'നിന്‍റെ ഓരോ ഗോളിനും മുഷ്‌ടിയുയര്‍ത്തി ആവേശഭരിതനാവുന്നത് തുടരും'; നെയ്‌മറോട് ആശുപത്രിയില്‍ നിന്ന് പെലെ

ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന തന്‍റെ റെക്കോര്‍ഡിന് ഒപ്പമെത്തിയ നെയ്‌മര്‍ക്ക് പെലെയുടെ ഹൃദയസ്‌പര്‍ശിയായ അഭിനന്ദനം, ആശംസ 

FIFA World Cup 2022 Pele reaction from hospital to Neymar record equaling goal win your heart

ദോഹ: ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പ് പുരോഗമിക്കുമ്പോള്‍ ആശുപത്രി കിടക്കയിലാണ് ഇതിഹാസ താരം പെലെ. ലോകകപ്പ് ക്വാര്‍ട്ടറില്‍ ക്രൊയേഷ്യക്കെതിരെ വല ചലിപ്പിച്ച് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്‌മര്‍ പെലെയുടെ റെക്കോര്‍ഡ‍ിന് ഒപ്പമെത്തിയപ്പോള്‍ രോഗാവസ്ഥയ്ക്കിടയിലും താരത്തെ അഭിനന്ദിച്ചു ഫുട്ബോള്‍ രാജാവ്. നെയ്‌മര്‍ക്കുള്ള പെലെയുടെ അഭിനന്ദനം ഹൃദയം കീഴടക്കുന്നതായി. 

'നിന്‍റെ വളര്‍ച്ച നേരിട്ട് കണ്ടയാളാണ് ഞാന്‍. എല്ലാ ദിവസവും നിങ്ങള്‍ക്ക് വേണ്ടി ആവേശം മുഴക്കി. ബ്രസീല്‍ കുപ്പായത്തില്‍ എന്‍റെ ഗോള്‍ നേട്ടത്തിനൊപ്പമെത്തിയതിന് അഭിന്ദനങ്ങള്‍ നേരുന്നു. മറ്റുള്ളവരെ പ്രചോദിപ്പിക്കുകയാണ് കായികതാരങ്ങളായ നമ്മുടെ ഏറ്റവും വലിയ ചുമതല. സഹ താരങ്ങളെയും വരും തലമുറയെയും അതോടൊപ്പം കായികമേഖലയെ ഇഷ്‌ടപ്പെടുന്ന എല്ലാവരേയും പ്രചോദിപ്പിക്കുക. നിര്‍ഭാഗ്യവശാല്‍ ഇത് നമ്മെ സംബന്ധിച്ച് ഏറെ സന്തോഷം നിറഞ്ഞ ദിനമല്ല. ഏതാണ് 50 വര്‍ഷം മുമ്പാണ് ഞാനെന്‍റെ റെക്കോര്‍ഡ് സ്ഥാപിച്ചത്. നെയ്‌മര്‍ എത്തുംവരെ ആര്‍ക്കും ആ റെക്കോര്‍ഡിനരികെ എത്താനായില്ല. നീയത് സ്വന്തമാക്കി. നിങ്ങളുടെ നേട്ടം എത്രത്തോളം വലുതാണ് എന്ന് അത് തെളിയിക്കുന്നു. പ്രചോദിപ്പിക്കുന്നത് തുടരുക. നിങ്ങളുടെ എല്ലാ മത്സരത്തിലേയും പോലെ, നീ നേടുന്ന ഓരോ ഗോളിലും ഞാന്‍ ആകാശത്തേക്ക് മുഷ്ടിയുയര്‍ത്തി ആവേശം കൊള്ളുന്നത്' തുടരും എന്നും പെലെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

ഖത്തര്‍ ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ ക്രൊയേഷ്യക്കെതിരെ എക്‌സ്‌ട്രാ ടൈമില്‍ വല ചലിപ്പിച്ചാണ് നെയ്‌മര്‍ പെലെയുടെ 77 ഗോളുകളുടെ റെക്കോര്‍ഡിന് ഒപ്പമെത്തിയത്. നെയ്‌മര്‍ 124 മത്സരങ്ങളിലും പെലെ 92 കളികളിലുമാണ് ഇത്രയും ഗോളുകള്‍ അടിച്ചുകൂട്ടിയത്. 98 കളിയില്‍ 62 ഗോളുമായി റൊണാള്‍ഡോ ഫിനോമിനയാണ് പട്ടികയില്‍ മൂന്നാമത്. എന്നാല്‍ നെയ്‌മര്‍ ചരിത്രം കുറിച്ച മത്സരത്തിലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട് കാനറികള്‍ ലോകകപ്പില്‍ നിന്ന് പുറത്തായി. 

എക്കാലത്തെയും മികച്ച ഫുട്ബോളറായി വിശേഷിപ്പിക്കപ്പെടുന്ന 82 വയസുകാരനായ പെലെ സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റൈൻ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇതിഹാസ താരം കീമോതെറാപ്പിയും മരുന്നുകളുമായി പ്രതികരിക്കുന്നില്ല എന്നും പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയതായും ബ്രസീലിയന്‍ മാധ്യമമായ ഫോള്‍ഹ റിപ്പോർട്ട് ചെയ്തെങ്കിലും പെലെയുടെ മകള്‍ ഫ്ലാവിയ നാസിമെന്‍റോ ഇക്കാര്യം തള്ളിയിരുന്നു. വന്‍കുടലിലെ ക്യാന്‍സറിന് ചികിത്സ തേടുന്ന 82കാരനായ പെലെ ദീര്‍ഘനാളായി ചികിത്സയിലാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വന്‍കുടലിലെ മുഴ നീക്കം ചെയ്തതിനെത്തുടര്‍ന്ന് പെലെ ഏറെനാള്‍ ആശുപത്രിയില്‍ തുടര്‍ന്നിരുന്നു.

പെലെയുടെ റെക്കോര്‍ഡിനൊപ്പം നെയ്‌മര്‍; പക്ഷേ അത് ബ്രസീല്‍ മറക്കാനാഗ്രഹിക്കുന്ന ദിനത്തിലായിപ്പോയി!

Latest Videos
Follow Us:
Download App:
  • android
  • ios