ശ്രദ്ധാകേന്ദ്രം ഫ്രാന്‍സ്, പണികൊടുക്കുമോ ഡെന്‍മാര്‍ക്ക്; ഒന്നും പറയാനാവാതെ ഗ്രൂപ്പ് ഡി
ഫുട്ബോള്‍ ലോകകപ്പില്‍ കിരീടം നേടുന്നതിനെക്കാൾ പ്രയാസമാണ് കിരീടം നിലനിർത്താൻ
ദോഹ: ഫിഫ ലോകകപ്പില്‍ നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിന്‍റെ സാന്നിധ്യമാണ് ഗ്രൂപ്പ് ഡിയെ ശ്രദ്ധേയമാക്കുന്നത്.
ഡെൻമാർക്കും ഓസ്ട്രേലിയയും ടുണീഷ്യയുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ഡെന്‍മാര്‍ക്കിന്‍റെ പ്രകടനം ഫുട്ബോള്‍ ലോകകപ്പില്‍ ഗ്രൂപ്പിലെ ടോപ്പര്‍മാരെ തീരുമാനിക്കുന്നതില്‍ നിര്‍ണായകമാകും.
ഫുട്ബോള്‍ ലോകകപ്പില്‍ കിരീടം നേടുന്നതിനെക്കാൾ പ്രയാസമാണ് കിരീടം നിലനിർത്താൻ. ഈ വെല്ലുവിളി അതിജീവിക്കുകയാണ് ഫ്രാൻസിന് മുന്നിലെ കടമ്പ. ചാമ്പ്യൻമാർ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താവുന്ന ദൗര്‍ഭാഗ്യത്തിൽ നിന്ന് രക്ഷപ്പെടുകയും വേണം ഫ്രാൻസിന്. എന്‍ഗോളോ കാന്‍റേയും പോള്‍ പോഗ്ബയും പരിക്കേറ്റ് പുറത്തായെങ്കിലും ഫ്രാൻസിന്‍റെ കരുത്തിനൊട്ടും കുറവില്ല. കിലിയന്‍ എംബാപ്പെയും കരീം ബെൻസേമയും ഗ്രീസ്‌മാനുമെല്ലാം എതിരാളികളെ തരിപ്പണമാക്കാൻ ശേഷിയുള്ളവർ. ഫിഫ റാങ്കിംഗിൽ നാലാമൻമാരായ ഫ്രാൻസിന് ഇത്തവണയും തന്ത്രമോതുന്നത് കളിക്കാരനായും പരിശീലകനായും ലോകകപ്പ് സ്വന്തമാക്കിയ ദിദിയെ ദെഷാം.
ഗ്രൂപ്പിൽ ഫ്രാൻസിന്‍റെ പ്രധാന പ്രതിയോഗികൾ ഡെൻമാർക്കായിരിക്കും. യുറോ കപ്പിനിടെ കുഴഞ്ഞുവീണ് മരണത്തെ അതിജീവിച്ച ക്രിസ്റ്റ്യൻ എറിക്‌സൺ തന്നെയാണ് ഡെൻമാർക്കിന്‍റെ മുഖം. ശക്തമായ പ്രതിരോധ നിരയുള്ള ഡെൻമാർക്ക് ഫിഫ റാങ്കിംഗിലെ പത്താം സ്ഥാനക്കാരാണ്. ഏഷ്യൻ പ്രതിനിധികളായെത്തുന്ന ഓസ്ട്രേലിയയും ഒരുകൈ നോക്കാൾ ശേഷിയുള്ളവർ. ശാരീരികക്ഷമതയിൽ എതിരാളികളെക്കാൾ ഒരുപടി മുന്നിലാണ് ഓസീസ് സംഘം. ഗ്രൂപ്പിലെ നാലാം സ്ഥാനക്കാരായ ടുണീഷ്യ മുന്നോട്ടുപോകണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കേണ്ടിവരും. ആറാം ലോകകപ്പിനെത്തുന്ന ടുണീഷ്യ ഇതുവരെ ഗ്രൂപ്പ് ഘട്ടം കടന്നിട്ടില്ല.
ഫ്രഞ്ച് സ്‌ക്വാഡ്
ഗോള്‍കീപ്പര്‍മാര്‍: ഹ്യൂഗോ ലോറിസ് (ടോട്ടന്‍ഹാം), സ്റ്റീവ് മന്ദാന്‍ഡ (റെന്നസ്), അല്‍ഫോണ്‍സ് അരിയോള (വെസ്റ്റ് ഹാം യുണൈറ്റഡ്)
ഡിഫന്‍ഡര്‍മാര്‍: ലൂക്കാസ് ഹെര്‍ണാണ്ടസ് (ബയേണ്‍ മ്യൂണിക്ക്), തിയോ ഹെര്‍ണാണ്ടസ് (എസി മിലാന്‍), അക്സല്‍ ഡിസാസി (മൊണോക്കോ), ഇബ്രാഹിമ കൊണാറ്റെ (ലിവര്‍പൂള്‍), യൂള്‍സ് കൂന്‍റെ (ബാഴ്‌സലോണ), ബെഞ്ചമിന്‍ പവാര്‍ഡ് (ബയേണ്‍ മ്യൂണിക്ക്), വില്യം സാലിബ (ആഴ്‌സണല്‍), റാഫേല്‍ വരാനെ (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), ഡായോ ഒപമെക്കാനോ (ബയേണ്‍ മ്യൂണിക്ക്).
മിഡ്ഫീല്‍ഡര്‍മാര്‍: എഡ്വേര്‍ഡോ കാമവിംഗ (റയല്‍ മാഡ്രിഡ്), യൂസഫ് ഫൊഫാന (മൊണാക്കോ), മാറ്റിയോ ഗെന്‍ഡുസി (മാഴ്‌സെ), അഡ്രിയന്‍ റാബിയോട്ട് (യുവന്റസ്), ഒറെലിയന്‍ ചുവമെനി (റയല്‍ മാഡ്രിഡ്), ജോര്‍ദാന്‍ വേറെറ്റോ (മാഴ്‌സെ)
ഫോര്‍വേഡുകള്‍: കരീം ബെന്‍സേമ (റയല്‍ മാഡ്രിഡ്), കിങ്സ്ലി കോമാന്‍ (ബയേണ്‍ മ്യൂണിക്ക്), ഒസ്മാന്‍ ഡെംബെലെ (ബാഴ്‌സലോണ), ഒളിവിയര്‍ ജിറൂദ് (എസി മിലാന്‍), അന്റോയിന്‍ ഗ്രീസ്മാന്‍ (അത്‌ലറ്റിക്കോ മാഡ്രിഡ്), കിലിയന്‍ എംബാപ്പെ (പിഎസ്ജി), മാര്‍ക്കസ് തുറാം (ബൊറൂസിയ മോൻചെൻഗ്ലാഡ്ബാച്ച്)