അര്‍ജന്‍റീന ഭയക്കണം, ക്രൊയേഷ്യയുടെ സാധ്യതാ ഇലവന്‍- ഏറ്റവും പുതിയ റിപ്പോര്‍ട്ട്
സോസായും ഓര്‍സിച്ചും പൂര്‍ണമായും പരിക്കിന്‍റെ പിടിയില്‍ നിന്ന് അകന്നതായാണ് റിപ്പോര്‍ട്ട്
ദോഹ: ഖത്തര്‍ ഫിഫ ലോകകപ്പിന്‍റെ ആദ്യ ഫൈനലിസ്റ്റിനെ തീരുമാനിക്കപ്പെടുന്ന ദിവസമാണിന്ന്. ആദ്യ സെമിയില്‍ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയെ ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍മാരായ അര്‍ജന്‍റീന നേരിടും. ലിയോണല്‍ മെസി-ലൂക്കാ മോഡ്രിച്ച് എന്നീ ഇതിഹാസങ്ങള്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടം കൂടിയാണിത്. കരുത്തരായ അര്‍ജന്‍റീനക്കെതിരെ ഇറങ്ങും മുമ്പ് വളരെ സന്തോഷവാനാണ് ക്രൊയേഷ്യയുടെ പരിശീലകന്‍ ഡാലിച്ച്. ബ്രസീലിനെതിരെ ഇറങ്ങിയ അതേ സ്ക്വാഡിനെ ഇന്നും ഇറക്കാനാകും എന്നാണ് ഡാലിച്ചിന്‍റെ പ്രതീക്ഷ.
നിലവില്‍ ക്രൊയേഷ്യന്‍ താരങ്ങളാരും പരിക്കിന്‍റെ പിടിയിലില്ല. സോസായും ഓര്‍സിച്ചും പൂര്‍ണമായും പരിക്കിന്‍റെ പിടിയില്‍ നിന്ന് അകന്നതായാണ് റിപ്പോര്‍ട്ട്. ഇത് മത്സരത്തിന് മുമ്പ് പരിശീലകന്‍ ഡാലിച്ചിന്‍റെ ആത്മവിശ്വാസം കൂട്ടും.
ക്രൊയേഷ്യ സാധ്യതാ ഇലവന്‍: ഡൊമിനിക് ലിവാകോവിച്ച്, യോസിപ് യുറാനോവിച്ച്, ഡീജന്‍ ലോവ്‌റന്‍, യോഷ്‌കോ ഗ്വാര്‍ഡിയോള്‍, ബോര്‍ന സോസാ, ലൂക്കാ മോഡ്രിച്ച്, മാര്‍സലോ ബ്രോസവിച്ച്, മറ്റയോ കൊവാസിച്ച്, മാരിയോ പസാലിക്, ആന്ദ്രേ ക്രാമരിച്ച്, ഇവാന്‍ പെരിസിച്ച്.
അതേസമയം അര്‍ജന്‍റീനയുടെ കാര്യം അത്ര പന്തിയല്ല. ക്രൊയേഷ്യക്കെതിരെ ഒരു പ്രതിസന്ധിയെ സ്കലോണിക്ക് നേരിടാനുണ്ട്. സസ്പെൻഷനിലായ ഗോൺസാലോ മോണ്ടിയേലിന്‍റെയും അക്യൂനയുടേയും അഭാവം മറികടക്കുക പ്രയാസകരം തന്നെയാണ്. ഇന്നലെ അന്തിമ പരിശീലന സെഷനില്‍ ഈ പ്രശ്നത്തെ ക്ലീന്‍ ആയി ടാക്കിള്‍ ചെയ്യാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. പതിവ് 4 -3 -3 ഫോർമേഷനൊപ്പം നെതർലൻഡ്സിനെതിരെ ഇറങ്ങിയ 5 -3 -2 ഫോർമേഷനും 4 -4 -2 ഫോർമേഷനും പരിശീനത്തിനിടെ സ്കലോണി പരീക്ഷിച്ചു. റോഡ്രിഗോ ഡി പോളും ഏഞ്ചൽ ഡി മരിയയും പരിക്കിൽ നിന്ന് മുക്തരായിട്ടുണ്ട്. ഇവർ എത്രസമയം കളിക്കുമെന്നതിനെ ആശ്രയിച്ചാണ് ടീമിന്‍റെ ഘടന നിശ്ചയിക്കുക.