ഹെൻഡേഴ്സണ്‍, ഹാരി കെയ്ന്‍ ഹിറ്റ്; സെനഗലിനെതിരെ ആദ്യപകുതിയില്‍ രണ്ടടിച്ച് ഇംഗ്ലണ്ട്
4-3-3 ശൈലിയില്‍ ബുക്കായോ സാക്ക, ഹാരി കെയ്ന്‍, ഫില്‍ ഫോഡന്‍ എന്നിവരെ ആക്രമണത്തിന് നിയോഗിച്ചാണ് ഗാരെത് സൗത്ത്‍ഗേറ്റ് ഇംഗ്ലണ്ടിനെ അണിനിരത്തിയത്
ദോഹ: ഖത്തർ ഫുട്ബോള്‍ ലോകകപ്പിന്‍റെ പ്രീ ക്വാർട്ടറില്‍ ആദ്യപകുതിയില്‍ സെനഗലിനെതിരെ ഇംഗ്ലണ്ട് 2-0ന് മുന്നില്‍. 38-ാം മിനുറ്റില്‍ ബെല്ലിംഗ്ഹാമിന്‍റെ അസിസ്റ്റില്‍ ജോർദാന്‍ ഹെന്‍ഡേഴ്സനാണ് ഇംഗ്ലണ്ടിനായി ആദ്യം വല കുലുക്കിയത്. അതുവരെ ആക്രമണത്തിന് മൂർച്ച പോരായിരുന്ന ഇംഗ്ലണ്ട് ശക്തമായി ഗോളിലൂടെ തിരിച്ചെത്തുകയായിരുന്നു. ഇതിന് പിന്നാലെ ഇഞ്ചുറിടൈമില്‍ ഹാരി കെയ്ന്‍ ലീഡ് രണ്ടാക്കി ഉയർത്തി.
റാഷ്ഫോഡ് ബഞ്ചില്‍
4-3-3 ശൈലിയില്‍ ബുക്കായോ സാക്ക, ഹാരി കെയ്ന്‍, ഫില്‍ ഫോഡന്‍ എന്നിവരെ ആക്രമണത്തിന് നിയോഗിച്ചാണ് ഗാരെത് സൗത്ത്‍ഗേറ്റ് ഇംഗ്ലണ്ടിനെ അണിനിരത്തിയത്. ജോർദാന്‍ ഹെന്‍ഡേഴ്സണ്‍, ഡെക്ലൈന്‍ റൈസ്, ജൂഡ് ബെല്ലിംഗ്‍ഹാം എന്നിവർ മധ്യനിരയിലും കെയ്ല്‍ വോക്കർ, ജോണ്‍ സ്റ്റോണ്‍സ്, ഹാരി മഗ്വെയ്‍ർ, ലൂക്ക് ഷോ എന്നിവർ പ്രതിരോധത്തിലുമെത്തി. ജോർദന്‍ പിക്ഫോർഡായിരുന്നു ഗോളി. വെയ്‍ല്‍സിനെതിരെ കഴിഞ്ഞ മത്സരത്തില്‍ ഇരട്ട ഗോളടിച്ച മാർക്കസ് റാഷ്ഫോഡിന്‍റെ സ്ഥാനം പകരക്കാരുടെ നിരയിലായിരുന്നു. ഒപ്പം ജാക്ക് ഗ്രീലിഷും മേസന്‍ മൗണ്ടും ബഞ്ചിലുണ്ടായിരുന്നു.
മറുവശത്ത് അലിയോ സിസ്സെ സെനഗലിനെ 4-2-3-1 ഫോർമേഷനില്‍ കളത്തിലിറക്കിയപ്പോള്‍ ബുലേ ദിയയായിരുന്നു സ്ട്രൈക്കർ. ഇസ്‍മൈല സാർ, ഇലിമാന്‍ ദ്യായെ, ക്രേപിന്‍ ദ്യാത്ത എന്നിവരായിരുന്നു തൊട്ടുപിന്നില്‍. നോപാലീസ് മെന്‍ഡി, പാതേ സിസ്സ് എന്നിവർ മധ്യനിരയിലും പ്രതിരോധത്തിലുമായി സഹായിക്കാന്‍ പാകത്തിനെത്തി. ഇസ്മായില്‍ ജോക്കബ്സ്, അബ്‍ദു ദിയാലു, കലീദു കുലിബാലി, യൂസുഫ് സബലി എന്നിവർ പ്രതിരോധക്കോട്ട കാക്കാനിറങ്ങിയപ്പോള്‍ എഡ്വർഡ് മെന്‍ഡിയായിരുന്നു ഗോള്‍ബാറിന് കാവല്‍ക്കാരന്‍.
ആദ്യപകുതി ഇംഗ്ലണ്ടിനൊപ്പം
ഇംഗ്ലണ്ടിന്‍റെ മുന്നേറ്റങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. എന്നാല്‍ ഇരു പാർശ്വത്തില്‍ നിന്നുമുള്ള ക്രോസുകള്‍ ഗോള്‍ പോസ്റ്റിലേക്ക് തട്ടിയിടാന്‍ ഇംഗ്ലീഷ് സ്ട്രൈക്കർമാർക്കായില്ല. കൗണ്ടർ അറ്റാക്കുകളിലായിരുന്നു സെനഗലിന്‍റെ ശ്രദ്ധ. 31-ാം മിനുറ്റില്‍ അപകടം പിടിച്ചൊരു മുന്നേറ്റം പിക്ഫോർഡ് തട്ടിയകറ്റിയത് ഇംഗ്ലണ്ടിന് തുണയായി. 38-ാം മിനുറ്റില്‍ വീണ ഗോളിലൂടെയാണ് ഇംഗ്ലണ്ട് ഉണർന്ന് കളിക്കാന്‍ തുടങ്ങിയത്. ആദ്യപകുതി പൂർത്തിയാകും മുമ്പ് ഇതോടെ രണ്ട് ഗോള്‍ ലീഡെടുക്കാന്‍ ഇംഗ്ലണ്ടിനായി.