എന്ന് ഒരു വിഭാഗം വിമര്‍ശിക്കുമ്പോള്‍ എന്താണ് ഫുട്ബോള്‍ ചരിത്രത്തില്‍ 'കംപ്ലീറ്റ് സ്‌ട്രൈക്കര്‍' എന്ന വിശേഷണത്തിന് നിര്‍വചനമുണ്ടാക്കിയ റൊണാള്‍ഡോയുടെ സ്ഥാനമെന്ന് ഓര്‍മ്മിപ്പിക്കുകയാണ് കളിയെഴുത്തുകാരനുമായ സംഗീത് ശേഖര്‍.
He is not a man, He's a Herd...റയല്‍ മാഡ്രിഡിന്‍റെ പഴയ സ്ട്രൈക്കര്‍ ജോര്‍ജ് വാള്‍ഡാനോ പില്‍ക്കാലത്ത് റയലില്‍ എത്തിച്ചേര്‍ന്ന ബ്രസീലിയന്‍ കളിക്കാരനെ വിവരിക്കുകയാണ്. ഒരു ബുള്‍ഡോസറിനെ പോലെ പ്രതിരോധനിരയിലെ ചെറിയ പഴുതിലൂടെ പോലും ഇടിച്ചുകയറി പോകുന്ന കളിക്കാരനെ പിന്നെന്തു വിളിക്കാനാണ് ? റൊണാള്‍ഡോ ലൂയിസ് നസരിയോ ഡെ ലിമ, അതാണ് പേര്. ഡിഫന്‍ഡര്‍മാരെ മനോഹരമായി ഡ്രിബിള്‍ ചെയ്തു മുന്നോട്ടുകുതിക്കാനുള്ള കഴിവിനൊപ്പം തന്നെ ഡിഫന്‍ഡര്‍മാര്‍ക്കിടയില്‍ സാന്‍ഡ്‌വിച് ചെയ്യപ്പെടുമ്പോഴും ജേഴ്സിയില്‍ പിടിച്ച് വലിച്ചുനിര്‍ത്താന്‍ നോക്കുന്നവരെയും കൈകള്‍ കൊണ്ട് തടയാന്‍ നോക്കുന്നവരെയും കാളക്കൂറ്റനെ പോലെ വകഞ്ഞുമാറ്റി ഗോളിലേക്ക് കുതിക്കാനുള്ള കഴിവുമുണ്ടായിരുന്നവന്‍. ഡ്രിബ്ലിങ് മികവ്, അപാരമായ വേഗത, വന്യമായ കരുത്ത്, പന്തിന്മേലുള്ള അപാരമായ നിയന്ത്രണം, എല്ലാറ്റിലുമുപരി ക്ലിനിക്കല്‍ ഫിനിഷിംഗിന്‍റെ അവസാന വാക്ക്. 21-ാം വയസില്‍ ബാലന്‍ ഡി ഓര്‍, 21 വയസിനുള്ളിൽ രണ്ടു തവണ ട്രാന്‍സ്ഫര്‍ റെക്കോര്‍ഡ് തകര്‍ക്കുന്നു. കംപ്ലീറ്റ് സ്ട്രൈക്കര്‍. ദ ഫിനമിന.
പന്തുമായി ഗോള്‍മുഖം ലക്ഷ്യമാക്കി റൊണാള്‍ഡോയുടെ കുതിപ്പുകള്‍ അവിസ്മരണീയമായിരുന്നു. മാള്‍ദീനി, ഫ്രാങ്ക് ദിബോയര്‍, നെസ്റ്റ, പുയോള്‍, കാര്‍ലോസ്, ജാപ്പ് സ്റ്റാം, തുറാം, ഡിസൈലി തുടങ്ങി റൊണാൾഡോയെ നേരിട്ട ഏതൊരു ലോകോത്തര ഡിഫന്‍ഡറും അനുഭവിച്ചിട്ടുണ്ട് ആ പ്രതിഭയുടെ ആഴവും നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിയാത്ത വന്യമായ കരുത്തും. 90 മിനുട്ട് റൊണാള്‍ഡോയെ ഗോളടിക്കാതെ തടഞ്ഞുനിര്‍ത്തുക എന്നത് തന്നെയായിരിക്കും അക്കാലത്തെ പ്രതിരോധനിരകള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി എന്ന് തോന്നുന്നു. ബാറ്റിസ്റ്റ്യുട്ട, മിറോസാവ് ക്ളോസെ, റൊമാരിയോ, തിയറി ഹെന്‍റി, വെയിൻ റൂണി, ക്ലിൻസ്മാൻ, നിസ്റ്റൽ റൂയി, റൗൾ എന്നിങ്ങനെ ഗോളടി യന്ത്രങ്ങളെ റൊണാൾഡോക്ക് മുന്നേയും ശേഷവും ഒരുപാട് കണ്ടിട്ടുണ്ട്. പക്ഷേ, റൊണാൾഡോ ഒരു പ്രത്യേക ജനുസ്സായിരുന്നു. സിമ്പ്ലി അണ്‍ സ്റ്റൊപ്പബിള്‍ എന്ന് നെറ്റിയിലെഴുതി ഒട്ടിച്ചുകൊണ്ട് പ്രതിരോധനിരകളെ കീറി മുറിച്ച സ്ട്രൈക്കറെ എഫക്ടീവായി പിടിച്ചുനിര്‍ത്തിയത് ഒരേയൊരു എതിരാളി മാത്രമായിരുന്നു. അത് പരിക്കാണ്. അതില്ലാത്തപ്പോള്‍ ജേഴ്സിയില്‍ പിടിച്ചെങ്കിലും നിര്‍ത്താന്‍ ശ്രമിക്കുന്ന പ്രതിരോധനിരക്കാര്‍ക്കിടയിലൂടെ റൊണാൾഡോ കയറിപ്പോകും.
സ്റ്റെപ്പ് ഓവര്‍, ഫെയിന്റ്, ഇലാസ്റ്റിക്കൊ. റൊണാൾഡോയുടെ ആവനാഴിയില്‍ ഉണ്ടായിരുന്ന ആയുധങ്ങള്‍ക്ക് കണക്കില്ല. 98 യുവേഫ കപ്പ് ഫൈനലില്‍ ലാസിയോയുടെ നെസ്റ്റ എന്ന 22 വയസുകാരന്‍ ഡിഫന്‍ഡറുമായുള്ള റൊണാള്‍ഡോയുടെ പോരാട്ടം ഐതിഹാസികമായിരുന്നു. സീരി എയിലെ ടോപ് ക്ലാസ് ഡിഫന്‍ഡര്‍മാരില്‍ ഒരാളായി ചെറുപ്രായത്തിലെ കണക്കാക്കപ്പെട്ടിരുന്ന സാക്ഷാല്‍ അലസാണ്ട്രോ നെസ്റ്റ. പന്തിന്‍ മേല്‍ അപാരമായ നിയന്ത്രണവും അപാരമായ വേഗവുമുള്ള ഫുട്ബോളര്‍ക്ക് മാത്രം സാധ്യമായ രീതിയില്‍ ഒരു ഇലാസ്റ്റിക്കൊ പ്രദര്‍ശിപ്പിച്ചു കൊണ്ട് അക്രോബാറ്റിക് സ്ലൈഡ് ടാക്കിളുകള്‍ക്ക് പേര് കേട്ടിരുന്ന നെസ്റ്റയെ റൊണാള്‍ഡോ നിസഹായനാക്കുന്നുണ്ട്. നെസ്റ്റയുടെ സ്ലൈഡിംഗ് ടാക്കിള്‍ തെറ്റായ ദിശയിലേക്ക് ക്ഷണിച്ച് പന്തുമായി നിസാരമായി മുന്നോട്ട് കുതിച്ചു സഹകളിക്കാരന് പാസ് നല്‍കുന്ന റൊണാള്‍ഡോയെ അപമാനിതനായ ദേഷ്യത്തില്‍ ഓടിയെത്തി തള്ളി സൈഡ് ലൈന് പുറത്തേക്ക് വിടുന്ന നെസ്റ്റ. ലോകത്തൊരു ഡിഫന്‍ഡറും ആ സാഹചര്യത്തില്‍ തനിക്ക് കഴിഞ്ഞതില്‍ കൂടുതലൊന്നും ചെയ്യുമായിരുന്നില്ല എന്നാശ്വസിക്കുന്നുണ്ട് നെസ്റ്റ പിന്നീടൊരിക്കല്‍.
ബാഴ്‌സലോണയിലേക്കുള്ള വരവില്‍ 49 കളികളില്‍ നിന്നും 47 ഗോളടിച്ച ആദ്യ സീസണ് ശേഷം പ്രശസ്തനായ ഫുട്ബോള്‍ എഴുത്തുകാരന്‍ സിദ് ലോ Too good for the League എന്നാണു അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ശമ്പള തര്‍ക്കങ്ങളെ തുടര്‍ന്ന് ബാഴ്‌സലോണ വിട്ട് ഇന്‍ററിലെത്തിയ റൊണാള്‍ഡോ അവിടെയും തിളക്കമാര്‍ന്ന പ്രകടനത്തിലൂടെ 98 ബ്രസീല്‍ ലോകകപ്പ് ടീമിലേക്കുള്ള വഴിതുറന്നിട്ടു. ലോകോത്തര പ്രതിരോധനിരക്കാരില്‍ പലരും അണിനിരക്കുന്ന സീരി എയില്‍ പ്രതിരോധ നിരകളെ തകര്‍ത്തെറിഞ്ഞ റൊണാള്‍ഡോ 98 ലോകകപ്പില്‍ ഫൈനല്‍ വരെ 4 ഗോളുകളും 3 അസിസ്റ്റുകളുമായി മിന്നിത്തിളങ്ങി. നിര്‍ഭാഗ്യവശാല്‍ ഫൈനലില്‍ അസുഖബാധിതനായ റൊണാള്‍ഡോ തന്‍റെ നിഴല്‍ മാത്രമായിരുന്നു, സിദാന്‍റെ ഗോളുകളിലൂടെ ഫ്രാന്‍സ് ബ്രസീലിനെ തകര്‍ത്ത് ലോകകപ്പ് സ്വന്തമാക്കുകയും ചെയ്തു. 99 ല്‍ സീരി എ മത്സരത്തിനിടെ പരിക്കേല്‍ക്കുന്ന റൊണാള്‍ഡോക്ക് ഒരു സീസണ്‍ മുഴുവനും നഷ്ടമാകുന്നുണ്ട്. 2002 ലോകകപ്പിലേക്കുള്ള ബ്രസീല്‍ ടീമില്‍ അയാളെ തിരഞ്ഞെടുക്കുമ്പോള്‍ നെറ്റി ചുളിച്ചവരാണ് അധികവും. പരിക്കില്‍ നിന്നും മുക്തനായ ശേഷം അധികം കളിസമയം ലഭിച്ചിട്ടില്ലാത്ത സ്ട്രൈക്കറെ ടീമിലെടുത്തതിനെ ചൊല്ലിയുള്ള വിമര്‍ശന ശരങ്ങള്‍. തുര്‍ക്കിക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ തന്നെ ഫോമിന്‍റെ മിന്നലാട്ടങ്ങള്‍ കാട്ടിയിരുന്ന റൊണാള്‍ഡോ 8 ഗോളുകളുമായി വിമര്‍ശകരുടെ വായടപ്പിച്ച പ്രകടനത്തിലൂടെ ഗോള്‍ഡന്‍ ബൂട്ടുമായിട്ടാണ് മടങ്ങിയത്. 90കളിലെ റൊണാൾഡോയുടെ കരുത്തും വേഗതയും ഇല്ലാതിരുന്നിട്ട് കൂടി ബ്രസീലിന് ലോകകപ്പ് നേടിക്കൊടുത്ത പ്രകടനം. ഫൈനലിൽ ജർമനിക്കെതിരെ എണ്ണം പറഞ്ഞ 2 ഗോളുകൾ. 3 ലോകകപ്പുകളിലായി 15 ഗോളുകൾ. സെന്റർ ഫോർവെഡ് എന്ന പൊസിഷനെ തന്നെ പുനർനിർവചിച്ച അൺ ഡിസ്‍പ്യുട്ടഡ് ലെജൻഡ്.
പ്രതിഭ എന്ന ഘടകം മാത്രം കാലഘട്ടങ്ങള്‍ക്കനുസരിച്ച് മാറ്റം വരാതെ തുടരുമ്പോള്‍ ഫുട്ബോളില്‍ ടെക്നിക്കല്‍ ആസ്പക്ട്ടുകൾ കാലം മാറുന്നതിനനുസരിച്ച് റീ ഡിഫൈന്‍ ചെയ്യപ്പെട്ടു കൊണ്ടേയിരിക്കും. അപൂര്‍വ്വം കളിക്കാര്‍ മാത്രമാണു കാലഘട്ടങ്ങളെ മറികടക്കാന്‍ കഴിവുള്ളവര്‍ എന്ന് തോന്നിപ്പിക്കുന്നത്. 90കളിലെ ഒരു പ്ലെയറുടെ സ്കില്‍ സെറ്റ് & ടെക്നിക്കൽ എബിലിറ്റി റീ ഡിഫൈന്‍ ചെയ്യപ്പെടുന്ന ഒരു 30 കൊല്ല കാലയളവിന് ശേഷവും രണ്ട് കാലഘട്ടത്തിലെയും ഏതൊരു സെന്‍റര്‍ ഫോര്‍വേഡിനെയും വിസ്മയിപ്പിക്കുന്ന സാങ്കേതിക മികവും സ്കില്‍ സെറ്റും പ്രകടമാക്കുന്ന രീതിയില്‍ കളിച്ചുപോയൊരാള്‍. നൂറു മീറ്റര്‍ ഓട്ടപ്പന്തയത്തിന്‍റെ അവസാന ലാപ്പിൽ അതിവേഗമുള്ള ഒരത്ലറ്റ് ഫിനിഷിംഗ് പോയന്‍റിനെ ലക്ഷ്യമാക്കി കുതിക്കുന്ന കുതിപ്പിനോട് മാത്രം താരതമ്യപ്പെടുത്താം പന്ത് കൊണ്ടുള്ള റൊണാള്‍ഡോയുടെ കുതിപ്പിനെ. 90 മിനുട്ട് നീളുന്ന ഒരു ഫുട്ബോള്‍ മത്സരത്തില്‍ ആദ്യ മിനുട്ടിലോ അവസാന മിനുട്ടിലോ എപ്പോള്‍ വേണമെങ്കിലും ആ കുതിപ്പ് സംഭവിക്കാം എന്ന് മാത്രം.
ഒട്ടേറെ മികച്ച മത്സരങ്ങള്‍, മനോഹരമായ ഗോളുകള്‍, വ്യക്തിഗത മികവിന്‍റെ മകുടോദാഹരണങ്ങളായ അനവധി പ്രകടനങ്ങള്‍ക്കിടയില്‍ 2002/03 ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ വേറിട്ട് നില്‍ക്കുന്നു. ആദ്യ പാദത്തില്‍ സാന്റിയാഗോ ബെര്‍ണാബ്യുവിലെ സ്വന്തം കാണികളുടെ കൂക്കുവിളി ഏറ്റുവാങ്ങേണ്ടി വരുന്ന റൊണാള്‍ഡോ രണ്ടാം പാദത്തില്‍ മറക്കാനാകാത്ത രീതിയില്‍ കാട്ടിക്കൊടുക്കുന്നുണ്ട് തന്‍റെ ക്ലാസ്. 2002/03 ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍, റയല്‍ മാഡ്രിഡ് v/s മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ചരിത്രമുറങ്ങുന്ന ഓള്‍ഡ് ട്രാഫോര്‍ഡ്. ഐതിഹാസികമായ റയല്‍ ലൈനപ്പ്. സിനദിന്‍ സിദാന്‍, ലൂയിസ് ഫിഗോ, റൊണാള്‍ഡോ, റോബര്‍ട്ടോ കാര്‍ലോസ്, ക്ലൌഡ് മകലെലെ. മത്സരം നിയന്ത്രിച്ചത് ഇതിഹാസതുല്യനായ റഫറി കോളിന. 12-ാം മിനുട്ടില്‍ തന്നെ സിദാന്റെ തകര്‍പ്പന്‍ പാസ് പിടിച്ചെടുത്തു റൊണാള്‍ഡോയെ ത്രൂ പാസ്സിലൂടെ റിലീസ് ചെയ്യുന്ന ഗുട്ടി. പന്ത് നിയന്ത്രിക്കാന്‍ ശ്രമിക്കാതെ ഫസ്റ്റ് ടച് പോലുമില്ലാതെ ഒരു കിടിലന്‍ ഷോട്ട്, ആദ്യ ഗോള്‍. 50-ാം മിനുട്ട്. യുണൈറ്റഡ് ഗോള്‍മുഖത്ത് മനോഹരമായ പാസ്സുകള്‍ കൊണ്ട് ഒഴുകി നടക്കുന്ന സിദാനും ഫിഗോയും. സിദാന്റെ ത്രൂ പാസ് പിടിച്ചെടുത്ത കാര്‍ലോസിന്‍റെ പാസ് വീണ്ടും റൊണാള്‍ഡോയുടെ ക്ലിനിക്കല്‍ ഫിനിഷ്. മിനുട്ടുകള്‍ക്കുള്ളില്‍ പന്തുമായി ഒറ്റക്ക് കുതിക്കുന്ന റൊണാള്‍ഡോ ബോക്സിനു പുറത്ത് നിന്നും ഉതിര്‍ക്കുന്ന കരുത്തുറ്റ വലം കാലന്‍ വോളി ബാര്‍തെസിനെ നിസ്സഹായനാക്കി വലയില്‍ വീഴുമ്പോള്‍ ഓള്‍ഡ് ട്രാഫോര്‍ഡ് ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച വ്യക്തിഗത പ്രകടനങ്ങളില്‍ ഒന്ന് കണ്ട് കഴിഞ്ഞിരുന്നു. രണ്ടാം പകുതിയിൽ സബ് ചെയ്യപ്പെട്ട് പുറത്തേക്ക് പോകുമ്പോൾ അപൂര്‍വമായി മാത്രം ഒരു ഫുട്ബോള്‍ ഗ്രൗണ്ടില്‍ ദര്‍ശിക്കാന്‍ കഴിയുന്ന പ്രതിഭയുടെ ഒരു മാജിക്കല്‍ ഡിസ്പ്ലെക്കാണ് തങ്ങള്‍ സാക്ഷ്യം വഹിച്ചത് എന്ന് തിരിച്ചറിഞ്ഞ വിവേകമുള്ള ഓൾഡ് ട്രാഫോഡിലെ കാണികൾ സ്റ്റാൻഡിങ് ഒവേഷനിലൂടെയാണ് റൊണാൾഡോയെ പറഞ്ഞയക്കുന്നത്.
യൂട്യൂബിൽ തിരഞ്ഞാൽ കാണാവുന്ന പഴയൊരു വീഡിയോയുണ്ട്. 2009ല്‍ സാന്റൊസില്‍ വച്ച് അവരെ നേരിടുന്ന കൊറിന്ത്യന്‍സ്. സാന്റോസിന്റെ പ്രതിരോധത്തെ പിളര്‍ന്നു വരുന്നൊരു പാസ് പെനാല്‍റ്റി ബോക്സിനടുത്ത് വച്ച് വലത് കാലില്‍ സ്വീകരിക്കുന്ന കൊറിന്ത്യന്‍സിന്‍റെ സ്ട്രൈക്കര്‍. അയാളൊരു പഴയ മഹാനായ കളിക്കാരന്‍റെ വികലമായ അനുകരണം പോലുമാകാന്‍ പാടുപെട്ടു കൊണ്ടിരിക്കുകയായിരുന്നു. ഹൈപ്പർ തൈറോയിഡിസം ബാധിച്ച് ഒരു ഫുട്ബോളറുടെ ഷേപ്പ് ഒക്കെ എന്നോ നഷ്ടമായ ശരീരം, വേഗത കുറഞ്ഞ ചലനങ്ങള്‍. രണ്ടു ഡിഫന്‍ഡര്‍മാര്‍ അനായാസം അദ്ദേഹത്തിനൊപ്പം ഓടിയെത്തുന്നതോടെ ആ നീക്കം അവിടെ അവസാനിച്ചു എന്ന് കരുതി നിരാശയോടെ കാണികൾ മുഖം തിരിക്കുന്നതിനു മുന്നേ പെട്ടെന്ന് ഓട്ടം നിര്‍ത്തി വെട്ടിത്തിരിഞ്ഞ് പന്ത് ഇടതുകാലിലെക്ക് മാറ്റിയതിനു ശേഷം അഡ്വാന്‍സ് ചെയ്തു നിന്ന ഗോള്‍ കീപ്പറെ സ്ത്ബ്ധനാക്കി കൊണ്ടൊരു പെര്‍ഫെക്റ്റ് ലോബ്. കാലത്തെ വര്‍ഷങ്ങള്‍ക്ക് പിന്നിലേക്ക് കൈ പിടിച്ചു നടത്തുകയായിരുന്നില്ല, കാലങ്ങള്‍ക്ക് ശേഷവും തന്നില്‍ ബാക്കിയുണ്ടായിരുന്ന പ്രതിഭയുടെ അവസാനത്തെ അംശത്തെ പ്രദര്‍ശിപ്പിക്കുകയായിരുന്നു റൊണാൾഡോ.
ഇഷ്ടപ്പെടുക, ഇഷ്ടപെടാതിരിക്കുക അതൊക്കെ വ്യക്തിപരമായ ചോയിസ് തന്നെയാണ്. പക്ഷേ ഒരിക്കലും മായ്ക്കാൻ കഴിയാത്ത വിധം ചരിത്രത്തിൽ തങ്ങളുടെ കയ്യൊപ്പ് ചാർത്തി പുൽമൈതാനങ്ങളെ വിട്ടകന്ന് പോയവരെ ജെഴ്സിയുടെ കളർ നോക്കി ഡീ ഗ്രെഡ് ചെയ്യുന്നതിൽപരം ഉപദ്രവം വേറെയില്ല.
പ്രതിഫലം 3400 കോടി രൂപ! റൊണാള്‍ഡോ സൗദി ക്ലബിലേക്കെന്ന് റിപ്പോര്‍ട്ട്