'ദുരന്തം, ഏറ്റവും മോശം റഫറിമാരില്‍ ഒരാള്‍'; പെനാല്‍റ്റി അനുവദിച്ചതില്‍ ആഞ്ഞടിച്ച് മോഡ്രിച്ചും ഡാലിച്ചും
അര്‍ജന്‍റീനയ്ക്ക് പെനാല്‍റ്റി അനുവദിച്ചതിനെ ക്രൊയേഷ്യന്‍ പരിശീലകന്‍ ഡാലിച്ചും ചോദ്യം ചെയ്തു
ദോഹ: ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിലെ ആദ്യ സെമിയില്‍ അര്‍ജന്‍റീനയ്ക്ക് അനുകൂലമായി പെനാല്‍റ്റി അനുവദിച്ചതിനെ വിമര്‍ശിച്ച് ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ചും പരിശീലകന്‍ ഡാലിച്ചും. ഇറ്റാലിയന്‍ റഫറി ഡാനിയേല്‍ ഒര്‍സാറ്റോയാണ് മത്സരം നിയന്ത്രിച്ചത്.
'പെനാല്‍റ്റി വരെ ഞങ്ങള്‍ നന്നായി കളിച്ചിരുന്നു. ആ പെനാല്‍റ്റി അനുവദിക്കാന്‍ പാടില്ലായിരുന്നു. ഞാന്‍ സാധാരണയായി റഫറിമാരെ കുറിച്ച് സംസാരിക്കാറില്ല. എന്നാല്‍ ഇന്ന് സംസാരിക്കാതിരിക്കാനാവില്ല. അദേഹം വളരെ മോശം റഫറിമാരില്‍ ഒരാളാണ്. ഇന്നത്തെ കാര്യം മാത്രമല്ല പറയുന്നത്. ഞാന്‍ മുമ്പും അദേഹം നിയന്ത്രിച്ച മത്സരത്തില്‍ കളിച്ചിട്ടുണ്ട്. എനിക്ക് അയാളെ കുറിച്ച് നല്ല ഓര്‍മ്മകളില്ല. അദേഹമൊരു ദുരന്തമാണ്. എങ്കിലും അര്‍ജന്‍റീനയെ ഞാന്‍ അഭിനന്ദിക്കുന്നു. മത്സരം വിജയിച്ചതിന്‍റെ ക്രഡിറ്റ് അവരില്‍ നിന്ന് തട്ടിയെടുക്കുന്നില്ല. അവര്‍ ഫൈനലിന് അവകാശികളാണ്. എന്നാല്‍ ആദ്യത്തെ പെനാല്‍റ്റി ഞങ്ങളെ തകര്‍ത്തുകളഞ്ഞു' എന്നും മോഡ്രിച്ച് മത്സര ശേഷം പറഞ്ഞു.
അര്‍ജന്‍റീനയ്ക്ക് പെനാല്‍റ്റി അനുവദിച്ചതിനെ ക്രൊയേഷ്യന്‍ പരിശീലകന്‍ ഡാലിച്ചും ചോദ്യം ചെയ്തു. 'ഞങ്ങള്‍ക്ക് ബോള്‍ പൊസിഷനുണ്ടായിരുന്നു. എന്നാല്‍ ഒരു ഗോള്‍ വഴങ്ങി, ആ ഗോള്‍ സംശയകരമാണ്. ആ ആദ്യ ഗോളാണ് മത്സരം ഞങ്ങളില്‍ നിന്ന് കൊണ്ടുപോയത്. അതുവരെ മത്സരത്തില്‍ ഞങ്ങള്‍ക്ക് പൂര്‍ണ നിയന്ത്രണമുണ്ടായിരുന്നു. അപകടകാരികളായി കളിച്ചില്ലെങ്കിലും പ്രതീക്ഷിച്ചത് പോലെ കളിക്കാനായി. അര്‍ജന്‍റീനന്‍ താരം ഗോളി ലിവാകോവിച്ചിനെ ഇടിച്ചതിന് പെനാല്‍റ്റി നല്‍കിയത് പുതിയ നിയമമാണോ? അതാണ് മത്സരം മാറ്റിമറിച്ചത്. ഇതൊക്കെ പുതിയ നിയമങ്ങളാണേല്‍ നമ്മളും അറിയണമല്ലോ. അര്‍ജന്‍റീനന്‍ ടീമിനെയും എന്‍റെ താരങ്ങളേയും അഭിനന്ദിക്കുന്നു. നമുക്ക് തിരിച്ചുവരേണ്ടതുണ്ട്' എന്നും ഡാലിച്ച് വ്യക്തമാക്കി.
ക്രൊയേഷ്യക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിന്‍റെ ജയവുമായാണ് അര്‍ജന്‍റീന ഫൈനലിലെത്തിയത്. ജൂലിയന്‍ ആല്‍വാരസിനെ ഗോളി ലിവാകോവിച്ച് വീഴ്‌ത്തിയതിന് റഫറി അനുവദിച്ച പെനാല്‍റ്റി മെസി ഗോളാക്കിയതിലൂടെയാണ് മത്സരം അര്‍ജന്‍റീനയുടെ പക്ഷത്തേക്കെത്തിയത്. അതുവരെ ക്രൊയേഷ്യക്കായിരുന്നു മുന്‍തൂക്കം. ഇതിന് പിന്നാലെ ജൂലിയന്‍ ആല്‍വാരസ് 39, 69 മിനുറ്റുകളില്‍ വല ചലിപ്പിച്ചു. 39-ാം മിനുറ്റില്‍ സോളോ ഗോളായിരുന്നു ആല്‍വാരസ് നേടിയത്. 69-ാം മിനുറ്റില്‍ മെസിയുടെ ലോകോത്തര അസിസ്റ്റിലായിരുന്നു മത്സരത്തില്‍ ആല്‍വാരസിന്‍റെ രണ്ടാം ഗോള്‍. ഗോളും അസിസ്റ്റുമായി കളംനിറഞ്ഞ ലിയോണൽ മെസിയാണ് മാന്‍ ഓഫ് ദ് മാച്ച്.
ഒടുവില്‍ മെസി തന്നെ അത് പ്രഖ്യാപിച്ചു; ഞായറാഴ്‌ച തന്‍റെ അവസാന ലോകകപ്പ് മത്സരം