ഹമ്മോ! ആകാശംമുട്ടെ ഒരു ഹെഡര്‍; റൊണാള്‍ഡോയെ കാഴ്‌ചക്കാരനാക്കി റോണോ പഠിപ്പിച്ച ഗോളുമായി നെസീരി- വീഡിയോ
ഖത്തര്‍ ലോകകപ്പില്‍ പോര്‍ച്ചുഗല്‍-മൊറോക്കോ ക്വാര്‍ട്ടറിന്‍റെ വിധി എഴുതിയത് ആ ഒരൊറ്റ ഹെഡററായിരുന്നു
ദോഹ: എത്രയോ കോടി മനുഷ്യര്‍ മോഹിച്ച, മനസില്‍ താലോലിച്ച ഗോളാണത്. എതിര്‍ താരത്തിന്‍റെ അരയ്‌ക്കൊപ്പം ഉയരത്തില്‍ വായുവില്‍ ചാടിയുയര്‍ന്ന ശേഷം തന്‍റെ ദിവ്യതല കൊണ്ട് അനുഗ്രഹം നല്‍കി വലയിലേക്ക് സിആര്‍7 മിന്നല്‍പ്പിണര്‍ കണക്കെ പായിച്ചിരുന്ന ഗോളുകള്‍. പോര്‍ച്ചുഗലിന്‍റെ കുപ്പായത്തില്‍, യുണൈറ്റഡിന്‍റെ കുപ്പായത്തില്‍, റയലിന്‍റെ കുപ്പായത്തില്‍, യുവന്‍റസിന്‍റെ കുപ്പായത്തില്‍ ആ കാഴ്‌ച തലയില്‍ കൈവെച്ച് നാം മതിവരാതെ എത്രയോവട്ടം കണ്ടുനിന്നിരിക്കുന്നു. എന്നാല്‍ അയാള്‍ തീര്‍ക്കും അപ്രത്യക്ഷനായി പോയൊരു നിമിഷത്തില്‍ എതിര്‍ താരത്തിന്‍റെ തലച്ചോറില്‍ നിന്ന് പോര്‍ച്ചുഗല്‍ വല തുളച്ച് അത്തരമൊരു മിന്നല്‍പ്പിണര്‍ പറന്നു. അത് ലോകകപ്പില്‍ പോര്‍ച്ചുഗലിന് പുറത്തേക്കുള്ള വഴിയും മൊറോക്കോയ്‌ക്ക് സെമിയിലേക്കുള്ള ചരിത്ര പാതയും തുറന്നു.
ഖത്തര്‍ ലോകകപ്പില്‍ പോര്‍ച്ചുഗല്‍-മൊറോക്കോ ക്വാര്‍ട്ടറിന്‍റെ വിധി എഴുതിയത് ആ ഒരൊറ്റ ഹെഡററായിരുന്നു. 42-ാം മിനുറ്റില്‍ യഹിയയുടെ ക്രോസില്‍ പ്രതാപകാലത്തെ റൊണാള്‍ഡോയെ ഓര്‍മ്മിപ്പിച്ച ചാട്ടത്തിലൂടെ തലവെച്ച് യൂസെഫ് എന്‍ നെസീരിയാണ് മൊറോക്കോയ്ക്കായി വല കുലുക്കിയത്. പോര്‍ച്ചുഗല്‍ പ്രതിരോധ താരം റൂബന്‍ ഡിയാസിനും ഗോളി ഡിയാഗോ കോസ്റ്റയ്‌ക്കും ആ ഹെഡറിന് കുരുക്ക് കെട്ടാനായില്ല. അത്രയേറെ ഉയരത്തിലായിരുന്നു പന്തിനായി നെസീരിയുടെ ജംപ്. ഈ സമയം സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കാഴ്‌ചക്കാരനായി ഡഗൗട്ടില്‍ അമ്പരപ്പോടെ ഇരിപ്പുണ്ടായിരുന്നു. ചിലപ്പോള്‍ സ്വയം അയാള്‍ തന്‍റെ ഭൂതകാലത്തിലേക്ക് മടങ്ങിപ്പോയിക്കാണണം.
ചിത്രം- റൊണാള്‍ഡോയുടെ ഒരു മുന്‍കാല ഹെഡര്‍
ഫിഫ ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ പറങ്കിപ്പടയെ എതിരില്ലാത്ത ഒരു ഗോളിന് തുരത്തിയാണ് മൊറോക്കോ സെമിയില്‍ പ്രവേശിച്ചത്. ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമായി ഇതോടെ മൊറോക്കോ. ബഞ്ചിലായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ രണ്ടാംപകുതിയില്‍ ഇറക്കിയിട്ടും മടക്ക ഗോള്‍ നേടാന്‍ പോര്‍ച്ചുഗലിനായില്ല. തന്‍റെ അഞ്ചാം ലോകകപ്പില്‍, അവസാന മത്സരത്തില്‍ നടുക്കുന്ന തോല്‍വിയോടെ ക്രിസ്റ്റ്യാനോ കളംവിട്ടത് ഫുട്ബോള്‍ ലോകത്തിന് ആകെ കണ്ണീരായി. മൈതാനത്ത് വിതുമ്പിപ്പൊട്ടിയ ക്രിസ്റ്റ്യാനോ കണ്ണീര്‍ക്കടലായാണ് പ്ലെയേര്‍സ് ടണലിലൂടെ തിരിച്ച് ഒഴുകിയത്. അത് ലോകകപ്പ് വേദിയില്‍ നിന്ന് ക്രിസ്റ്റ്യാനോയുടെ അവസാന മടക്കവുമാണ്. എന്നാലും എന്തൊരു ഹെഡററായിരുന്നു യൂസെഫ് എന്‍ നെസീരി... നിങ്ങളാ തലച്ചോറില്‍ നിന്ന് തൊടുത്തുവിട്ടത്!. നിങ്ങളാ ഗോളില്‍ എക്കാലവും ഓര്‍മ്മിക്കപ്പെടും, മൊറോക്കോയും. ക്രിസ്റ്റ്യാനോയെ അനുകരിച്ച് അയാളെ തോല്‍പിക്കുകയായിരുന്നില്ലേ നിങ്ങള്‍.
ഇത് കണ്ട് നില്‍ക്കാനാവില്ല! കരഞ്ഞുതളര്‍ന്ന് റൊണാള്‍ഡോ; ലോകകപ്പിലൊരു യുഗാന്ത്യം