'നിറമല്ല മനുഷ്യനെ നിർണയിക്കുന്നത്'; എംബാപ്പെയെ അധിക്ഷേപിച്ച ടി ജി മോഹന്‍ദാസിനെതിരെ മന്ത്രി വി ശിവന്‍കുട്ടി
ഖത്തറില്‍ കിരീടം നിലനിര്‍ത്താനായില്ലെങ്കിലും ഫ്രാന്‍സ് ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റാന്‍ എംബാപ്പെയ്‌ക്കായിരുന്നു
തിരുവനന്തപുരം: ഖത്തർ ഫുട്ബോള്‍ ലോകകപ്പിൽ റണ്ണേഴ്‌സ് അപ്പായ ഫ്രാൻസ് ടീമിന്‍റെ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ വംശീയമായി അധിക്ഷേപിച്ച സംസ്ഥാന ബിജെപി ബൗദ്ധിക സെല്‍ മുന്‍ കണ്‍വീനര്‍ ടി ജി മോഹന്‍ദാസിനെതിരെ മന്ത്രി വി ശിവന്‍കുട്ടി. 'നിറമല്ല മനുഷ്യനെ നിർണയിക്കുന്നത്' എന്നാണ് എംബാപ്പെയുടെ ചിത്രം പങ്കുവെച്ച് ശിവന്‍കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. ഫൈനലില്‍ അര്‍ജന്‍റീനക്കെതിരെ ഹാട്രിക് ഗോളുമായി തിളങ്ങിയ എംബാപ്പെ പെനാല്‍റ്റി ഷൂട്ടൗട്ടിലും ലക്ഷ്യം കണ്ടിരുന്നു. ഖത്തര്‍ ലോകകപ്പിലാകെ എട്ട് ഗോളാണ് എംബാപ്പെ അടിച്ചുകൂട്ടിയത്.
ഫ്രഞ്ചുകാർ വെളുത്ത് തുടുത്ത സായിപ്പന്മാരായിരിക്കും എന്നാണ് വിചാരിച്ചത്. ഇതിപ്പോ തന്നെക്കാൾ കറുത്ത പ്രേതങ്ങള്‍!! ആ എംബാപ്പെയെ രാത്രിയിലെങ്ങാൻ വഴിയിൽ കണ്ടാൽ നമ്മള് ഞെട്ടി ഏഴ് ദിവസം പനി പിടിച്ചു കിടക്കും! ഹൊ! എന്നായിരുന്നു ടി ജി മോഹൻദാസിന്‍റെ വിവാദ ട്വീറ്റ്. ഈ ട്വീറ്റിനെതിരെ വ്യാപക വിമര്‍ശനമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നത്.
ഖത്തറില്‍ കിരീടം നിലനിര്‍ത്താനായില്ലെങ്കിലും ഫ്രാന്‍സ് ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റാന്‍ എംബാപ്പെയ്‌ക്കായിരുന്നു. ഗോളടിച്ചുകൂട്ടിയും മെച്ചപ്പെട്ട അവസരങ്ങളുണ്ടാക്കിയും ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെ കാലിലെടുത്തിരുന്നു. 1966ന് ശേഷം ആദ്യമായാണ് ഒരു താരം ലോകകപ്പ് ഫൈനലില്‍ ഹാട്രിക് നേടുന്നത്. ഗോള്‍ നേടുന്നത് വരെ ചിത്രത്തിലെ ഇല്ലായിരുന്നു എംബാപ്പെ. എന്നാല്‍ രണ്ട് മിനിറ്റുകള്‍ക്കിടെ എംബാപ്പെ നേടിയ ഇരട്ട ഗോള്‍ ചിത്രം തന്നെ മാറ്റി. അധിക സമയത്ത് ഹാട്രിക്കും സ്വന്തമാക്കി. പിന്നാലെ ഷൂട്ടൗട്ടിലും വല കുലുക്കി.
എക്‌സ്ട്രാ ടൈമിലും മത്സരം 3-3ന് തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്ത് അര്‍ജന്‍റീന മൂന്നാം കപ്പുയര്‍ത്തി. 2014ല്‍ കൈയകലത്തില്‍ കൈവിട്ട ലോക കിരീടം അങ്ങനെ 2022ല്‍ മെസിയുടെ കൈകളിലേക്ക് എത്തുകയായിരുന്നു. ഫ്രാന്‍സിനായുള്ള കിംഗ്‌സ്‌ലി കോമാന്‍റെ കിക്ക് എക്‌സ്‌ട്രൈ ടൈമിന്‍റെ അവസാന സെക്കന്‍ഡുകളില്‍ എമി മാര്‍ട്ടിനസ് തടുത്തിട്ടത് നിര്‍ണായകമായി.