ഖത്തര്‍-ഇക്വഡോര്‍ മത്സരത്തിനിടെ ഗ്യാലറിയിൽ വാക്‌പോര്, ഒടുവില്‍ എല്ലാം പറഞ്ഞ് സോള്‍വാക്കി; കയ്യടിച്ച് ലോകം
ഫിഫ ലോകകപ്പിലെ ഖത്തര്‍-ഇക്വഡോര്‍ കിക്കോഫ് മത്സരത്തിന്‍റെ ആദ്യപകുതിയിലായിരുന്നു നാടകീയ സംഭവങ്ങള്‍
ദോഹ: ഖത്തര്‍ ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരത്തിനിടെ ഗ്യാലറിയിൽ ആരാധകരുടെ നേരിയ വാക്പോര്. ഖത്തറിന്‍റെയും ഇക്വഡോറിന്‍റേയും ആരാധകരാണ് തര്‍ക്കിച്ചത്. എന്നാൽ പിന്നീട് പ്രശ്‌നങ്ങള്‍ എല്ലാം സോൾവാക്കി ഇരുവരും ഒന്നിച്ചിരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഫുട്ബോളില്‍ ലോകകപ്പിലെ മനോഹര കാഴ്‌ചയായി ഈ ദൃശ്യങ്ങള്‍ വാഴ്‌ത്തപ്പെടുകയാണ്.
ഫിഫ ലോകകപ്പിലെ ഖത്തര്‍-ഇക്വഡോര്‍ കിക്കോഫ് മത്സരത്തിന്‍റെ ആദ്യപകുതിയിലായിരുന്നു നാടകീയ സംഭവങ്ങള്‍. മത്സരത്തില്‍ ഇക്വഡോര്‍ ഗോള്‍ വാര്‍ പരിശോധനയില്‍ നിഷേധിക്കപ്പെട്ടതിലാവണം മഞ്ഞ ജേഴ്‌സി അണിഞ്ഞ ഒരു ആരാധകന്‍ എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചു. റഫറിയെ വിലക്കെടുത്തു എന്ന മട്ടിലായിരുന്നു പ്രതിഷേധം. തൊട്ടുപിന്നിലുണ്ടായിരുന്ന ഖത്തര്‍ ആരാധകന്‍ ഇത് ചോദ്യം ചെയ്തതോടെ വാക്‌പോരായി. ദൃശ്യങ്ങള്‍ മത്സരത്തിനിടെ തന്നെ വൈറലായി. മത്സര ശേഷം ഇരുവരും ഒന്നിച്ചിരുന്ന് സൗഹൃദം പങ്കിടുന്ന പുതിയ വീഡിയോയും പുറത്തുവന്നു. ഇക്വഡോര്‍ ആരാധകന്‍ ഖത്തറിന് ആശംസ നേരുന്നതും ദൃശ്യത്തിലുണ്ട്. ലോകത്തിന്‍റെയാകെ സ്നേഹം ഒരു തുകല്‍പന്തിലേക്ക് ആവാഹിക്കുന്ന ഫിഫ ലോകകപ്പിനിടെ പ്രശ്‌നങ്ങള്‍ എല്ലാം തോളില്‍ തട്ടി സെറ്റാക്കിയെന്ന് ചുരുക്കം.
ക്യാപ്റ്റന്‍ എന്നര്‍ വലൻസിയ ഇരട്ട ഗോളുമായി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളിന് ഇക്വഡോര്‍ തോൽപ്പിച്ചു. അഞ്ചാം മിനുറ്റിൽ റഫറി നിഷേധിച്ച ഗോളിന് ഇക്വഡോര്‍ ക്യാപ്റ്റൻ ഇരട്ട ഗോളിലൂടെ മറുപടി നല്‍കുകയായിരുന്നു. 16-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ ടീമിനെ മുന്നിലെത്തിച്ച വലന്‍സിയ 31-ാം മിനുറ്റില്‍ ഡബിള്‍ തികച്ചു. ആദ്യ മത്സരത്തിൽ രണ്ട് ഗോൾ നേടിയ ഇക്വഡോർ നായകൻ എന്നര്‍ വലൻസിയയാണ് കൂൾ പ്ലെയർ ഓഫ് ദി മാച്ച്. ഇക്വഡോറിന്‍റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനാണ് എന്നര്‍ വലൻസിയ. പ്രീക്വാര്‍ട്ടറിലെത്തിയതാണ് ഇതുവരെയുള്ള ഇക്വഡോറിന്‍റെ വിശ്വവേദിയിലെ ഏറ്റവും വലിയ നേട്ടം.
ആരാണ് ഗാനീം അൽ മുഫ്‌താഹ്? മോർഗൻ ഫ്രീമാന്‍ ഒരു കുട്ടിയെ പോലെ ശ്രവിച്ചിരുന്ന ആ വലിയ മനുഷ്യന്‍