പെലെയുടെ റെക്കോര്‍ഡിനൊപ്പം നെയ്‌മര്‍; പക്ഷേ അത് ബ്രസീല്‍ മറക്കാനാഗ്രഹിക്കുന്ന ദിനത്തിലായിപ്പോയി!
പെലെയുടെ റെക്കോര്‍ഡിനൊപ്പം നെയ്‌മര്‍ ഇടംപിടിച്ച ദിനം ബ്രസീലിയന്‍ ഫുട്ബോള്‍ മറക്കാനാഗ്രഹിക്കുന്ന ദിനമായി
ദോഹ: ബ്രസീല്‍ കുപ്പായത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ പുരുഷ താരമായ പെലെയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി നെയ്‌മര്‍. ഖത്തര്‍ ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ ക്രൊയേഷ്യക്കെതിരെ എക്‌സ്‌ട്രാ ടൈമില്‍ വല ചലിപ്പിച്ചാണ് നെയ്‌മര്‍ ഫുട്ബോള്‍ രാജാവിന്‍റെ റോക്കോര്‍ഡിന് ഒപ്പമെത്തിയത്. ഇരുവര്‍ക്കും ഇപ്പോള്‍ 77 ഗോളുകളായി. നെയ്‌മര്‍ 124 മത്സരങ്ങളിലും പെലെ 92 കളികളിലുമാണ് ഇത്രയും ഗോളുകള്‍ അടിച്ചുകൂട്ടിയത്. 98 കളിയില്‍ 62 ഗോളുമായി റൊണാള്‍ഡോയാണ് പട്ടികയില്‍ മൂന്നാമത്.
എന്നാല്‍ പെലെയുടെ റെക്കോര്‍ഡിനൊപ്പം നെയ്‌മര്‍ ഇടംപിടിച്ച ദിനം ബ്രസീലിയന്‍ ഫുട്ബോള്‍ മറക്കാനാഗ്രഹിക്കുന്ന ദിവസമായി. ക്രൊയേഷ്യക്കെതിരായ ക്വാര്‍ട്ടറിലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2ന് തോറ്റ് ബ്രസീല്‍ സെമി കാണാതെ പുറത്തായി. 120 മിനുറ്റുകളില്‍ ഓരോ ഗോളടിച്ച് ടീമുകള്‍ സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. നെയ്‌മറുടെ മിന്നും ഗോളിന് മറുപടിയായി 10 മിനുറ്റിന്‍റെ ഇടവേളയില്‍ ബ്രൂണോ പെറ്റ്‌കോവിച്ച് ലോംഗ് റേഞ്ചര്‍ ഗോള്‍ നേടിയതോടെയാണ് കളി നാടകീയമായി ഷൂട്ടൗട്ടിലേക്കെത്തിയത്. ഇരു ഗോളുകളും എക്‌സ്‌ട്രാ ടൈമിലായിരുന്നു.
ഷൂട്ടൗട്ടില്‍ വീണ് ബ്രസീല്‍
ആദ്യ കിക്ക് വ്ളാസിക് ഗോളാക്കിയതോടെ സമ്മര്‍ദ്ദം ബ്രസീലിനായി. ബ്രസീലിനായി ആദ്യ കിക്കെടുക്കാന്‍ എത്തിയത് യുവതാരം റോഡ്രിഗോയാണ്. പെനാല്‍റ്റി ഷൂട്ടൗട്ടിന്‍റെ സമ്മര്‍ദ്ദം താങ്ങാനുള്ള കരുത്ത് റോഡ്രിഗോയുടെ കാലിനില്ലായിരുന്നു. റോഡ്രിയുടെ കിക്ക് ക്രൊയേഷ്യന്‍ ഗോള്‍ കീപ്പര്‍ ലിവാകോവിച്ച് രക്ഷപ്പെടുത്തിയതോടെ ബ്രസീല്‍ സമ്മര്‍ദ്ദത്തിന്‍റെ മുള്‍മുനയിലായി. പിന്നീടെല്ലാം ക്വാര്‍ട്ടര്‍ വരെ തങ്ങളെ കാത്ത അലിസണ്‍ ബെക്കറുടെ കൈകളില്‍. എന്നാല്‍ ക്രൊയേഷ്യയുടെ രണ്ടാം കിക്കെടുത്ത ലോവ്‌റോ തന്‍റെ കിക്ക് ഗോളാക്കി. ബ്രസീലിനായി രണ്ടാം കിക്കെടുത്ത കാസിമെറോയും ശക്തമായ ഒരു ഷോട്ടിലൂടെ വല കുലുക്കി.
ക്രൊയേഷ്യയുടെ മൂന്നാം കിക്കെടുക്കാന്‍ എത്തിയത് നായകന്‍ ലൂക്കാ മോഡ്രിച്ചാണ്. പരിചയസമ്പത്തും കരുത്തും ഒത്തുചേര്‍ന്ന മോഡ്രിച്ചിന്‍റെ കിക്ക് തടയാന്‍ അലിസണ് കഴിഞ്ഞില്ല. സ്കോര്‍ 3-1. ബ്രസീലിന്‍റെ മൂന്നാം കിക്കെടുത്തത് യുവതാരം പെഡ്രോ. പിഴവേതുമില്ലാതെ പെഡ്രോ ഗോള്‍ നേടിയതോടെ ബ്രസീലിന് പ്രതീക്ഷയായി. ക്രൊയേഷ്യയുടെ നിര്‍ണായക നാലാം കിക്കെടുക്കാന്‍ എത്തിയത് മിസ്ലാവ് ഓര്‍സിച്ച്. നാലാം കിക്കും ഓര്‍സിച്ച് ഗോളാക്കിയതോടെ സമ്മര്‍ദ്ദം മുഴുവന്‍ ബ്രസീലിന്‍റെ കാലുകളിലായി. ബ്രസീലിന്‍റെ നാലാം കിക്കെടുക്കാന്‍ എത്തിയത് പ്രതിരോധനിരയിലെ വിശ്വസ്തന്‍ മാര്‍ക്വിഞ്ഞോസ്. മാര്‍ക്വീഞ്ഞോസ് എടുത്ത നിര്‍ണായക നാലാം കിക്ക് പോസ്റ്റില്‍ തട്ടിമടങ്ങിയതോടെ ഒരിക്കല്‍ കൂടി ക്വാര്‍ട്ടര്‍ കടമ്പ കടക്കാനാവാതെ ബ്രസീല്‍ മടങ്ങുകയായിരുന്നു.
ഖത്തറില്‍ കാനറിക്കണ്ണീര്‍; ഷൂട്ടൗട്ടില്‍ ക്രൊയേഷ്യ സെമിയില്‍, ഗോളി ഹീറോ