അവനെന്‍റെ കുഞ്ഞനിയന്‍, ഖത്തറില്‍ അവനത് നേടും, ഫൈനലിന് തൊട്ടുമുമ്പ് മെസിക്ക് ആശംസയുമായി ബ്രസീലിയന്‍ ഇതിഹാസം
ലോകകപ്പ് സെമിയില്‍ അര്‍ജന്‍റീന-ക്രൊയേഷ്യ പോരാട്ടം നേരില്‍ക്കാണാന്‍ ഡീഞ്ഞോ എത്തിയിരുന്നു. മെസിയുടെയും അല്‍വാരസിന്‍റെയും ഗോളുകള്‍ക്ക് ഡീഞ്ഞോ വിഐപി ഗ്യാലറിയിലിരുന്ന് കൈയടിക്കുന്ന കാഴ്ചയും ആരാധകര്‍ കണ്ടു. മെസിക്ക് 50 വയസു വരെ കളിക്കാനാവുമെന്ന് റൊണാള്‍ഡീഞ്ഞോ കഴിഞ്ഞ ദിവസം മറ്റൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ദോഹ: ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ നേരിടാനിറങ്ങുന്ന അര്‍ജന്‍റീനയുടെ നായകന്‍ ലിയോണല്‍ മെസിക്ക് ആശംസയുമായി ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ. ഖത്തറില്‍ മെസി ലോകകപ്പെന്ന തന്‍റെ സ്വപ്നം സാക്ഷാത്കരിക്കുന്നത് കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ആരാധകരുടെ പ്രിയ ഡീഞ്ഞോ ടെലിഫൂട്ടിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മെസി ഖത്തറില്‍ തന്‍റെ സ്വപ്നം സാക്ഷാത്കരിക്കുന്നത് കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എനിക്ക് അവന്‍ എന്‍റെ സഹോദരനാണ്, എന്‍റെ ഇളയ സഹോദരന്‍. അവനാകെ വേണ്ടത് ഈ ലോകകപ്പാണ്. അവനത് നേടുമെന്നാണ് എന്‍റെ പ്രതീക്ഷ. അതുവഴി അവന്‍റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുമെന്നും ഞാന്‍ കരുതുന്നു-റൊണാള്‍ഡീഞ്ഞോ പറഞ്ഞു.
ലോകകപ്പ് സെമിയില്‍ അര്‍ജന്‍റീന-ക്രൊയേഷ്യ പോരാട്ടം നേരില്‍ക്കാണാന്‍ ഡീഞ്ഞോ എത്തിയിരുന്നു. മെസിയുടെയും അല്‍വാരസിന്‍റെയും ഗോളുകള്‍ക്ക് ഡീഞ്ഞോ വിഐപി ഗ്യാലറിയിലിരുന്ന് കൈയടിക്കുന്ന കാഴ്ചയും ആരാധകര്‍ കണ്ടു. മെസിക്ക് 50 വയസു വരെ കളിക്കാനാവുമെന്ന് റൊണാള്‍ഡീഞ്ഞോ കഴിഞ്ഞ ദിവസം മറ്റൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
എല്ലാവരും പറയുന്നു ഇതവന്‍റെ അവസാന ലോകകപ്പാണെന്ന്. എന്നാലെനിക്ക് ഉറപ്പുണ്ട്, അവന്‍ തിരിച്ചുവരും, ഈ കിരീടം നേടാന്‍ അവന്‍ എന്തിനും തയാറാണ്. അവന് 50 വയസുവരെയെങ്കിലും കളിക്കാനാകുമെന്നാണ് ഞാന്‍ കരുതുന്നത്. കാരണം, അവന് മറ്റുള്ളവര്‍ക്കില്ലാത്ത ഒരുപാട് പ്രത്യേകതകളുണ്ട് L’Equipe ക്ക് നല്‍കിയ അഭിമുഖത്തില്‍ റൊണാള്‍ഡീഞ്ഞോ വ്യക്തമാക്കി.
ലോകകപ്പ് സെമിയില്‍ ക്രൊയേഷ്യക്കെതിരെ ഗോളടിച്ചതോടെ ലോകകപ്പില്‍ അര്‍ജന്‍റീനയുടെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായി മെസി മാറിയിരുന്നു. ഇന്ന് ഫൈനല്‍ മത്സരത്തിനിറങ്ങുമ്പോള്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരം(26) കളിച്ച താരമെന്ന റെക്കോര്‍ഡും മെസിക്ക് സ്വന്തമാവും.രാത്രി എട്ടരയ്ക്ക് ദോഹയിലെ ലുസൈല്‍ സ്റ്റേഡിയത്തിലാണ് ലോകകപ്പ് ഫൈനല്‍ മത്സരം. ലോക വേദിയിലെ മൂന്നാം കിരീടമാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്.