സ്വര്‍ണക്കപ്പ് ഖത്തറില്‍ പറന്നിറങ്ങി; ഫിഫ ലോകകപ്പിന് ദിനമെണ്ണി ആരാധകർ
ഫിഫ ലോകകപ്പിന്‍റെ ആവേശം ഉയരുകയാണ്. ലിയോണൽ മെസി അടക്കം പ്രമുഖ താരങ്ങള്‍ അര്‍ജന്‍റീനന്‍ ടീമിനൊപ്പം ചേര്‍ന്നു.
ദോഹ: 32 കളി സംഘങ്ങളും മോഹിക്കുന്ന സ്വര്‍ണക്കപ്പ് അറബ് മണ്ണിൽ പറന്നിറങ്ങി. വന്‍കരകളിലെ പര്യടനം പൂര്‍ത്തിയാക്കിയാണ് ഫിഫ ലോകകപ്പ് ട്രോഫി ദോഹയിൽ എത്തിയത്. രാഷ്ട്രത്തലവന്മാര്‍ക്കോ വിശ്വ ജേതാക്കൾക്കോ മാത്രമേ ഫിഫ ട്രോഫിയിൽ തൊടാനാകൂ എന്ന ചട്ടം ഉള്ളതിനാല്‍ ലോകകപ്പ് കിരീടം അനാവരണം ചെയ്തത് 1998ല്‍ ചാമ്പ്യന്മാരായ ഫ്രഞ്ച് ടീമംഗം മാഴ്സെൽ ദേസൊയിയാണ്.
ഫിഫ ലോകകപ്പിന്‍റെ ആവേശം ഉയരുകയാണ്. ലിയോണൽ മെസി അടക്കം പ്രമുഖ താരങ്ങള്‍ അര്‍ജന്‍റീനന്‍ ടീമിനൊപ്പം ചേര്‍ന്നു. ലോകമെങ്ങുമുള്ള അര്‍ജന്‍റീനന്‍ ആരാധകരുടെ പ്രതീക്ഷകള്‍ക്കിടെയാണ് ലിയോണൽ മെസി അബുദബിയിലെത്തി ടീം ക്യാംപിൽ ചേര്‍ന്നത്. പിഎസ്ജിയുടെ മത്സരത്തിന് ശേഷം ഏഞ്ചൽ ഡി മരിയ, ലിയാന്ദ്രോ പരെഡെസ് എന്നിവര്‍ക്കൊപ്പമാണ് മെസ്സി യുഎഇയിലെത്തിയത്. വൈകിട്ടത്തെ പരിശീലന സെഷനില്‍ മെസി പങ്കെടുക്കുമോയെന്ന് വ്യക്തമല്ല. ഇന്നും നാളെയുമായി ദോഹയിൽ എട്ട് ടീമുകൾ എത്തും.
ഞായറാഴ്ചത്തെ ഉദ്ഘാടക മത്സരത്തിൽ ഖത്തറിന്‍റെ എതിരാളികളായ ഇക്വഡോര്‍ നാളെ വിമാനമിറങ്ങും. ടിറ്റെ അടങ്ങുന്ന ബ്രസീലിയന്‍ പരിശീലക സംഘം ലോകകപ്പിന് മുന്‍പുള്ള പരിശീലന വേദിയായ ഇറ്റലിയിലെ ടൂറിനിൽ എത്തി. യൂറോപ്യന്‍ ക്ലബ്ബ് പോരാട്ടങ്ങള്‍ അവസാനിച്ചെത്തുന്ന നെയ്മര്‍ അടക്കമുള്ളവര്‍ക്കൊപ്പം വാരാന്ത്യത്തിൽ കാനറികള്‍ ഖത്തറിലിറങ്ങും. ഒമാനിലെ പരിശീലന ക്യാപിലെത്തിയ ജര്‍മ്മന്‍ ടീമിന് മറ്റന്നാള്‍ സന്നാഹ മത്സരമുണ്ട്. വൈവിധ്യം വിജയിക്കും എന്ന സന്ദേശമെഴുതിയ പ്രത്യേക ജെറ്റ് വിമാനത്തിൽ ആയിരുന്നു ഒമാനിലേക്കുള്ള യാത്ര.
ഖത്തറില്‍ ബ്രസീല്‍ ജേതാക്കളാകുമെന്ന് സര്‍വെ
ഖത്തര്‍ ലോകകപ്പില്‍ ബ്രസീല്‍ കിരീടം നേടുമെന്ന് പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്‍റെ പ്രവചന സർവെ പറയുന്നു. ലോകമെമ്പാടുമുള്ള 135 ഫുട്‌ബോള്‍ വിദഗ്ധര്‍ക്കിടയില്‍ റോയിട്ടേഴ്‌സ് നടത്തിയ സര്‍വേയിലാണ് ബ്രസീല്‍ കിരീടം നേടുമെന്ന പ്രവചനം. സര്‍വേയില്‍ പങ്കെടുത്ത പകുതിയോളം പേര്‍ ബ്രസീല്‍ കിരീടം നേടുമെന്നാണ് പ്രവചിച്ചത്. അര്‍ജന്റീന ചാമ്പ്യന്‍മാരാവുമെന്ന് 15 ശതമാനം പേരും ഫ്രാന്‍സ് കിരീടം നിലനിര്‍ത്തുമെന്ന് പതിനാല് ശതമാനം പേരും അഭിപ്രായപ്പെട്ടു. ജര്‍മനി, ഇംഗ്ലണ്ട്, ബെല്‍ജിയം ടീമുകളുടെ പിന്തുണ രണ്ടക്കത്തിലെത്തിയില്ല.