ഖത്തര്‍ ലോകകപ്പില്‍ മിശിഹാ അവതരിച്ചു; മെസിയുടെ ഗോളില്‍ അര്‍ജന്‍റീന മുന്നില്‍
ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ സൗദി അറേബ്യക്കെതിരെ ഒന്‍പതാം മിനുറ്റില്‍ അര്‍ജന്‍റീനയെ മെസി മുന്നിലെത്തിച്ചു
ദോഹ: ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ മിശിഹാ അവതരിച്ചു. ഫിഫ ലോകകപ്പിലെ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ സൗദി അറേബ്യക്കെതിരെ പത്താം മിനുറ്റില്‍ അര്‍ജന്‍റീനയെ മെസി മുന്നിലെത്തിച്ചു. പെനാല്‍റ്റിയിലൂടെയാണ് മെസിയുടെ ഗോള്‍. പരേഡസിനെ അല്‍ ബുലാഹി ബോക്‌സില്‍ ഫൗള്‍ ചെയ്തതിന് വാറിലൂടെ റഫറി പെനാല്‍റ്റി അനുവദിക്കുകയായിരുന്നു. കിക്കെടുത്ത മെസി അനായാസം അല്‍ ഒവൈസിനെ കബളിപ്പിച്ച് പന്ത് വലയിലിട്ടു.
ശക്തമായ ടീമുമായി അര്‍ജന്‍റീന
അതിശക്തമായ സ്റ്റാര്‍ട്ടിംഗ് ഇലവനെയാണ് ആദ്യ മത്സരത്തില്‍ സ്‌കലോണി അണിനിരത്തിയത്. ലിയോണല്‍ മെസിയെയും ലൗറ്റാരോ മാര്‍ട്ടിനസിനേയും ആക്രമണത്തിന് നിയോഗിച്ച് 4-4-2 ശൈലിയില്‍ ലാറ്റിനമേരിക്കന്‍ പട കളത്തിറങ്ങിയപ്പോള്‍ ഏഞ്ചല്‍ ഡി മരിയയും റോഡ്രിഗോ ഡി പോളും ലീയാന്‍ഡ്രോ പരേഡസും പപു ഗോമസും മധ്യനിരയില്‍ കരുക്കള്‍ നീക്കാനെത്തി. പരിചയസമ്പന്നനായ ഒട്ടാമെന്‍ഡിക്കൊപ്പം ക്രിസ്റ്റ്യന്‍ റൊമീറോയും നഹ്വേല്‍ മൊളീനയും നിക്കോളാസ് തഗ്ലൈഫിക്കോയും ഉള്‍ക്കൊള്ളുന്നതായിരുന്നു അതിശക്തമായ പ്രതിരോധം. ഒന്നാം നമ്പര്‍ ഗോളി എമിലിയാനോ മാര്‍ട്ടിനസ് ഗോള്‍ബാറിന് കീഴെയുമെത്തി.
മുന്‍കണക്ക്
അര്‍ജന്‍റീന ഫിഫ റാങ്കിംഗില്‍ മൂന്നാമതും സൗദി അറേബ്യ 51-ാം സ്ഥാനത്തുമാണ്. അര്‍ജന്റീനയും സൗദിയും ഇതിന് മുന്‍പ് നാല് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. അര്‍ജന്റീന രണ്ട് കളിയില്‍ ജയിച്ചപ്പോള്‍ രണ്ട് മത്സരം സമനിലയില്‍ അവസാനിച്ചു. അവസാന 36 കളികളില്‍ തോല്‍വി അറിയാതെയാണ് മെസിയും സംഘവും ലോകകപ്പിന് എത്തിയിരിക്കുന്നത്. ഇതിഹാസ താരം ലിയോണല്‍ മെസിയുടെ ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരമെന്ന നിലയില്‍ ലോകമാകെ ആവേശത്തോടെയാണ് സൗദി അറേബ്യക്കെതിരെയുള്ള പോരാട്ടത്തിനായി കാത്തിരിക്കുന്നത്. പരിക്കേറ്റ് പുറത്തായ ജിയോവനി ലോ സെല്‍സോയുടെ അഭാവം നീലപ്പട എങ്ങനെ നികത്തും എന്ന ആകാംക്ഷയിലാണ് ഫുട്ബോള്‍ ലോകം.
ലുസൈല്‍ സ്റ്റേഡിയം നീലക്കടല്‍; മെസിപ്പട കളത്തിലേക്ക്, ശക്തമായ ഇലവനുമായി അര്‍ജന്‍റീന