മെസിയുടെ കളി കാണണം; സല്‍മാന്‍ കുറ്റിക്കോട് ലോകകപ്പിനായി ഖത്തറിലേക്ക്

ഫുട്ബോള്‍ മഹാ മാമാങ്കത്തില്‍ ഏറ്റവും ശ്രദ്ധേയനാകാന്‍ പോകുന്ന മലയാളി ചെർപ്പുളശ്ശേരിക്കാരന്‍ സല്‍മാന്‍ കുറ്റിക്കോടായിരിക്കും

FIFA World Cup 2022 Salman Kuttikode will travel to Qatar to attend Football World Cup

ചെർപ്പുളശ്ശേരി: ആരാധകരെ ശാന്തരാകുവിന്‍, കേരളത്തിലെ ഫുട്ബോള്‍ പ്രേമികളുടെ ആവേശമായ സല്‍മാന്‍ കുറ്റിക്കോട് ഫിഫ ലോകകപ്പ് നേരില്‍ കാണാന്‍ ഖത്തറിലേക്ക്. നവംബർ 20-ാം തിയതി വരെ നാട്ടിലുള്ള പരിപാടികളെല്ലാം പൂർത്തിയാക്കി സല്‍‍മാന്‍ തൊട്ടടുത്ത ദിനങ്ങളില്‍ ഖത്തറിലേക്ക് പറക്കും. യാത്രതിരിക്കേണ്ട തിയതിയേ ഇനി തീരുമാനമാകാനുള്ളൂ. ലിയോണല്‍ മെസിയുടെ കട്ട ഫാനായ സല്‍മാന്‍ കുറ്റിക്കോട് അർജന്‍റീനയുടെ മത്സരം ഖത്തറില്‍ നേരില്‍ കാണാം എന്ന പ്രതീക്ഷയോടെയാണ് അറേബ്യന്‍ മണലാര്യണത്തില്‍ പറന്നിറങ്ങുക. 

FIFA World Cup 2022 Salman Kuttikode will travel to Qatar to attend Football World Cup

ഖത്തറില്‍ സല്‍മാന്‍ സ്റ്റാറാവും

ഫുട്ബോളിന്‍റെ വിശ്വ പോരാട്ടത്തിന് ഖത്തറില്‍ കിക്കോഫാകുമ്പോള്‍ ലിയോണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നെയ്മറുമടക്കമുള്ള ഇതിഹാസ താരങ്ങളാണ് മൈതാനത്ത് ബൂട്ടുകെട്ടുന്നത്. ഗാലറിയില്‍ ലോക ഫുട്ബോളിനെ അടക്കിഭരിച്ച ഇതിഹാസ താരങ്ങളുടെ നീണ്ടനിരതന്നെ കസേരകളിലുണ്ടാവും. ഫിഫ ലോകകപ്പുകളുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ നേരിട്ട് വീക്ഷിക്കാന്‍ പോകുന്ന ലോകകപ്പ് എന്നതും ഖത്തറിന്‍റെ സവിശേഷത. എന്നാല്‍ ഫുട്ബോള്‍ മാമാങ്കത്തില്‍ ഏറ്റവും ശ്രദ്ധേയനാകാന്‍ പോകുന്ന മലയാളി ചെർപ്പുളശ്ശേരിക്കാരന്‍ സല്‍മാന്‍ കുറ്റിക്കോടായിരിക്കും. ഭിന്നശേഷിക്കാരനായ സല്‍മാന്‍ കേരളത്തിലെ കാല്‍പന്ത് പ്രേമികളുടെ ഏറ്റവും പ്രിയങ്കരനാണ്. സാക്ഷാല്‍ ഐ എം വിജയന്‍റെ ഉറ്റ ചങ്ങാതി. 

സല്‍മാന്‍ കുറ്റിക്കോടിന്‍റെ രണ്ടാം ഗള്‍ഫ് സന്ദർശനമാണിത്. മുമ്പ് ദുബായില്‍ ഒരു ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് സല്‍മാനും ഗള്‍ഫും തമ്മിലുള്ള ആത്മബന്ധത്തിന്. സല്‍മാന്‍റെ മൂത്ത ജേഷ്‍ഠന്‍ ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്. ജേഷ്‍ഠന്‍ നാട്ടിലെത്തി തിരിച്ചുപോകുമ്പോഴൊക്കെ ഞാനും പോകുവാണ് എന്ന് വീട്ടുകാരോട് യാത്ര പറഞ്ഞ് കണ്ണീരോടെ സല്‍മാനും പടിയിറങ്ങുമായിരുന്നു. ഗള്‍ഫില്‍ പോകണമെന്ന അതിയായ ആഗ്രഹം സല്‍മാന്‍ ഇടയ്ക്ക് പറയുകയും ചെയ്യും. ഗള്‍ഫിലാണേല്‍ വലിയ സൗഹൃദവലയമുണ്ടുതാനും. എന്നാല്‍ ആദ്യമായി സല്‍മാന് ഗള്‍ഫ് നേരില്‍ കാണാന്‍ അവസരം കിട്ടിയത് ഈയടുത്താണ് എന്നുമാത്രം. ലോകകപ്പിനായി ഖത്തറിലെത്തിയാല്‍ മത്സരങ്ങളും ഉദ്ഘാടനങ്ങളുമായി സല്‍മാന് നിന്നുതിരിയാന്‍ സമയമുണ്ടാവില്ല.

FIFA World Cup 2022 Salman Kuttikode will travel to Qatar to attend Football World Cup

മെസി വിട്ടൊരു പരിപാടിയില്ല

കട്ട അർജന്‍റീനന്‍ ഫാനാണ് സല്‍മാന്‍ കുറ്റിക്കോട്. ഉയിരിന്‍റെ ഉയിരായി സാക്ഷാല്‍ ലിയോണല്‍ മെസി ചങ്കില്‍ത്തന്നെയുണ്ട്. കഴിഞ്ഞ ദിവസം ഒരു ഉദ്ഘാടനത്തിന് പോയപ്പോള്‍ സല്‍മാനെ പാളയത്തിക്കാനുള്ള ബ്രസീല്‍ ആരാധകരുടെ പണി ചെറുതായി പാളി. പരിപാടിക്കിടെ അർജന്‍റീനയുടെ ജേഴ്സി കൈപ്പറ്റിയ സല്‍മാന്‍ ബ്രസീലിന്‍റെ കുപ്പായം വാങ്ങാന്‍ വിസമ്മതിച്ചു. ഒടുവില്‍ ചേട്ടന്‍റെ നിർബന്ധപ്രകാരമാണ് സല്‍മാന്‍ മഞ്ഞ ജേഴ്സി സ്വീകരിച്ചത്. നാളിതുവരെ 300ഓളം പരിപാടികളില്‍ സല്‍മാന്‍ കുറ്റിക്കോട് പങ്കെടുത്തിട്ടുണ്ട്. ഫുട്ബോള്‍ ടൂർണമെന്‍റുകളും ഉദ്ഘാടനങ്ങളുമാണ് ഇതില്‍ ഏറെയും. പരിപാടിയില്‍ പങ്കെടുക്കാന്‍ ദിവസേന നിരവധി ക്ഷണങ്ങള്‍ സല്‍മാനെ തേടിയെത്തും. ചേട്ടന്‍ റഷീദിനാണ് ഫോണ്‍ കോളുകള്‍ എടുക്കേണ്ട ചുമതല. കേരളത്തില്‍ അങ്ങോളമിങ്ങോളം പരിപാടിക്ക് കൃത്യസമയത്ത് സല്‍മാനെ എത്തിക്കാനുള്ള ചുമതല സുഹൃത്തുക്കള്‍ക്കും. സല്‍മാന്‍ ഇത്രയേറെ അറിയപ്പെടാനുള്ള കാരണവും കട്ട ചങ്കുകളായ സുഹൃത്തുക്കള്‍ തന്നെ. 

ഒരു റീല്‍സിലൂടെയാണ് സല്‍മാന്‍ കുറ്റിക്കോട് ആദ്യം ശ്രദ്ധ നേടുന്നത്. ജേഷ്‍ഠന്‍റെ മകന്‍ ഗള്‍ഫില്‍ പോകുമ്പോള്‍ കെട്ടിപ്പിടിച്ച് കരയുന്ന സല്‍മാനായിരുന്നു ഈ വീഡിയോയില്‍. പിന്നീട് ഫുട്ബോള്‍ ടൂർണമെന്‍റുകളില്‍ അതിഥിയായി സല്‍മാനെ പലരും വിളിച്ചുതുടങ്ങി. ആദ്യമൊക്കെ കുടുംബാംഗങ്ങള്‍ക്ക് ചെറിയ സങ്കടമൊക്കെ തോന്നിയെങ്കിലും ഇപ്പോള്‍ എല്ലാവരും വളരെ ഹാപ്പിയാണ്. സല്‍മാന്‍ പ്രശസ്തന്‍ ആയി മാറിയതുകൊണ്ടല്ല, എല്ലാവരുടേയും അകമൊഴിഞ്ഞ സ്നേഹവും ഏറെപ്പേർക്ക് പ്രചോദനവുമാണ് എന്നത് വലിയ സന്തോഷം നല്‍കുന്നതായി സല്‍മാന്‍റെ സഹോദരന്‍ റഷീദ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

FIFA World Cup 2022 Salman Kuttikode will travel to Qatar to attend Football World Cup

സല്‍മാനെ കേരളത്തിന്‍റെ കായിക മന്ത്രി വി. അബ്‍ദുറഹ്‍മാന്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടുമുട്ടുന്ന വീഡിയോ അടുത്തിടെ വൈറലായിരുന്നു. ഒരു പരിപാടി കഴിഞ്ഞ് സല്‍മാന്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ഇത്. ദൂരെ നിന്ന് തന്നെ സല്‍മാനെ മനസിലായ മന്ത്രി അദേഹവുമായി ഏറെനേരം കുശലാന്വേഷണം നടത്തുകയും വിശേഷങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. കേരളത്തിന്‍റെ കായിക മന്ത്രിയില്‍ ഒതുങ്ങുന്നതല്ല സല്‍മാന്‍ കുറ്റിക്കോടിന്‍റെ സൗഹൃദവലയം. എംഎല്‍എമാർ, എംപിമാർ തുടങ്ങി വിവിധ രാഷ്ട്രീയ നേതാക്കളുടെ ഒക്കെ പ്രിയങ്കരനാണ് സല്‍മാന്‍. പോരാത്തതിന് ഫുട്ബോള്‍ കളിക്കളത്തില്‍ നിന്ന് ഐ എം വിജയനും ആസിഫ് സഹീറും മുഹമ്മദ് റാഫിയുമടക്കം വലിയ ചങ്ങാതിമാരും സല്‍മാന്‍ കുറ്റിക്കോടിനുണ്ട്. ഐ എം വിജയന്‍ ഇടയ്ക്ക് സല്‍മാനെ ഫോണില്‍ വിളിക്കാറുമുണ്ട്. 

തിരിച്ചെത്തിയാലും തിരക്കോടുതിരക്ക്

10 ദിവസമാണ് സല്‍മാന്‍ കുറ്റിക്കോട് ലോകകകപ്പ് വേളയില്‍ ഖത്തറിലുണ്ടാവുക. ഖത്തറീന്ന് തിരിച്ചുവന്നാലും സല്‍മാന് മാരത്തണ്‍ പരിപാടികള്‍ നാട്ടിലുണ്ട്. തിരിച്ചുവന്നയുടന്‍ അഞ്ചാം തിയതി മട്ടാഞ്ചേരിയില്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കണം. ഖത്തർ യാത്രയുടെ വിശേഷങ്ങള്‍ ചോദിച്ചറിയാന്‍ വിളിക്കുമ്പോള്‍ സല്‍മാന്‍ എറണാകുളത്ത് ഭിന്നശേഷിക്കാരുടെ കലോല്‍സവത്തില്‍ അതിഥിയായി പോകാനുള്ള ഒരുക്കത്തിലായിരുന്നു. മാസങ്ങളേറെയായി അത്രയേറെ തിരക്കുണ്ട് സല്‍മാന്. 

FIFA World Cup 2022 Salman Kuttikode will travel to Qatar to attend Football World Cup

ചെർപ്പുളശ്ശേരിക്കടുത്ത് കുറ്റിക്കോടാണ് സല്‍മാന്‍റെ വീട്. സല്‍മാനിപ്പോള്‍ 34 വയസായി. സല്‍മാന് ഉമ്മയും സഹോദരങ്ങളും പൂർണ പിന്തുണ നല്‍കുന്നു. ഉപ്പ മരിച്ചിട്ട് 10 വർഷമായി. സല്‍മാന്‍റെ സുഹൃത്തുക്കള്‍ എല്ലാ സഹായങ്ങളും പിന്തുണയുമായി എപ്പോഴും കൂടെയുണ്ട്. ഒരു ദിവസം സ്കൂളില്‍ പോയ ഓർമ്മയേയുള്ളൂ സല്‍മാന്. സല്‍മാന്‍റെ സങ്കടം കണ്ടപ്പോള്‍ പ്രയാസം തോന്നിയ ബാപ്പയും ഉമ്മയും സല്‍മാനെ പിന്നീട് സ്കൂളിലേക്ക് പറഞ്ഞയച്ചില്ല. എന്നാല്‍‍ അവിടെനിന്ന് എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് കുതിക്കുകയാണ് സല്‍മാന്‍ കുറ്റിക്കോട്. ആ അവിസ്മരണീയ യാത്ര ഇനി ഖത്തറിലേക്കാണ്, ഫുട്ബോളിന്‍റെ മിശിഹാ പന്തുതട്ടുന്ന ഫിഫ ലോകകപ്പ് മൈതാനങ്ങളിലേക്ക്. 

ചിത്രങ്ങള്‍ക്ക് കടപ്പാട്

ഖത്തറിലെ ഫൈനല്‍ അറിയില്ല, പക്ഷേ  കോട്ടപ്പടിയിലെ സ്ലപ്ന ഫൈനലില്‍ കീരീടത്തില്‍ മുത്തമിട്ട് ബ്രസീല്‍
 

Latest Videos
Follow Us:
Download App:
  • android
  • ios