അത് ഗോളായിരുന്നെങ്കില്‍! തലനാരിഴയ്ക്ക് നഷ്‌ടമായത് ലോകകപ്പിലെ ഏറ്റവും മികച്ച ഗോള്‍- വീഡിയോ

ഉയര്‍ന്നുചാടി മൊറോക്കോന്‍ താരം ജവാദ് എല്‍ യമീഖ് അതിശയിപ്പിക്കുന്ന ബൈസിക്കിള്‍ കിക്കിന് ശ്രമിച്ചു

FIFA World Cup 2022 Watch Morocco Jawad El Yamiq nearly scores the goal of Qatar 2022

ദോഹ: ആ പന്ത് വലയിലെത്തിയിരുന്നെങ്കില്‍ ഒരുപക്ഷേ ഖത്തര്‍ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളാകുമായിരുന്നു. ഫിഫ ലോകകപ്പുകളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നുമാകുമായിരുന്നു. പക്ഷേ ഹ്യൂഗോ ലോറിസ് എന്ന ഗോളിയും ഗോള്‍ പോസ്റ്റും അയാളുടെ അക്ഷീണ പ്രയത്നത്തിന് മുന്നില്‍ നിഷ്‌പ്രഭമായി. 

ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സ്-മൊറോക്കോ സെമിയുടെ 45-ാം മിനുറ്റ്. തിയോ ഹെര്‍ണാണ്ടസിന്‍റെ ഗോളില്‍ മുന്നിട്ട് നില്‍ക്കുന്ന ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് ഇടവേളയ്ക്ക് പിരിയും മുമ്പ് സമനില നേടാനുള്ള സുവര്‍ണാവസരം. കോര്‍ണര്‍ കിക്ക് എടുക്കുന്നത് പരിചയസമ്പന്നനായ സിയെച്ച്. ഉയര്‍ന്നുവന്ന പന്ത് ആദ്യം ഫ്രഞ്ച് കോട്ടയില്‍ തട്ടി തെറിച്ചു. എന്നാല്‍ ഉയര്‍ന്നുചാടി മൊറോക്കോന്‍ താരം ജവാദ് എല്‍ യമീഖ് അതിശയിപ്പിക്കുന്ന ബൈസിക്കിള്‍ കിക്കിന് ശ്രമിച്ചു. ബ്രസീലിന്‍റെ റിച്ചാര്‍ലിസണിന്‍റെ അക്രോബാറ്റിക് ഗോളിനെ ഓര്‍മ്മിപ്പിക്കുന്ന ഒന്ന്. ഫ്രാന്‍സിന്‍റെ പ്രതിരോധ താരങ്ങള്‍ക്ക് ജവാദിന്‍റെ ഷോട്ട് കണ്ട് നില്‍ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. എന്നാല്‍ തലനാരിഴയ്‌ക്ക് ഫ്രഞ്ച് ഗോളി ലോറിസ് പന്ത് തട്ടിയകറ്റി. ഇത് ഗോളായിരുന്നെങ്കില്‍ ഈ ലോകകപ്പില്‍ ഇതുവരെ പിറന്ന ഏറ്റവും മികച്ച ഗോളാകുമായിരുന്നു. 

ഖത്തര്‍ ലോകകപ്പില്‍ സെര്‍ബിയക്കെതിരായ ഗ്രൂപ്പ് മത്സരത്തില്‍ ബ്രസീലിന്‍റെ റിച്ചാര്‍ലിസണ്‍ അക്രോബാറ്റിക് ഗോള്‍ നേടിയിരുന്നു. 72-ാം മിനിറ്റിലായിരുന്നു ബ്രസീൽ ആരാധകരെ ആവേശത്തിൽ മുക്കിയ ​ഗോളിന്‍റെ പിറവി. ഇടതുവിങ്ങിലൂടെ കുതിച്ച സൂപ്പർ താരം വിനീഷ്യസ് ജൂനിയറിന്‍റെ മനോഹര ക്രോസ് ബോക്‌സില്‍ സ്വീകരിച്ച റിച്ചാര്‍ലിസണ്‍ പന്ത് വായുവിലേക്ക് പതിയെ ഉയർത്തി ഒരു അക്രോബാറ്റിക് ശ്രമത്തിലൂടെ ഗോള്‍ കീപ്പറെ കീഴടക്കി വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഈ ഫുട്ബോള്‍ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നാണ് അന്ന് റിച്ചാര്‍ലിസണ്‍ സ്വന്തം പേരില്‍ കുറിച്ചത്. 

എല്ലാം നാടകീയം, ജ്യേഷ്‌ഠന് പകരം ടീമിലെത്തി, ക്വാര്‍ട്ടറിലെ പിഴവിന് സെമിയില്‍ പരിഹാരം; തീയായി തിയോ

 

Latest Videos
Follow Us:
Download App:
  • android
  • ios