എന്ത് ചെയ്താലും റെക്കോർഡ്! ഖത്തറിലെ സെമിയിൽ മെസി മയം, 'ചന്നം പിന്നം' വമ്പൻ നേട്ടങ്ങൾ 'വെയിറ്റിംഗ്'
ജർമ്മനിയുടെ ഇതിഹാസ താരം ലോതർ മത്തേയൂസിനൊപ്പമെത്താനും മെസിക്ക് സാധിക്കും. അർജന്‍റീനയ്ക്കായി ഏറ്റവുമധികം ഗോൾ നേടിയ താരമെന്ന ബാറ്റിയുടെ റെക്കോർഡ് മറികടക്കാൻ മെസിക്ക് വേണ്ടത് ഒരേയൊരു ഗോൾ മാത്രമാണ്
ദോഹ: ഖത്തർ ലോകകപ്പിന്റെ സെമി ഫൈനലിന് ക്രൊയേഷ്യക്കെതിരെ ഇറങ്ങുമ്പോൾ അർജന്‍റൈൻ നായകൻ ലിയോണൽ മെസിയെ കാത്തിരിക്കുന്നത് മറ്റൊരു റെക്കോർഡ് കൂടി. ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡിനൊപ്പമെത്തും മെസി. അഞ്ച് ലോകകപ്പ് കളിച്ച ഏക അർജന്‍റൈൻ താരം തുടങ്ങിയ അനേകം റെക്കോർഡുകൾ ഇപ്പോൾ തന്നെ താരം പേരിലെഴുതിയിട്ടുണ്ട്. ക്രൊയേഷ്യക്കെതിരെയുള്ള മത്സരത്തോടെ മെസിയുടെ ആകെ ലോകകപ്പ് മത്സരങ്ങൾ 25ആകും.
ജർമ്മനിയുടെ ഇതിഹാസ താരം ലോതർ മത്തേയൂസിനൊപ്പമെത്താനും മെസിക്ക് സാധിക്കും. അർജന്‍റീനയ്ക്കായി ഏറ്റവുമധികം ഗോൾ നേടിയ താരമെന്ന ബാറ്റിയുടെ റെക്കോർഡ് മറികടക്കാൻ മെസിക്ക് വേണ്ടത് ഒരേയൊരു ഗോൾ മാത്രമാണ്. പത്ത് ഗോളുകളാണ് ഇരുവർക്കുമുള്ളത്. ഒരു ഗോളിന് കൂടി അടിപ്പിച്ചാൽ അസിസ്റ്റുമായി മറഡോണയുടെ റെക്കോഡിനൊപ്പവുമെത്താം മെസിക്ക്. ഖത്തറിൽ രണ്ട് അസിസ്റ്റുകളാണ് മെസിയുടെ സമ്പാദ്യം. ഫൈനൽ കളിച്ചാണ് അർജന്‍റീന ഖത്തർ വിടുന്നതെങ്കിൽ ഏറ്റവുമധികം ലോകകപ്പ് കളിച്ച താരമെന്ന റെക്കോർഡും മെസിക്ക് ഒറ്റയ്ക്ക് സ്വന്തമാക്കാം.
അതേസമയം, ക്രൊയേഷ്യക്കെതിരായ അര്‍ജന്‍റീനയുടെ സെമി ഫൈനൽ മത്സരം നിയന്ത്രിക്കുക ഇറ്റാലിയൻ റഫറി ഡാനിയേല ഓര്‍സാറ്റാണ്. ഹോളണ്ടിനെതിരായ മത്സരത്തിലെ റഫറിയിംഗിനെതിരെ അര്‍ജന്‍റൈൻ ടീം വ്യാപക പരാതി ഉയര്‍ത്തിയതോടെയാണ് പാനലിലുള്ള ഏറ്റവും മികച്ച റഫറിയെ തന്നെ കളത്തിലിറക്കാൻ ഫിഫ തീരുമാനിച്ചത്.
ലിയോണൽ മെസിയെ ഇങ്ങനെ കട്ടക്കലിപ്പിൽ ആരാധകര്‍ കണ്ടിട്ടെ ഉണ്ടാവില്ല. നെതര്‍ലൻഡ്സ് താരങ്ങളോടും കോച്ച് ലൂയിസ് വാൻ ഗാലിനോടുമൊക്കെ ദേഷ്യമുണ്ടെങ്കിലും മെസിയെ കൂടുതൽ ചൊടിപ്പിച്ചത് സ്പാനിഷ് റഫറി അന്‍റോണിയോ മത്തേയു ലോഹോസ് ആയിരുന്നു. നിലവാരമില്ലാത്ത റഫറിയെന്നായിരുന്നു മെസിയുടെ വിമര്‍ശനം. കൂടുതൽ പറയാനില്ലെന്നും പറഞ്ഞാൽ വിലക്ക് നേരിടേണ്ട അവസ്ഥയാണെന്നും മെസി തുറന്നടിച്ചിരുന്നു.