ക്രൊയേഷ്യ-ബെൽജിയം സുവര്‍ണ തലമുറകള്‍ മുഖാമുഖം; തോറ്റാല്‍ ഒരുപിടി ഇതിഹാസങ്ങള്‍ക്ക് ഇന്ന് അവസാന ലോകകപ്പ് മത്സരം!
ഇന്ന് തോൽക്കുന്ന ടീമിലെ പലരുടെയും അവസാന ലോകകപ്പ് മത്സരം കൂടിയാകും ഇത്
ദോഹ: ഫിഫ ലോകകപ്പില്‍ ഇന്ന് ആദ്യ ചിത്രം വ്യക്തമാകുന്നത് എഫ് ഗ്രൂപ്പിലാണ്. രാത്രി 8.30ന് രണ്ട് മത്സരങ്ങളുണ്ട്. ജീവന്മരണ പോരാട്ടമായി മാറുന്ന ബെൽജിയം-ക്രൊയേഷ്യ മത്സരത്തിലെ വിജയി നോക്കൗട്ട് റൗണ്ടിലേക്ക് കടക്കും. തോൽക്കുന്നവർ പുറത്തേക്കും. മോറോക്കോയും കാനഡയും തമ്മിലാണ് മറ്റൊരു മത്സരം. കാനഡ ഒഴികെ മൂന്ന് ടീമുകൾക്കും പ്ലേ ഓഫിലേക്ക് സാധ്യതയുണ്ട്. ഇന്ന് തോൽക്കുന്ന ടീമിലെ പലരുടെയും അവസാന ലോകകപ്പ് മത്സരം കൂടിയാകും ഇത്. അതിനാല്‍ ഇരു ടീമുകളുടേയും സുവര്‍ണ തലമുറകള്‍ തമ്മിലുള്ള പോരാട്ടം ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
മുന്നേറ്റനിരയിൽ റൊമേലു ലുക്കാക്കു, ഈഡൻ ഹസാർഡ്, മധ്യനിരയിൽ കെവിൻ ഡിബ്രുയിൻ, പ്രതിരോധത്തിൽ യാൻ വെർട്ടോംഗൻ, ഗോൾ വലയ്ക്കു മുന്നിൽ തിബോ ക്വോർത്വ എന്നിവരെല്ലാം ബെൽജിയം ഫുട്ബോളിലെ സുവർണ തലമുറയാണ്. ഈ ലോകകപ്പോടെ ഈ തലമുറ അവസാനിക്കുകയാണ്. ഇന്നത്തെ മത്സരത്തിൽ ബെൽജിയം തോറ്റാൽ അടുത്ത ലോകകപ്പിൽ ഉണ്ടാകുമെന്ന് കരുതാനാകുന്നത് 29 കാരൻ ലുക്കാക്കുവിനെ മാത്രം. കാനഡയോട് ഒറ്റ ഗോൾ നേടി ജയിച്ചപ്പോള്‍ മൊറോക്കോയോട് 2-0ന് തോൽവിയായിരുന്നു ബെല്‍ജിയത്തിന്‍റെ ഫലം.
ക്രൊയേഷ്യയാകട്ടെ 4-1 കാനഡയെ തറപറ്റിച്ചു. മൊറോക്കോയോട് ഗോൾരഹിത സമനില വഴങ്ങി. ലൂക്കാ മോഡ്രിച്ചിനും സംഘത്തിനും ഇന്ന് സമനിലയായാലും അവസാന പതിനാറിലെത്താം. കഴിഞ്ഞ ലോകകപ്പിൽ അധികമാരും പ്രതീക്ഷ വെക്കാതിരിക്കുകയും അട്ടിമറികൾ കൊണ്ട് ഫുട്ബോൾ ആരാധകരുടെ മനം കീഴടക്കുകയും ചെയ്തവരാണ് ക്രൊട്ടുകൾ. അവരുടെ സുവര്‍ണ തലമുറയും ഈ ലോകകപ്പോടെ കളം വിടും. നായകൻ ലൂക്കാ മോഡ്രിച്ച്, മുന്നേറ്റക്കാരൻ പെരിസിച്ച് തുടങ്ങിയ സൂപ്പർ താരങ്ങളും ഇനിയൊരു ലോകകപ്പിനുണ്ടാകില്ല. അതുകൊണ്ട് തന്നെ തീപാറും പോരാട്ടമാകും ബെൽജിയം-ക്രൊയേഷ്യ മത്സരമെന്ന് ഉറപ്പിക്കാം.
ഏഞ്ചൽ ഡി മരിയയുടെ പരിക്ക് സാരമോ? ആരാധകര്‍ കാത്തിരുന്ന വിവരം പുറത്ത്