ഫുട്ബോള്‍ ലോകകപ്പ്: യുദ്ധവിമാനങ്ങളുടെ അകമ്പടിയില്‍ പോളണ്ട് ടീമിന്‍റെ യാത്ര- വീഡിയോ

ഖത്തര്‍ ലോകകപ്പിലെ ഗ്രൂപ്പ് സിയില്‍ ചൊവ്വാഴ്‌ച മെക്‌സിക്കോയ്‌ക്ക് എതിരെയാണ് പോളണ്ടിന്‍റെ ആദ്യ മത്സരം

FIFA World Cup 2022 Watch Poland National Football Team Escorted By F 16 Jets

ദോഹ: ഖത്തര്‍ ലോകകപ്പിനായി ടീമുകള്‍ അറേബ്യന്‍ നാട്ടിലേക്ക് പറന്നെത്തിക്കൊണ്ടിരിക്കുകയാണ്. ഫുട്ബോള്‍ ലോകകപ്പിനായി പോളണ്ട് ടീമും ഖത്തറിലെത്തി. എന്നാല്‍ പോളണ്ട് ടീം ഫുട്ബോള്‍ ഫെസ്റ്റിവലിനായി വന്നത് യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയായിരുന്നു. രാജ്യാതിര്‍ത്തി കടക്കും വരെ എഫ് 16 യുദ്ധവിമാനങ്ങളാണ് ടീം വിമാനത്തിന് അകമ്പടി നൽകിയത്. ഇതിന്‍റെ ദൃശ്യങ്ങളും ചിത്രങ്ങളും പോളിഷ് ഫുട്ബോള്‍ ടീം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. 

യുക്രൈനും റഷ്യയും തമ്മില്‍ നടക്കുന്ന യുദ്ധത്തിന്‍റെ പശ്‌ചാത്തലത്തില്‍ സുരക്ഷ ഒരുക്കാനായിരുന്നു എഫ് 16 യുദ്ധവിമാനങ്ങള്‍ പോളിഷ് ടീമിന് അകമ്പടി നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. യുക്രൈനും റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് പോളണ്ട്. പോളണ്ട് അതിര്‍ത്തിയില്‍ അടുത്തിടെ മിസൈല്‍ പതിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഇതിനെ ചൊല്ലിയുള്ള വിവാദം കെട്ടടങ്ങാത്ത സാഹചര്യത്തിലാണ് പോളണ്ട് ടീം യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ ലോകകപ്പിന് യാത്ര തിരിച്ചത്. സുരക്ഷയൊരുക്കിയ എഫ് 16 യുദ്ധവിമാനങ്ങളുടെ പൈലറ്റുമാര്‍ക്ക് പോളിഷ് ഫുട്ബോള്‍ ടീം നന്ദി അറിയിച്ചിട്ടുണ്ട്. 

ഖത്തര്‍ ലോകകപ്പിലെ ഗ്രൂപ്പ് സിയില്‍ ചൊവ്വാഴ്‌ച മെക്‌സിക്കോയ്‌ക്ക് എതിരെയാണ് പോളണ്ടിന്‍റെ ആദ്യ മത്സരം. സ്റ്റാര്‍ സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ ബൂട്ടുകളിലാണ് പോളിഷ് ടീമിന്‍റെ പ്രതീക്ഷ. നവംബര്‍ 26ന് സൗദി അറേബ്യയേയും 30ന് അര്‍ജന്‍റീനയേയും പോളണ്ട് നേരിടും. 1986ന് ശേഷം ആദ്യമായി നോക്കൗട്ട് റൗണ്ടില്‍ എത്തുകയാണ് ലെവന്‍ഡോവ്‌സ്‌കിയുടെയും സംഘത്തിന്‍റേയും ലക്ഷ്യം. 

ഖത്തറില്‍ ഫുട്ബോള്‍ ലോകകപ്പിന് മറ്റന്നാൾ ഖത്തറില്‍ തുടക്കമാകും. ഫുട്ബോള്‍ ലോകകപ്പിന്‍റെ കിക്കോഫിനായി ലോകമെങ്ങും ആവേശത്തോടെ കാത്തിരിക്കുകയാണ്. നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സിന് പുറമെ ലിയോണല്‍ മെസിയുടെ അര്‍ജന്‍റീനയും നെയ്‌മറുടെ ബ്രസീലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും ജര്‍മ്മനിയും സ്‌പെയിനുമെല്ലാം ഖത്തറില്‍ അത്ഭുതം കാട്ടാമെന്ന പ്രതീക്ഷയിലാണ്. 

പോളണ്ടിലെ മിസൈലാക്രണത്തിൽ വമ്പൻ ട്വിസ്റ്റ്! റഷ്യക്ക് ബൈഡന്‍റെ ക്ലീൻ ചിറ്റ്; യുക്രൈനോ കുറ്റവാളി? ഇനിയെന്ത്?

Latest Videos
Follow Us:
Download App:
  • android
  • ios