മൊറോക്കോയോട് തോറ്റതിന് ഡഗൗട്ട് എന്ത് പിഴച്ചു; കട്ടക്കലിപ്പില്‍ ബെല്‍ജിയം ഗോളിയുടെ ഇടി- വീഡിയോ

ലോകകപ്പിന് വമ്പന്‍ താരനിരയുമായെത്തിയ ബെല്‍ജിയത്തെ മൊറോക്കോ എതിരില്ലാത്ത രണ്ട് ഗോളിന് അട്ടിമറിക്കുകയായിരുന്നു

FIFA World Cup 2022 Watch Thibaut Courtois punch to dugout after Belgium loss to Morocco

ദോഹ: ഖത്തര്‍ ലോകകപ്പില്‍ അട്ടിമറികള്‍ തുടരുകയാണ്. ലോക രണ്ടാം നമ്പര്‍ ടീം ബെല്‍ജിയത്തെ മൊറോക്കോ എതിരില്ലാത്ത രണ്ട് ഗോളിന് ഞെട്ടിച്ചതാണ് ഒടുവിലത്തെ സംഭവം. ബെല്‍ജിയത്തിന്‍റെ സുവര്‍ണ തലമുറയാണ് മൊറോക്കന്‍ കരുത്തിന് മുന്നില്‍ കാലിടറി വീണത്. അപ്രതീക്ഷിത തോല്‍വിക്ക് ശേഷം ഡ്രസിംഗ് റൂമിലേക്ക് മടങ്ങുമ്പോള്‍ ബെല്‍ജിയം ഗോളി കോര്‍ത്വേ തന്‍റെ കലിപ്പത്രയും ഡഗൗട്ടിനോട് തീര്‍ത്താണ് പോയത്. പോയവഴി ഡഗൗട്ടിന്‍റെ കവചത്തിന് ഒരു പഞ്ച് കൊടുക്കുകയായിരുന്നു ബെല്‍ജിയത്തിന്‍റെ സ്റ്റാര്‍ ഗോളി. ഈ ദൃശ്യങ്ങള്‍ ഇഎസ്‌പിഎന്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. 

ലോകകപ്പിന് വമ്പന്‍ താരനിരയുമായെത്തിയ ബെല്‍ജിയത്തെ മൊറോക്കോ എതിരില്ലാത്ത രണ്ട് ഗോളിന് അട്ടിമറിക്കുകയായിരുന്നു. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം അബ്ദേല്‍ഹമിദ് സബിറിയാണ് ആദ്യ ഗോള്‍ നേടിയത്. രണ്ടാം ഗോള്‍ സക്കറിയ അബൗഖലിന്‍റെ വകയായിരുന്നു. മത്സരത്തിലുടനീളം ബെല്‍ജിയത്തിനൊപ്പം നില്‍ക്കാന്‍ മൊറോക്കോയ്ക്ക് സാധിച്ചിരുന്നു. ഇതോടെ പോയിന്‍റ് പട്ടികയില്‍ രണ്ടാമതെത്താന്‍ മൊറോക്കയ്ക്കായി. രണ്ട് മത്സരങ്ങളില്‍ നാല് പോയിന്റാണ് മൊറോക്കോയ്ക്കുള്ളത്. ആദ്യ മത്സരത്തില്‍ മൊറോക്കോ ക്രൊയേഷ്യയെ സമനിലയില്‍ തളച്ചിരുന്നു. ആദ്യ മത്സരത്തില്‍ കാനഡയെ മറികടന്ന ബെല്‍ജിയം മൂന്ന് പോയിന്‍റേടെ രണ്ടാം സ്ഥാനത്താണ്. ഇതോടെ ഗ്രൂപ്പില്‍ അവസാനം നടക്കുന്ന ബെല്‍ജിയം-ക്രൊയേഷ്യ പോരാട്ടം നിര്‍ണായകമാവും. 

വിസ്‌മയ ഫ്രീകിക്ക്

73-ാം മിനിറ്റിലായിരുന്നു മത്സരത്തിലെ ആദ്യ ഗോള്‍. സബിറി ഫ്രികിക്കിലൂടെയാണ് ഗോള്‍ നേടിയത്. അസാധാരണമായ ആംഗിളില്‍ ഇടത് വിംഗില്‍ നിന്ന് സബിറി തൊടുത്ത ഡയറക്റ്റ് ഫ്രീകിക്ക് ഗോള്‍കീപ്പര്‍ കോര്‍ത്വോയെ കബളിപ്പിച്ച് വലയിലേക്ക് കയറി. ഇത്തവണ വാറില്‍ ഒന്നുംതന്നെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഗോള്‍ തിരിച്ചടിക്കാന്‍ ബെല്‍ജിയം കിണഞ്ഞ് ശ്രമിക്കുന്നതിനിടെ രണ്ടാമത്തെ ഗോളും ബെല്‍ജിയം വലയിലെത്തി. സിയെച്ചിന്‍റെ പാസില്‍ അബൗഖല്‍ അനായാസം പന്ത് വലയിലെത്തിക്കുകയായിരുന്നു. 

എന്തൊരു ഗോളാണ് ചങ്ങാതീ; തോല്‍വിക്കിടയിലും താരമായി അൽഫോൻസോ ഡേവീസ്
 

Latest Videos
Follow Us:
Download App:
  • android
  • ios