സങ്കടപ്പെടരുത് ബ്രോ, നിങ്ങള്‍ ചരിത്രമെഴുതി; ഹക്കീമിക്ക് ഹൃദയം കീഴടക്കുന്ന സന്ദേശവുമായി എംബാപ്പെ
ഖത്തര്‍ ലോകകപ്പില്‍ സെമി വരെ നീണ്ട മൊറോക്കോയുടെ മിറാക്കിള്‍ കുതിപ്പില്‍ നിര്‍ണായകമായ താരങ്ങളില്‍ ഒരാളാണ് അഷ്‌റഫ് ഹക്കീമി
ദോഹ: മൈതാനത്തെ സൗഹൃദത്തിന്‍റെ പേരില്‍ പ്രശസ്‌തരാണ് ഫ്രാന്‍സിന്‍റെ കിലിയന്‍ എംബാപ്പെയും മൊറോക്കോയുടെ അഷ്‌റഫ് ഹക്കീമിയും. ഇരുവരും പിഎസ്‌ജിയില്‍ സഹതാരങ്ങളാണ്. ഫിഫ ലോകകപ്പില്‍ സെമിയില്‍ മൊറോക്കോയും ഫ്രാന്‍സും മുഖാമുഖം വരുന്നതിന് മുമ്പ് ഇരുവരും ആശ്ലേഷിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. മത്സരത്തില്‍ വിജയിച്ച് ഫ്രാന്‍സ് ഫൈനലിലേക്ക് മുന്നേറിയപ്പോള്‍ ഹക്കീമിയെ ആശ്വസിപ്പിക്കാന്‍ എംബാപ്പെ എത്തി എന്നത് മനോഹര കാഴ്‌ചയായി.
ഖത്തര്‍ ലോകകപ്പില്‍ സെമി വരെ നീണ്ട മൊറോക്കോയുടെ മിറാക്കിള്‍ കുതിപ്പില്‍ നിര്‍ണായകമായ താരങ്ങളില്‍ ഒരാളാണ് അഷ്‌റഫ് ഹക്കീമി. സെമിയില്‍ ഫ്രാന്‍സിന് എതിരെയും മുഴുവന്‍ സമയവും അധ്വാനിച്ച് കളിക്കുന്ന ഹക്കീമിയെ മൈതാനത്ത് കാണാനായിരുന്നു. ഫൈനലിലെത്തിയതിന്‍റെ ആവേശത്തില്‍ ഫ്രഞ്ച് താരങ്ങള്‍ മൈതാനത്ത് ആഘോഷനൃത്തം ചവിട്ടുമ്പോള്‍ നിരാശനായി ഇരിക്കുകയായിരുന്ന ഹക്കീമിയെ പിടിച്ച് എഴുന്നേല്‍പിച്ചത് എംബാപ്പെയാണ്. മത്സര ശേഷം ഹക്കീമിക്ക് പ്രത്യേക ട്വീറ്റുമായി രംഗത്തെത്തുകയും ചെയ്തു എംബാപ്പെ. 'സങ്കടപ്പെടരുത് ബ്രോ, നിങ്ങളുടെ നേട്ടത്തിനെയോര്‍ത്ത് എല്ലാവരും അഭിമാനിക്കുന്നു. നിങ്ങള്‍ ചരിത്രമെഴുതി' എന്നായിരുന്നു അഷ്‌റഫ് ഹക്കീമിക്ക് സ്നേഹ ചിഹ്നത്തോടെ എംബാപ്പെയുടെ ആശ്വാസവും പ്രശംസയും.
സെമിയില്‍ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചാണ് ഫ്രാൻസ് തുടർച്ചയായ രണ്ടാം ഫൈനലിന് യോഗ്യത നേടിയത്. കിക്കോഫായി അഞ്ചാം മിനുറ്റില്‍ തിയോ ഹെര്‍ണാണ്ടസിന്‍റെ പറന്നടിയില്‍ ഫ്രാന്‍സ് മുന്നിലെത്തി. രണ്ടാം ഗോള്‍ 79-ാം മിനുറ്റില്‍ പകരക്കാരന്‍ കോളോ മുവാനിയുടെ വകയായിരുന്നു. പകരക്കാരനായി മൈതാനത്തിറങ്ങി വെറും 44-ാം സെക്കന്‍ഡിലായിരുന്നു മുവാനിയുടെ ഗോള്‍. ഒരു ആഫ്രിക്കൻ ടീമിന്‍റെ ലോകകപ്പുകളിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ലോക ചാമ്പ്യന്മാരെയും വിറപ്പിച്ചാണ് മൊറോക്കോയുടെ മടക്കം. ആദ്യമായാണ് ഒരു ആഫ്രിക്കന്‍ ടീം ഫിഫ ലോകകപ്പിന്‍റെ സെമിയിലെത്തുന്നത്.