ഓസ്‌ട്രേലിയയെ നാട് കടത്താന്‍ അര്‍ജന്‍റീന, കണ്ണുകള്‍ മെസിയില്‍; ടീം ലൈനപ്പായി
4-3-3 ശൈലിയില്‍ സ്‌കലോണി അര്‍ജന്‍റീനയെ കളത്തിലിറക്കുമ്പോള്‍ പപു ഗോമസും ലിയോണല്‍ മെസിയും ജൂലിയന്‍ ആല്‍വാരസുമാണ് മുന്നേറ്റത്തില്‍
ദോഹ: ഫിഫ ലോകകപ്പില്‍ ക്വാര്‍ട്ടറിലെത്തുന്ന രണ്ടാമത്തെ ടീമിനെ ഇന്നറിയാം. പ്രീ ക്വാര്‍ട്ടറിലെ രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയെ അര്‍ജന്‍റീന നേരിടും. കരുത്തുറ്റ ടീമിനെയാണ് അര്‍ജന്‍റീന മത്സരത്തില്‍ അണിനിരത്തുന്നത്. എന്നാല്‍ പരിക്കേറ്റ ഏഞ്ചല്‍ ഡി മരിയ സ്റ്റാര്‍ട്ടിംഗ് ഇലവനിലില്ല. അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍സമയം രാത്രി 12.30ന് മത്സരത്തിന് കിക്കോഫാകും. ആദ്യ പ്രീ ക്വാര്‍ട്ടറില്‍ യുഎസ്‌എയെ ഒന്നിനെതിരെ മൂന്ന് ഗോളിന് വീഴ്‌ത്തിയ നെതര്‍ലന്‍ഡ്‌സ് മാത്രമാണ് ഖത്തര്‍ ലോകകപ്പില്‍ ഇതുവരെ ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചിട്ടുള്ളത്.
4-3-3 ശൈലിയില്‍ സ്‌കലോണി അര്‍ജന്‍റീനയെ കളത്തിലിറക്കുമ്പോള്‍ പപു ഗോമസും ലിയോണല്‍ മെസിയും ജൂലിയന്‍ ആല്‍വാരസുമാണ് മുന്നേറ്റത്തില്‍. മധ്യനിരയില്‍ റോഡ്രിഗോ ഡി പോളും എന്‍സോ ഫെര്‍ണാണ്ടസും മാക് അലിസ്റ്ററും ഇടംപിടിച്ചപ്പോള്‍ നഹ്വെല്‍ മൊളീനയും ക്രിസ്റ്റ്യന്‍ റൊമീറോയും നിക്കോളസ് ഒട്ടോമെണ്ടിയും മാര്‍ക്കോസ് അക്യൂനയുമാണ് പ്രതിരോധം കാക്കുക. ഗോള്‍ബാറിന് കീഴെ എമി മാര്‍ട്ടിസിന്‍റെ കാര്യത്തില്‍ മാറ്റമില്ല. അതേസമയം ഗ്രഹാം അര്‍നോള്‍ഡ് 4-4-2 ശൈലിയില്‍ ഇറക്കുന്ന ഓസ്ട്രേലിയയുടെ ആക്രമണം നയിക്കുക മിച്ചല്‍ ഡ്യൂക്കും റിലൈ മക്‌ഗ്രീയുമായിരിക്കും. അര്‍ജന്‍റീനന്‍ ആക്രമണവും ഓസീസ് പ്രതിരോധവും തമ്മിലാവും പ്രധാന പോരാട്ടം.
കണ്ണുകള്‍ ഒരേയൊരു മെസിയില്‍
ക്യാപ്റ്റന്‍ ലിയോണല്‍ മെസിയുടെ തകര്‍പ്പന്‍ ഫോമാണ് അര്‍ജന്‍റീനയുടെ പ്രതീക്ഷ. ഖത്തറില്‍ ഇതുവരെ രണ്ട് ഗോളും ഒരു അസിസ്റ്റും മെസിയുടെ കാലില്‍ നിന്നുണ്ടായി. ഓസ്‌ട്രേലിയക്കെതിരെ ഇറങ്ങുമ്പോള്‍ സവിശേഷ റെക്കോര്‍ഡ് മെസിയെ കാത്തിരിക്കുന്നു. പ്രൊഫഷനല്‍ കരിയറില്‍ ഇന്നത്തോടെ 1000 മത്സരങ്ങള്‍ സൂപ്പര്‍ താരം പൂര്‍ത്തിയാക്കും. അര്‍ജന്‍റീനയ്ക്കായി ഇതിനോടകം 168 മത്സരങ്ങള്‍ കളിച്ച മെസി ക്ലബ് തലത്തില്‍ ബാഴ്‌സലോണയില്‍ 778 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിരുന്നു. നിലവില്‍ ഫ്രഞ്ച് ക്ലബ് പിഎസ്‌ജിക്കൊപ്പം ലിയോയ്ക്ക് 53 മത്സരങ്ങളായി.