ക്യാപ്റ്റന്‍ ഡാനി ആൽവസ്; കാമറൂണിനെതിരെ അടിമുടി മാറ്റത്തിന് ബ്രസീല്‍
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് കളിയും ജയിച്ച് പ്രീ ക്വാർട്ടർ ഉറപ്പാക്കിയ ടീമാണ് ബ്രസീൽ
ദോഹ: ഫിഫ ലോകകപ്പിൽ കാമറൂണിനെതിരെ അടിമുടി മാറ്റങ്ങളുമായാണ് അവസാന ഗ്രൂപ്പ് മത്സരത്തിന് ബ്രസീൽ ഇറങ്ങുക. വെറ്ററന്‍ ഡിഫന്‍റര്‍ ഡാനി ആൽവസായിരിക്കും കാനറികളെ നയിക്കുക. ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഇന്ന് രാത്രി 12.30നാണ് കാമറൂണ്‍-ബ്രസീല്‍ ഗ്രൂപ്പ് ജി മത്സരത്തിന് കിക്കോഫാവുക.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് കളിയും ജയിച്ച് പ്രീ ക്വാർട്ടർ ഉറപ്പാക്കിയ ടീമാണ് ബ്രസീൽ. സെര്‍ബിയയെ എതിരില്ലാത്ത രണ്ട് ഗോളിനും സ്വിറ്റ്‌സര്‍ലന്‍ഡിനെ 1-0നും ബ്രസീല്‍ പരാജയപ്പെടുത്തിയിരുന്നു. ആറ് പോയിന്‍റുമായി ബ്രസീല്‍ തന്നെയാണ് ജി ഗ്രൂപ്പില്‍ തലപ്പത്ത്. എന്നാല്‍ കാനറികള്‍ക്കെതിരെ അട്ടിമറി വിജയത്തിലൂടെ നോക്കൗട്ട് സാധ്യതയിലേക്ക് ഉറ്റുനോക്കുകയാണ് കാമറൂൺ.
ആഫ്രിക്കൻ കരുത്തർക്കെതിരെ ഇറങ്ങുമ്പോൾ റിസർവ് താരങ്ങളെ പരീക്ഷിക്കാനാണ് ബ്രസീൽ കോച്ച് ടിറ്റെയുടെ തീരുമാനം. പരിക്കേറ്റ നെയ്‌മർ, ഡാനിലോ, അലക്‌സ് സാന്ദ്രോ എന്നിവർക്കൊപ്പം മറ്റ് ചില താരങ്ങൾക്കും വിശ്രമം അനുവദിക്കും. ഗോൾകീപ്പറായി പോസ്റ്റിന് മുന്നിലെത്തുക മാഞ്ചസ്റ്റര്‍ സിറ്റിയുടെ എഡേഴ്സണാവും. പ്രതിരോധത്തിൽ ഡാനി ആൽവസ്, എഡർ മിലിറ്റാവോ, ബ്രെമർ, അലക്‌സ് ടെല്ലസ് എന്നിവരും മധ്യനിരയിൽ ഫാബീഞ്ഞോ, ബ്രൂണോ ഗിമറെയ്‌സ്, റോഡ്രിഡോ എന്നിവരെയുമാണ് പ്രതീക്ഷിക്കുന്നത്. ആന്‍റണി, ഗബ്രിയേൽ ജെസ്യൂസ്, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവർ മുന്നേറ്റനിരയിലുമെത്തും.
പ്രീ ക്വാർട്ടറിന് മുൻപ് എല്ലാവരെയും പൂർണ ഫിറ്റ്നസിലേക്ക് തിരിച്ചെത്തിക്കാനാണ് ടിറ്റെയുടെ വമ്പൻ പരീക്ഷണം. സ്വിറ്റ്സർലൻഡിനോട് തോൽക്കുകയും സെർബിയയോട് സമനില വഴങ്ങുകയും ചെയ്‌ത കാമറൂണിന് ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷ നൽകില്ല. ബ്രസീലും കാമറൂണും ഇതിന് മുൻപ് ആറ് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. അഞ്ചിലും ജയം ബ്രസീലിനൊപ്പമായിരുന്നു. 2003ലെ കോൺഫെഡറേഷൻസ് കപ്പിലായിരുന്നു കാമറൂണിന്‍റെ അട്ടിമറി വിജയം.
ഗ്രൂപ്പ് ചാമ്പ്യന്‍മാരാകാന്‍ ബ്രസീലും പോര്‍ച്ചുഗലും; ലോകകപ്പിൽ ഇന്ന് അവസാന ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ