കേരളം ഫുട്ബോള്‍ പ്രേമികളുടെ നാട്; പുള്ളാവൂരിലെ കട്ടൗട്ടുകളെ പ്രശംസിച്ച ഫിഫയ്ക്ക് നന്ദിയറിയിച്ച് മുഖ്യമന്ത്രി

കോഴിക്കോട് പുള്ളാവൂരില്‍ ആരാധകര്‍ സ്ഥാപിച്ച ലിയോണല്‍ മെസി, നെയ്‌മര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരുടെ കട്ടൗട്ടുകളെ പ്രശംസിച്ചുള്ള ഫിഫയുടെ ട്വീറ്റിനുള്ള പ്രതികരണമായാണ് കേരള മുഖ്യമന്ത്രിയുടെ കുറിപ്പ്

FIFA World Cup 2022 Kerala CM Pinarayi Vijayan thanks to FIFA for shared Giant cutouts of Messi Neymar Ronaldo

തിരുവനന്തപുരം: ഖത്തര്‍ വേദിയാവുന്ന ലോകകപ്പിന് മുമ്പ് കേരളത്തിലെ ഫുട്ബോള്‍ പ്രേമികളുടെ ആവേശത്തെ വാനോളം പുകഴ്‌ത്തിയ ഫിഫയ്ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളവും മലയാളികളും എന്നും ഫുട്ബോള്‍ ഇഷ്‌ടപ്പെടുന്നവരാണ്. ഖത്തര്‍ ലോകകപ്പിന്‍റെ ആവേശം സംസ്ഥാനത്തിന്‍റെ എല്ലാ മുക്കിലും മൂലയിലും കാണാം. താരതമ്യങ്ങളില്ലാത്ത കേരളത്തിന്‍റെ ഫുട്ബോള്‍ ആവേശത്തെ അനുമോദിച്ച ഫിഫയ്ക്ക് നന്ദി എന്നാണ് പിണറായിയുടെ ട്വീറ്റ്. 

കോഴിക്കോട് പുള്ളാവൂരില്‍ ആരാധകര്‍ സ്ഥാപിച്ച ലിയോണല്‍ മെസി, നെയ്‌മര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരുടെ കട്ടൗട്ടുകളെ പ്രശംസിച്ചുള്ള ഫിഫയുടെ ട്വീറ്റിനുള്ള പ്രതികരണമായാണ് കേരള മുഖ്യമന്ത്രിയുടെ കുറിപ്പ്. 

'കേരളത്തിന് ഫുട്ബോള്‍ ജ്വരം, നെയ്‌മറുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ലിയോണല്‍ മെസിയുടേയും കൂറ്റന്‍ കട്ടൗട്ടുകള്‍ പുഴയില്‍ ഉയര്‍ന്നപ്പോള്‍' എന്ന തലക്കെട്ടോടെയാണ് പുള്ളാവൂരിലെ ആരാധകരുടെ ആവേശം ഫിഫ ഇന്ന് ട്വീറ്റ് ചെയ്തത്. ആഗോള ഫുട്ബോള്‍ സംഘടനയായ ഫിഫയുടെ ട്വീറ്റ് കേരളത്തിലെ ഫുട്ബോള്‍ പ്രേമികളെ ആവേശത്തിലാക്കിയിരുന്നു. കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയിലാണ് സമകാലിക ഫുട്ബോളിലെ ഇതിഹാസങ്ങളായ അര്‍ജന്‍റീനന്‍, ബ്രസീല്‍, പോര്‍ച്ചുഗീസ് താരങ്ങളുടെ കൂറ്റന്‍ കട്ടൗട്ടുകള്‍ ലോകകപ്പിന് മുന്നോടിയായി ഉയര്‍ന്നത്. മൂന്ന് താരങ്ങളുടെയും ആരാധകര്‍ വാശിയോടെ ഇവിടെ കട്ടൗട്ടുകള്‍ സ്ഥാപിക്കുകയായിരുന്നു.  

പുള്ളാവൂരില്‍ ആദ്യമുയര്‍ന്നത് അര്‍ജന്‍റീനയുടെ മിശിഹാ ലിയോണല്‍ മെസിയുടെ ഭീമന്‍ കട്ടൗട്ടായിരുന്നു. ഇത് വൈറലായതിന് പിന്നാലെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പെടെ വലിയ വാര്‍ത്തയാക്കി. തൊട്ടരികെ കാനറികളുടെ സുല്‍ത്താന്‍ നെയ്‌മറുടെ അതിഭീമന്‍ കട്ടൗട്ട് സ്ഥാപിച്ച് ബ്രസീല്‍ ആരാധകര്‍ മറുപടി കൊടുത്തതോടെ കേരളത്തിലെ ഫുട്ബോള്‍ ആരാധകരുടെ ശ്രദ്ധയെങ്ങും പുള്ളാവൂരിലേക്കെത്തി. മെസിയുടെ കട്ടൗട്ട് 30 അടിയാണെങ്കില്‍ നെയ്മറുടെ തലപ്പൊക്കം അതിനേക്കാള്‍ പത്ത് അടി കൂടെ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് സിആര്‍7 ആരാധകരുടെ വക ക്രിസ്റ്റ്യാനോയുടെ കട്ടൗട്ടും പുഴയില്‍ ഉയര്‍ന്നത്. 

കേരളത്തിലെ ഫുട്ബോള്‍ പനിയില്‍ ഞെട്ടി ഫിഫ; പുള്ളാവൂരിലെ മെസി, നെയ്‌മര്‍, സിആര്‍7 കട്ടൗട്ടുകള്‍ ട്വീറ്റ് ചെയ്തു
 

Latest Videos
Follow Us:
Download App:
  • android
  • ios