ജര്‍മനി പുറത്തായതും സ്പെയിന്‍ രണ്ടാം സ്ഥാനത്തേക്ക് വീണതും ജപ്പാന്‍റെ വിവാദ ഗോളില്‍-വീഡിയോ

പന്ത് ടച്ച് ലൈന്‍ കടന്ന് ഔട്ടായിരുന്നോ എന്ന് വാര്‍ പരിശോധിച്ചു. റീപ്ലേകളില്‍ പന്ത് ടച്ച് ലൈന്‍ കടക്കുന്നത് വ്യക്തമാണെങ്കിലും കടന്നിട്ടില്ലെന്നായിരുന്നു വാര്‍ തീരുമാനം. ഇതോടെ റഫറി ഗോള്‍ അനുവദിച്ചു. ഈ ഗോളാണ് ജര്‍മനിക്ക് വിനയായത്.

FIFA World Cup 2022: Japans controversial second goal against Spain, eliminated Germany

ദോഹ: ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് ഇയിലെ അവസാന റൗണ്ട് പോരാട്ടങ്ങള്‍ നാടകീയതകൊണ്ട് ഒരു സസ്പെന്‍സ് ത്രില്ലറിനെ വെല്ലുന്നതായിരുന്നു.ശാന്തമായിരുന്നു രണ്ട് മത്സരങ്ങളുടെയും ആദ്യ പകുതി. ആദ്യ പകുതിയില്‍ പന്തടക്കത്തിലും പാസിംഗിലും മൃഗീയ ആധിപത്യവുമായി സ്പെയിന്‍ ജപ്പാനെതിരെയും ജര്‍മനി കോസ്റ്റോറിക്കക്കെതിരെയും ഓരോ ഗോളടിച്ച് മുന്നിലെത്തിയപ്പോള്‍ ഇനി ഒന്നും സംഭവിക്കാനില്ലെന്ന് കരുതിയ ആരാധകരെ ഞെട്ടിച്ചു കൊണ്ടാണ് രണ്ടാം പകുതി തുടങ്ങിയത്.

രണ്ടാം പകുതിയുടെ തുടക്കത്തിലെ ജപ്പാന്‍ സമനില ഗോള്‍ നേടി. ജര്‍മനിക്കെതിരെ സമനില ഗോള്‍ സമ്മാനിച്ച റിറ്റ്സു ഡോവന്‍റെ മനോഹര വോളിയിലാണ് ജപ്പാന്‍ സമനില ഗോള്‍ നേടിയത്. ഒരു മിനിറ്റിനകം ജപ്പാന്‍റെ രണ്ടാം ഗോളുമെത്തി. എന്നാല്‍ ഈ ഗോളിന് വിവാദത്തിന്‍റെ ടച്ചുണ്ടായിരുന്നു. ജപ്പാന്‍ മുന്നേറ്റത്തിനൊടുവില്‍ ടച്ച് ലൈന്‍ കടന്ന് പുറത്തുപോയ പന്ത് കൗറു മിടോമ ബോക്സിലേക്ക് മറിച്ചിട്ടു. പോസ്റ്റിന് മുന്നിലുണ്ടായിരുന്ന ഓ ടനാക കാല്‍മുട്ടുകൊണ്ട് പന്ത് വലയിലാക്കി. ജപ്പാന്‍ താരങ്ങള്‍ സംശയത്തോടെ ആഘോഷം തുടങ്ങിയപ്പോള്‍ തന്നെ റഫറി വാര്‍ പരിശോധനക്കായി വിട്ടു.

പന്ത് ടച്ച് ലൈന്‍ കടന്ന് ഔട്ടായിരുന്നോ എന്ന് വാര്‍ പരിശോധിച്ചു. റീപ്ലേകളില്‍ പന്ത് ടച്ച് ലൈന്‍ കടക്കുന്നത് വ്യക്തമാണെങ്കിലും കടന്നിട്ടില്ലെന്നായിരുന്നു വാര്‍ തീരുമാനം. ഇതോടെ റഫറി ഗോള്‍ അനുവദിച്ചു. ഈ ഗോളാണ് ജര്‍മനിക്ക് വിനയായത്. 2-1 ലീഡെടുത്ത ജപ്പാന്‍ ബസ് പാര്‍ക്കിംഗിലൂടെ സ്പെയിനിനെ പിന്നീട് ഗോളടിക്കാന്‍ അനുവദിച്ചില്ല. മറുവശത്ത് 58-ാം മിനിറ്റില്‍ സമനില ഗോള്‍ നേടിയ കോസ്റ്റോറിക്ക 70ാം മിനിറ്റില്‍ ലീഡെടുത്തോടെ സ്പെയിനും പുറത്താകല്‍ ഭീഷണിയിലായി.

എന്നാല്‍ മൂന്ന് മിനിറ്റിനകം ജര്‍മനി സമനില വീണ്ടെടുത്തത് സ്പെയിനിന് തുണയായി. കോസ്റ്റോറിക്കയെ ആദ്യ മത്സരത്തില്‍ ഏഴ് ഗോളിന് തോല്‍പ്പിച്ചതാണ് സ്പെയിനിന് പ്രീ ക്വാര്‍ട്ടറിലേക്ക് വഴിതുറന്നത്. എങ്കിലും സ്പെയിനും ജര്‍മനിയും ഉള്‍പ്പെടെ മുന്‍ ലോക ചാമ്പ്യന്‍മാര്‍ അടങ്ങിയ ഗ്രൂപ്പില്‍ നിന്ന് ഏഷ്യന്‍ ശക്തികളായ ജപ്പാന്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീ ക്വാര്‍ട്ടറിലെത്തിയത് ഈ ത്രില്ലറിലെ ആന്‍റി ക്ലൈമാക്സായി. ജപ്പാന്‍റെ രണ്ടാം ഗോള്‍ ഫുട്ബോള്‍ ലോകത്ത് വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചക്കും വിവാത്തിനും വഴി മരുന്നിടുമെന്നാണ് കരുതുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios