പുതിയ ചരിത്രം എഴുതാനുള്ള വീര്യം ആര്‍ക്ക്? ചോദ്യങ്ങൾ നിരവധി, ഉത്തരത്തിലേക്കുള്ള വഴി ആവേശകരം

ആർക്കാവും പുതിയ ചരിത്രമെഴുതാൻ യോഗം? സ്കലോനിയാകുമോ ഡാലിച്ചാകുമോ ചിരിക്കുക? അതോ ഖത്തർ കാണുക ഒരു കലാശപ്പോരാട്ടത്തിന്രെ ആവർത്തനമാകുമോ? അതോ ആഫ്രിക്കൻ  ലാറ്റിനമേരിക്കൻ   പോരോ? ആരുടെ വിടവാങ്ങലാകും കൂടുതൽ മധുരതരം? പുതിയ ചരിതമെഴുതാനുള്ള വീര്യവും കരുത്തും ആർക്ക് കൂടും? ചോദ്യങ്ങൾ നിരവധിയാണ്

fifa world cup 2022 semi finals who will create history

32 പേർ വന്നു. ഒന്നാംഘട്ടം കഴിഞ്ഞപ്പോൾ പകുതിപ്പേർ പോയി. പിന്നെയും പോയി പകുതി പേർ. ഇനിയിപ്പോൾ ബാക്കിയുള്ളത് ഇതുവരെയുള്ള മത്സരങ്ങളുടെ പോരാട്ടച്ചൂട് നേരിട്ട് വിജയിച്ചെത്തിയ നാലേ നാലു പേർ മാത്രം. ലോകകിരീടത്തിലേക്ക് ഒരു ചുവട് കൂടി അടുത്തവർ. രണ്ട് പേർ യൂറോപ്പിൽ നിന്ന്. ഒരാൾ ലാറ്റിനമേരിക്കയിൽ നിന്ന്. പിന്നെ ഇതാദ്യമായി ആഫ്രിക്കയിൽ ഒന്നും ഒരു കൂട്ടർ.

സ്പാനിഷ് ലീഗ്, ചാമ്പ്യൻസ് ലീഗ്, കോപ്പ അമേരിക്ക നേടിയ ചാമ്പ്യൻഷിപ്പുകൾ ഒന്നും രണ്ടുമല്ല. നേടിയെടുത്ത ബാലൻ ഡി ഓർ പുരസ്കാരങ്ങൾ ഒരു റെക്കോർഡാണ്, ഏഴ്. പക്ഷേ ലിയോണൽ മെസ്സിക്ക് പൂർണതൃപ്തി വരണമെങ്കിൽ, സമാധാനത്തോടെ സന്തോഷത്തോടെ ബൂട്ട് അഴിക്കണമെങ്കിൽ ലോകകപ്പ് കയ്യിലേന്തണം. ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരനായി വലിയൊരു വിഭാഗം വാഴ്ത്തുന്ന മെസ്സിക്ക് സ്വന്തം നാട്ടിലെ ഫുട്ബോൾ മിശിഹയുടെ സ്വന്തം പിൻഗാമിയാകണമെങ്കിൽ ആ കിരീടം നേടിയേ മതിയാകൂ. 2014ലെ രണ്ടാംസ്ഥാനക്കാരയല്ല. 36 വർഷത്തിന് ശേഷം രാജ്യത്തിനൊരു ലോകകപ്പ് കിരീടം നേടിക്കൊടുത്ത് വേണം മെസ്സിക്ക് യാത്രയയപ്പ് വേദിയൊരുക്കാനെന്ന് അദ്ദേഹത്തിന്റെ ടീമും വിചാരിക്കുന്നു. ആ വിചാരത്തിന് അവരുടെ അധ്വാനത്തിന്രെയും സമർപ്പണത്തിന്റെയും കരുത്ത് പ്രതീക്ഷകളുടെ ചിറക് നൽകുന്നു. ടീമെന്ന നിലക്കുള്ള ഒത്തിണക്കം കൂടിയിട്ടുണ്ട്. സമ്മർദങ്ങൾക്ക് അടിപ്പെടുമ്പോൾ നിരാശ താളം തെറ്റിക്കുന്ന ശീലം മാറിയെന്ന് നെതർലൻഡ്സിന് എതിരെയുള്ള വാശിയേറിയ ക്വാർട്ടർ തെളിയിച്ചു. മെസ്സി ഗോളടിച്ചും ഗോളടിപ്പിച്ചും ഉഷാറാണ്. മാർട്ടിനെസും അൽവാരെസും എൻസോയും ഒട്ടമെൻഡിയും മക്അലിസ്റ്ററും എല്ലാവരും പറന്ന് കളിക്കുന്നു. സ്കലോണി പുതിയ സമവാക്യങ്ങളുടെ കൂട്ടിക്കിഴിക്കലുകൾ നടത്തുന്നു. കാരണം പ്രതിരോധനിരയിലെ വിശ്വസ്തര്‍ അകുനക്കും മോണ്ടിയലിനും കാർഡ് കുരുക്കിൽ പെട്ടതിനാൽ സെമിയില്‍ കളിക്കാനാകില്ല. അപ്പോഴും ആരാധകരുടെ ആശംസകൾ മത്സരത്തിൽ അവശേഷിക്കുന്ന ഏക ലാറ്റിനമേരിക്കൻ ടീമിന് കരുത്തേകുന്നു.  

എതിരാളികളെ ബഹുമാനത്തോടെ തന്നെയാണ് അർജന്റീന സമീപിക്കുന്നത്, കരുതലോടെയും. കാരണം ലളിതം. ക്രൊയേഷ്യയുടെ ഡിഎൻഎ തന്നെ  സമ്മർദങ്ങളെ നേരിടാനും പോരാടാനുമാണ്. 2018ൽ ഫൈനൽ വരെ അവരെത്തിയത് എക്സ്ട്രാ ടൈമും പെനാൽറ്റി ഷൂട്ടൗട്ടുകളും കഴിഞ്ഞിട്ടാണ്. പോരാടിക്കളിച്ച ജപ്പാനും സാക്ഷാൽ ബ്രസീലിനും എതിരെ പിന്നിൽ നിന്ന് തിരിച്ചുവന്ന്, പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിൽ വിജയിച്ചുകയറിയിട്ടാണ് ഇക്കുറി സെമിയിലെത്തിയത്. സമ്മർദമാണ് അവരെ കരുത്തരാക്കുന്നത്. അതുകൊണ്ടാണ് വാൾസ്ട്രീറ്റ് ജേണല്‍ അവരെ ലോകകപ്പിലെ പെനാൽറ്റി രാജാക്കൻമാർ എന്ന് വിശേഷിപ്പിച്ചത്. അവരെ നയിക്കുന്നതും മഹാനായ കളിക്കാരനാണ്. മധ്യനിരയിൽ പറന്നു കളിക്കുകയും വേണ്ട സമയത്ത് പിന്നോട്ടിറങ്ങി കാവലാവുകയും ആക്രമണത്തിന്റെ കുന്തമുനയാവുകയും ചെയ്യുന്ന ലൂക്ക മോഡ്രിച്ച്. ലോകത്തെ ഏറ്റവും മികച്ച മധ്യനിര താരം മാത്രമല്ല, മികച്ച നായകനുമാണ്. ലൂക്കക്കൊപ്പം കൊവാസിച്ചും ബ്രോസോവിച്ചും കൂടി ചേരുമ്പോൾ ക്രൊയേഷ്യയുടെ മധ്യനിര കളിയുടെ നിയന്ത്രണത്തിന്റേയും തന്ത്രങ്ങളുടെയും വിളനിലമാകുന്നു. സൂപ്പർ ഗോളി ഇവാകോവിച്ചിലെത്തുന്നതിന് ഗ്വാ‍‍‍ഡിയോളിനെ മറികടക്കുക എന്നതും ദുഷ്കരം. മുഖംമൂടിയുടെ കരുതലിൽ കളിക്കുന്ന ഗ്വാഡിയോൾ ഈ ടൂർണമെന്റിലെ തന്നെ മികച്ച താരങ്ങളിലൊരാളാണ്, ക്രൊയേഷ്യയുടെ മുത്ത്.   

രണ്ടാമത്തെ സെമിയിൽ കളിക്കുന്ന രണ്ടു കൂട്ടരും ചരിത്രത്തിലേക്ക് പന്തുതട്ടാനും കൂടിയാണ് എത്തുന്നത്. നിലവിലെ ചാമ്പ്യൻമാർ ആദ്യം തന്നെ പുറത്താവുന്ന പതിവ് തിരുത്തിയെഴുതി മുന്നേറിയ ഫ്രാൻസ് കിരീടം നിലനിർത്തുന്ന രണ്ടാമത്തെ മാത്രം ടീമാവുക എന്നതാണ് സ്വപ്നം കാണുന്നത്. 60 വർഷത്തിന് ശേഷം സാധ്യമാകുന്ന ഒന്ന്. ലോകത്തെ തന്നെ ഏറ്റവും മികച്ച താരമായ എംബപ്പെ, മധ്യനിരയിൽ പറന്നുകളിച്ച് ഗോളവസരങ്ങൾ ഒരുക്കിക്കൊടുക്കന്ന ഗ്രീസ്മാൻ, രാജ്യത്തിന്റെ ഗോളടിവീരനായ ജിറൂദ്, ലോകോത്തരഗോളി ലോറിസ്, കാവൽക്കാരാകാൻ ചാവേറുകളായി കൂണ്ടേ , റാഫേല്‍ വരാൻ, തിയോ ഹെർനാണ്ടസ്... പേരില്‍ പെരുമ ഏറെയുണ്ട്. കാന്റേയും എങ്കുങ്കുവും ബെൻസമെയും പോഗ്ബയും ഒക്കെ പരിക്കിന്റെ പിടിയിലായിട്ടും  ദിദിയർ ദെഷാംപ്സിന് തന്ത്രങ്ങൾ മാറ്റിപ്പണിയാൻ പ്രയാസമുണ്ടായില്ല. അതിന്റെ ഏറ്റവും നല്ല തെളിവാണ് ഫ്രാൻസ് കളിച്ച കളി.

അപ്പോഴും ഫ്രാൻസ് കരുതിത്തന്നെയാണ് സെമിയിലിറങ്ങുക. കാരണം ഒരു ചരിത്രം ഇതിനോടകം തിരുത്തിയെഴുതിയവരാണ്  പുതിയൊരു ചരിത്രത്താളു കൂടി ഏഴുതിച്ചേർക്കാൻ അവർക്കെതിരെ അണിനിരക്കുന്നത്. മൊറോക്കോ ആദ്യ ആഫ്രിക്കൻ സെമിഫൈനലിസ്റ്റ് മാത്രമല്ല, അറബ് സെമിഫൈനലിസ്റ്റ് കൂടിയാണ്. അവരുടെ ഓരോ നീക്കത്തിനും ആർപ്പുവിളിക്കാനെത്തുന്നത് ഖത്തർ കണ്ട ഏറ്റവും ആവേശകരമായ ആരാധകരക്കൂട്ടമാണ്. എംബപ്പെയെ പൂട്ടാൻ പിഎസ്ജിയിലെ സഹതരാം അഷ്റഫ് ഹക്കിമി ധാരാളം മതി. ചെൽസിയുടെ താരമായ ഹക്കിം സിയെച്ചിന് അന്താരാഷ്ടമത്സരങ്ങളുടെ ചൂടും ചൂരും ആരും പരഞ്ഞുകൊടുക്കേണ്ട. മധ്യനിരയിലെ പറന്നുള്ള കളിക്ക് അമ്രബത്തിനെ ശ്രദ്ധിക്കാത്ത ഒരു ഫുട്ബോൾ വിശാരദനും ഉണ്ടാകില്ല. പരിക്ക് വലട്ടുന്ന നായകൻ റൊമേയ്ൻ സായിസ് അവരുടെ ഊർജദായിനിയാണ്. സ്പെയിനിലും ഫ്രാൻസിലും നെതർലൻഡ്സിലും ഒക്കെ ജനിച്ച് മൊറോക്കോക്ക് വേണ്ടി കളിക്കുന്നവർ ആണിവർ.  സ്പെയിന് എതിരെയുള്ള പെനാൽറ്റി ഷൂട്ടൗട്ടിലും പോർച്ചുഗലിന് എതിരായ ക്വാർട്ടറിലും നിർണായക സേവുകൾ നടത്തിയ ബൂനോ ജനിച്ചത് കാനഡയിൽ. പ്രതിരോധനിരയിൽ കളിച്ചെത്തി തടയൽ എന്ന വിജയമന്ത്രം ടീമിന് ഓതിക്കൊടുത്ത്, അവരെ ഐക്യപ്പെടുത്തി വളർത്തിയുടെത്ത് ഇതുവരെ എത്തിച്ച കോച്ച് റഗ്റാഗി ജനിച്ച് ഫ്രാന്‍സിലാണ്. പല നാടുകളിൽ ജനിച്ച  ഇവരെല്ലാവരും മൊറോക്കോയെ ടൂർണമെന്റിലെ കറുത്ത കുതിരകളാക്കി സെമിയിലെത്തിച്ചു. പോർച്ചുഗലിന് എതിരെ വിജയഗോളടിക്കാൻ ഉയർന്നു പൊങ്ങാൻ എൻ നെസ്റിക്ക് ചിറകുകൾ നൽകിയ ആശംസകൾ മൊറോക്കോയുടെ മാത്രമായിരുന്നില്ല.  ഒരു ഭൂഖണ്ഡത്തിന്റെ  തന്നെയുമായിരുന്നു.   പുതിയ ചരിത്രമെഴുതാൻ അൽബെയ്ത്തിലിറങ്ങുമ്പോഴും മൊറോക്കോക്ക് അത് കരുത്താകും.  സ്വന്തം പിഴവിൽ നിന്ന് കാനഡക്ക് നൽകിയ ഒന്നല്ലാതെ  ഒരൊറ്റ ഗോളും വഴങ്ങാതെ സെമി വരെയത്തിയ, വേണ്ടപ്പോൾ ഞെട്ടിക്കും വിധം ഗോളടിക്കുന്ന ആക്രമണനിരയുള്ള മൊറോക്കോ, ഫ്രാൻസിന് പോന്ന എതിരാളികളാണ്. അവരൊരിക്കലും കണ്ടുമുട്ടുമെന്ന് കരുതിയിട്ടില്ലാത്ത എതിരാളികൾ

ഖത്തറിൽ ഏറ്റവും കൂടുതൽ ഗോളവസരമൊരുക്കിയ ഗ്രീസ്മാനെ, ഏറ്റവും കൂടുതൽ ഗോളടിച്ച എംബപ്പെയെ ഹക്കിമിയും അമ്രബത്തും കെട്ടിയിടുമോ? ലോറിസും ബൂനോയും നേർക്കുനേരെത്തിയാൽ ആർക്ക് മുൻതൂക്കം? മെസ്സിയും അൽവാരെസും വെല്ലുമോ ലിവാകോവിച്ചിനെയും ഗ്വാഡിയോളിനെയും ലോവ്റെനെയുമെൊക്കെ ? മോഡ്രിച്ചിനെയും പെരിസിച്ചിനെയും ക്രമാരിച്ചിനെയും തടയാൻ ഒട്ടമെൻഡിക്കും റൊമേരോക്കും പറ്റുമോ? റഗ്രാറിക്കോ ദെഷാംപ്സിനോ ആർക്കാവും പുതിയ ചരിത്രമെഴുതാൻ യോഗം? സ്കലോനിയാകുമോ ഡാലിച്ചാകുമോ ചിരിക്കുക? അതോ ഖത്തർ കാണുക ഒരു കലാശപ്പോരാട്ടത്തിന്രെ ആവർത്തനമാകുമോ? അതോ ആഫ്രിക്കൻ  ലാറ്റിനമേരിക്കൻ   പോരോ? ആരുടെ വിടവാങ്ങലാകും കൂടുതൽ മധുരതരം? പുതിയ ചരിതമെതാനുള്ള വീര്യവും കരുത്തും ആർക്ക് കൂടും? ചോദ്യങ്ങൾ നിരവധിയാണ്. ഉത്തരത്തിലേക്കുള്ള വഴി ആവേശകരവും.

ഫിഫ പോലും വിറച്ച് പോയി! ഇതെങ്ങനെ എന്ന് ചോദിച്ച് ആരാധകര്‍, സെമി ലൈനപ്പ് പ്രവചിച്ച ഇന്ത്യന്‍ ടീം പരിശീലകന്‍

Latest Videos
Follow Us:
Download App:
  • android
  • ios