റഫറിമാര്‍ക്കെതിരായ പരാതിപ്രളയം തുടരുന്നു; ഫ്രാന്‍സിനെതിരെ രണ്ട് പെനാല്‍റ്റി നിഷേധിച്ചെന്ന് മൊറോക്കോ

ആദ്യപകുതിയില്‍ ബോക്‌സില്‍ സൊഫൈന്‍ ബോഫല്‍ വീണതായിരുന്നു ആദ്യ സംഭവം

FIFA World Cup 2022 Moroccan football federation has filed complaint to FIFA about refereeing during semifinal defeat against France

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സിന് എതിരായ സെമി തോല്‍വിക്ക് പിന്നാലെ റഫറിക്കെതിരെ ഫിഫയ്ക്ക് പരാതിയുമായി മൊറോക്കോ. മൊറോക്കോയ്ക്ക് അനുകൂലമായ രണ്ട് പെനാല്‍റ്റികള്‍ റഫറി നിഷേധിച്ചു എന്നാണ് മൊറോക്കോന്‍ ഫുട്ബോള്‍ ഫെഡറേഷന്‍റെ പരാതിയില്‍ പറയുന്നത്.ടൂര്‍ണമെന്‍റില്‍ അത്ഭുത കുതിപ്പ് നടത്തിയ മൊറോക്കോ മത്സരത്തില്‍ ഫ്രാന്‍സിനോട് തോറ്റ് പുറത്തായിരുന്നു. ഖത്തര്‍ ലോകകപ്പില്‍ ഇതാദ്യമല്ല റഫറിമാര്‍ക്കെതിരെ വിമര്‍ശനം ഉയരുന്നത്. 

ആദ്യപകുതിയില്‍ ബോക്‌സില്‍ സൊഫൈന്‍ ബോഫല്‍ വീണതായിരുന്നു ആദ്യ സംഭവം. മൊറോക്കോന്‍ താരങ്ങള്‍ പെനാല്‍റ്റി പ്രതീക്ഷിച്ച് നില്‍ക്കേ സംഭവിച്ചത് മറ്റൊന്നാണ്. തിയോ ഹെര്‍ണാണ്ടസിനെ ഫൗള്‍ ചെയ്‌തെന്ന് ആരോപിച്ച് വിങ്ങര്‍ക്കെതിരെ റഫറി ഫൗള്‍ വിളിച്ചു. രണ്ടാംപകുതിയില്‍ സെമീലം അമല്ലയെ വീഴ്‌ത്തിയതിനും റഫറി പെനാല്‍റ്റി ബോക്‌സിലേക്ക് വിരല്‍ ചൂണ്ടിയിട്ടില്ല. ഇതൊക്കെയാണ് പരാതിയായി മൊറോക്കോന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കുന്നത്. ഈ രണ്ട് അവസരങ്ങളിലും വീഡിയോ അസിസ്റ്റ് റഫറി വേണ്ടവിധത്തില്‍ ഇടപെട്ടില്ല എന്നും അസോസിയേഷന്‍റെ പരാതിയില്‍ പറയുന്നു. 

മത്സരത്തില്‍ ഉറച്ച പോരാട്ടവീര്യം കാട്ടിയ മൊറോക്കോ 2-0ന് ഫ്രാന്‍സിനോട് തോറ്റ് ടൂര്‍ണമെന്‍റില്‍ നിന്ന് തലയുയര്‍ത്തി മടങ്ങിയിരുന്നു. ഫ്രാന്‍സിന്‍റെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്. കിക്കോഫായി അഞ്ചാം മിനുറ്റില്‍ തിയോ ഹെര്‍ണാണ്ടസിന്‍റെ പറന്നടിയില്‍ ഫ്രാന്‍സ് മുന്നിലെത്തി. 79-ാം മിനുറ്റില്‍ പകരക്കാരന്‍ കോളോ മുവാനിയുടെ വകയായിരുന്നു രണ്ടാം ഗോള്‍. പകരക്കാരനായി മൈതാനത്തിറങ്ങി വെറും 44-ാം സെക്കന്‍ഡിലായിരുന്നു മുവാനിയുടെ ഗോള്‍. ആദ്യമായി ഫിഫ ലോകകപ്പിന്‍റെ സെമി ഫൈനലിലെത്തിയ ആഫ്രിക്കന്‍ ടീം എന്ന ഖ്യാതിയുമാണ് ഖത്തറില്‍ നിന്ന് മൊറോക്കോയുടെ മടക്കം. 

ആദ്യ സെമിയില്‍ അര്‍ജന്‍റീനയ്ക്ക് അനുകൂലമായി പെനാല്‍റ്റി അനുവദിച്ചതിനെ വിമര്‍ശിച്ച് ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ചും പരിശീലകന്‍ ഡാലിച്ചും രംഗത്തെത്തിയിരുന്നു. 'ഇറ്റാലിയന്‍ റഫറി ഡാനിയേല്‍ ഒര്‍സാറ്റോയാണ് മത്സരം നിയന്ത്രിച്ചത്. അദേഹം വളരെ മോശം റഫറിമാരില്‍ ഒരാളാണ്. അദേഹമൊരു ദുരന്തമാണ്. എങ്കിലും അര്‍ജന്‍റീനയെ ഞാന്‍ അഭിനന്ദിക്കുന്നു. എന്നാല്‍ ആദ്യത്തെ പെനാല്‍റ്റി ഞങ്ങളെ തകര്‍ത്തുകളഞ്ഞു' എന്നുമായിരുന്നു മത്സര ശേഷം മോഡ്രിച്ചിന്‍റെ വാക്കുകള്‍. 'ഞങ്ങള്‍ക്ക് ബോള്‍ പൊസിഷനുണ്ടായിരുന്നു. എന്നാല്‍ ഒരു ഗോള്‍ വഴങ്ങി, ആ ഗോള്‍ സംശയകരമാണ്. ആ ആദ്യ ഗോളാണ് മത്സരം ഞങ്ങളില്‍ നിന്ന് കൊണ്ടുപോയത്' എന്നായിരുന്നു ഡാലിച്ചിന്‍റെ വാക്കുകള്‍.

'ദുരന്തം, ഏറ്റവും മോശം റഫറിമാരില്‍ ഒരാള്‍'; പെനാല്‍റ്റി അനുവദിച്ചതില്‍ ആഞ്ഞടിച്ച് മോഡ്രിച്ചും ഡാലിച്ചും

 

Latest Videos
Follow Us:
Download App:
  • android
  • ios