പറങ്കിക്കപ്പല്‍ മുങ്ങിത്താണു, സിആര്‍7നും രക്ഷിക്കാനായില്ല; മൊറോക്കോ സെമിയില്‍, പുതു ചരിത്രം!
ഫിഫ ലോകകപ്പില്‍ 'മൊറോക്കോ മിറാക്കിള്‍', സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീം, അതും പോര്‍ച്ചുഗലിനെ തകര്‍ത്ത്!
ദോഹ: സിആര്‍7 കളത്തിലിറങ്ങിയിട്ടും രക്ഷയില്ല, ഫിഫ ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ പറങ്കിപ്പടയെ തുരത്തി മൊറോക്കോ സെമിയില്‍. ആദ്യപകുതിയില്‍ 42-ാം മിനുറ്റില്‍ നെസീരിയിലൂടെ നേടിയ ഏക ഗോളിലാണ്(1-0) മൊറോക്കോയുടെ വിജയം. ബഞ്ചിലായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ രണ്ടാംപകുതിയില്‍ ഇറക്കിയിട്ടും മടക്ക ഗോള്‍ നേടാന്‍ പോര്‍ച്ചുഗലിനായില്ല. ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമായി ഇതോടെ മൊറോക്കോ.
ക്രിസ്റ്റ്യാനോ ബെഞ്ചില്‍
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ബഞ്ചിലിരുത്തി ഇറങ്ങിയ പോര്‍ച്ചുഗല്‍ ആദ്യപകുതിയില്‍ തീര്‍ത്തും നിറംമങ്ങി. കഴിഞ്ഞ കളിയിലെ ഹാട്രിക് വീരന്‍ ഗോണ്‍സാലോ റാമോസ് 45 മിനുറ്റുകളില്‍ നിഴല്‍ മാത്രമായി. കിക്കോഫായി അഞ്ചാം മിനുറ്റില്‍ മത്സരത്തിലെ ആദ്യ ഫ്രീകിക്കില്‍ ഫെലിക്‌സിന്‍റെ ഹെഡര്‍ ബോനോ തട്ടിത്തെറിപ്പിച്ചു. പിന്നാലെ മോറോക്കോയുടെ ഹെഡര്‍ ബാറിന് തൊട്ട് മുകളിലൂടെ പാഞ്ഞു. തൊട്ടുപിന്നാലെ ഇരു ടീമുകളും ഇടയ്ക്ക് പാഞ്ഞെത്തിയെങ്കിലും ഗോളിലേക്ക് വഴിമാറിയില്ല. 26-ാം മിനുറ്റില്‍ സിയെച്ചിന്‍റെ ഹെഡര്‍ തലനാരിഴയ്ക്കാണ് ഗോളാകാതെ പോയത്. 30-ാം മിനുറ്റില്‍ ഫെലിക്‌സിന്‍റെ ഉഗ്രന്‍ ഷോട്ട് ഡിഫ്ലക്ഷനായി പുറത്തേക്ക് തെറിച്ചു.
നെസീരിയുടെ നൈസ് ഗോള്‍
ഇതിന് ശേഷം 42-ാം മിനുറ്റിലായിരുന്നു യഹിയയുടെ ക്രോസില്‍ ഉയര്‍ന്നുചാടി തലവെച്ച് നെസീരിയുടെ ഗോള്‍. സാക്ഷാല്‍ സിആര്‍7നെ ഓര്‍മ്മിപ്പിച്ച ജംപിലൂടെയായിരുന്നു നെസീരി വല ചലിപ്പിച്ചത്. പോര്‍ച്ചുഗീസ് ഗോളി ഡിയാഗോ കോസ്റ്റയുടെ അബദ്ധത്തില്‍ നിന്ന് കൂടിയായിരുന്നു ഈ ഗോള്‍. ഇതിന് പിന്നാലെ ബ്രൂണോയുടെ ഷോട്ട് ബാറില്‍ തട്ടി തെറിച്ചതോടെ മൊറോക്കോയ്ക്ക് 1-0 ലീഡോടെ മത്സരം ഇടവേളയ്ക്ക് പിരിഞ്ഞു.
റോണോ വന്നിട്ടും...
രണ്ടാംപകുതിയില്‍ ഇരു ടീമുകളും കൂടുതല്‍ ആക്രമിച്ച് കളിച്ചു. രണ്ടാംപകുതിയുടെ തുടക്കത്തില്‍ ഫ്രീകിക്കിലൂടെ രണ്ടാം ഗോള്‍ നേടാന്‍ മൊറോക്കോയ്ക്ക് ലഭിച്ച അവസരം പാഴായി. 51-ാം മിനുറ്റില്‍ നെവസിനെ വലിച്ച് റൊണാള്‍ഡോയെ ഇറക്കി. മൈതാനത്തെത്തി ആദ്യ മിനുറ്റില്‍ തന്നെ റോണോയുടെ ക്രോസ് എത്തി. 64-ാം മിനുറ്റില്‍ ബ്രൂണോ സമനിലക്കായുള്ള സുവര്‍ണാവസരം തുലച്ചു. 82-ാം മിനുറ്റില്‍ റോണോയുടെ പാസില്‍ ഫെലിക്‌സിന്‍റെ മഴവില്‍ ഷോട്ട് ബോനോ നിഷ്‌പ്രഭമാക്കി. എട്ട് മിനുറ്റ് ഇഞ്ചുറിടൈമിന്‍റെ തുടക്കത്തില്‍ റൊണാള്‍ഡോയുടെ ഓണ്‍ ടാര്‍ഗറ്റ് ഷോട്ട് ബോനോ തടഞ്ഞത് പോര്‍ച്ചുഗീസ് പ്രതീക്ഷകള്‍ തകര്‍ത്തു. പിന്നാലെ മൊറോക്കോയുടെ ചെദീരയ്ക്ക് ചുവക്ക് കാര്‍ഡ് കിട്ടി.
പോര്‍ച്ചുഗല്‍ സ്റ്റാര്‍ട്ടിംഗ് ഇലവന്‍: Diogo Costa, Diogo Dalot, Kleper Pepe, Ruben Dias, Raphael Guerreiro, Monteiro Otavio, Ruben Neves, Mota Bernardo Silva, Miguel Bruno Fernandes, Matias Goncalo Ramos, Sequeira Joao Felix.
മൊറോക്കോ സ്റ്റാര്‍ട്ടിംഗ് ഇലവന്‍: Yassine Bounou, Achraf Hakimi, Jawad El Yamiq, Romain Saiss, Yahia Attiyat Allah, Azz-Eddine Ounahi, Sofyan Amrabat, Selim Amallah, Hakim Ziyech, Youssef En-Nesyri, Sofiane Boufal.
ആടിയുലഞ്ഞ് പറങ്കിക്കപ്പല്‍, മൊറോക്കോ മുന്നില്‍; സിആര്‍7നായി മുറവിളി