ആരാധകര്‍ക്ക് ആവേശനീലിമ; പോളിഷ് കോട്ട തകര്‍ത്ത് അര്‍ജന്‍റീന പ്രീ ക്വാര്‍ട്ടറില്‍

രണ്ടാംപകുതിയുടെ തുടക്കത്തില്‍ 47-ാം മിനുറ്റില്‍ അര്‍ജന്‍റീന ലീഡ് പിടിച്ചു. മാക് അലിസ്റ്ററാണ് വലകുലുക്കിയത്.

FIFA World Cup 2022 Group C Argentina into pre quarter after beat Poland

ദോഹ: ഖത്തര്‍ ലോകകപ്പിലെ ഗ്രൂപ്പ് സിയില്‍ അര്‍ജന്‍റീന ആരാധകരുടെ പ്രതീക്ഷകള്‍ക്ക് വിജയനീലിമ. പോളണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് അര്‍ജന്‍റീന ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ആദ്യപകുതിയില്‍ അര്‍ജന്‍റീനയെ പിടിച്ചുകെട്ടിയ പോളിഷ് പട രണ്ടാംപകുതിയില്‍ ഇരട്ട ഗോള്‍ വഴങ്ങുകയായിരുന്നു. മാക് അലിസ്റ്ററും(46), ജൂലിയന്‍ ആല്‍വാരസുമാണ്(67) മെസിപ്പടയ്ക്കായി ലക്ഷ്യംകണ്ടത്. സൗദിയോട് പൊരുതിക്കളിച്ച് മെക്‌സിക്കോ 2-1ന് വിജയിച്ചെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ പോയിന്‍റ് നിലയില്‍ രണ്ടാമതെത്തിയ പോളണ്ടും പ്രീ ക്വാര്‍ട്ടറിലെത്തി.   

നാല് മാറ്റങ്ങളുമായി അര്‍ജന്‍റീന

സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ നാല് മാറ്റങ്ങളുമായാണ് അര്‍ജന്‍റീന കളത്തിറങ്ങിയത്. 4-3-3-ശൈലിയില്‍ അര്‍ജന്‍റീന മൈതാനത്തുവന്നു. മെക്‌സിക്കോയ്‌ക്കെതിരെ പകരക്കാരനായി എത്തി ഗോളടിച്ച എന്‍സോ ഫെര്‍ണാണ്ടസ് സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തിയതാണ് ഏറ്റവും ശ്രദ്ധേയം. ആദ്യ രണ്ട് കളികളില്‍ നിറം മങ്ങിയ ലൗറ്റാരോ മാര്‍ട്ടിനെസിന് പകരം മാഞ്ചസ്റ്റര്‍ സിറ്റി താരം ജൂലിയന്‍ അല്‍വാരസ് സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തി. ക്രിസ്റ്റ്യന്‍ റൊമേറോ സെന്‍റര്‍ ബാക്ക് സ്ഥാനത്ത് സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ നിക്കോളാസ് ഒട്ടമെന്‍ഡിയും ടീമില്‍ ഇടം നേടി. ലെഫ്റ്റ് ബാക്കായി മാര്‍ക്കോസ് അക്യുനയും റൈറ്റ് ബാക്കായി നാഹ്യുവല്‍ മൊളീനയുമെത്തി.

പ്രതിരോധത്തിന് ഊന്നല്‍ നല്‍കുന്ന 4-4-1-1 ശൈലിയിലായിരുന്നു പോളണ്ട് ടീം. പ്രതിരോധ കരുത്ത് തന്നെയായിരുന്നു മത്സരത്തിന്‍റെ ആദ്യപകുതിയിലും കണ്ടത്. 

ആക്രമണം അര്‍ജന്‍റീന

അര്‍ജന്‍റീനയുടെ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്. എന്നാല്‍ ഉയരക്കാരായ പോളിഷ് പ്രതിരോധം വിലങ്ങുതടിയായി. രണ്ടാം മിനുറ്റില്‍ ലിയോണല്‍ മെസിയെടുത്ത കോര്‍ണ‍ര്‍ പ്രതിരോധം മറികടക്കാന്‍ കഴിയാതെ പോയി. ഏഴാം മിനുറ്റില്‍ മെസിയുടെ ഷോട്ട് ഗോളി സ്റ്റെന്‍സി അനായാസമായി പിടികൂടി. 11-ാം മിനുറ്റില്‍ മെസിയുടെ മറ്റൊരു ഷോട്ട് കൂടി ഗോളിയില്‍ അസ്തമിച്ചു. 17-ാം മിനുറ്റില്‍ അക്യുനയുടെ ഷോട്ട് ബാറിന് മുകളിലൂടെ പാറി. 19-ാം മിനുറ്റില്‍ അക്യുനയുടെ മറ്റൊരു ശ്രമം ഗോളി തടുത്തു. 22-ാം മിനുറ്റില്‍ പോളണ്ടിന് ലഭിച്ച കോ‍ര്‍ണര്‍ കിക്കും വലയുടെ പരിസരത്തേക്കേ വന്നില്ല. 28-ാം മിനുറ്റില്‍ അക്യുനയുടെ മിന്നല്‍പ്പിണ‍ര്‍ പോസ്റ്റിനെ ഉരുമി കടന്നുപോയി. 32-ാം മിനുറ്റില്‍ ഡി മരിയയുടെ മഴവില്‍ കോര്‍ണര്‍ സ്റ്റെന്‍സി പറന്ന് തട്ടിയകറ്റിയത് ആകര്‍ഷകമായി. 

പെനാല്‍റ്റി തുലച്ച് മെസി, താരമായി സ്റ്റെന്‍സി 

36-ാം മിനുറ്റില്‍ അല്‍വാരസിന്‍റെ മിന്നലും സ്റ്റെന്‍സി തട്ടിയകറ്റി. 38-ാം മിനുറ്റില്‍ സ്റ്റെന്‍സി, മെസിയെ ഫൗള്‍ ചെയ്തെന്ന് കണ്ടെത്തി വാര്‍ പെനാല്‍റ്റി അനുവദിച്ചു. സാക്ഷാല്‍ മിശിഹാ എടുത്ത പെനാല്‍റ്റി സ്റ്റെന്‍സിയുടെ മികവിന് മുന്നില്‍ ഒന്നുമല്ലാണ്ടായി. പിന്നാലെയും അര്‍ജന്‍റീനന്‍ താരങ്ങള്‍ ആക്രമണങ്ങള്‍ നടത്തിയെങ്കിലും പോളിഷ് ഗോളിയെ മറികടക്കാന്‍ കഴിയാതെപോയി. ഇതോടെ ഇരു ടീമുകളും ഗോള്‍ നേടിയില്ല. ലിയോണല്‍ മെസിയുടെ പെനാല്‍റ്റി കിക്ക് തടുത്ത് ആദ്യപകുതിയില്‍ പോളിഷ് ഗോളി സ്റ്റെന്‍സി താരമായി. ഇതടക്കം ഏഴ് സേവുകളാണ് സ്റ്റെന്‍സിയുടെ കൈകളില്‍ നിന്ന് 45 മിനുറ്റുകളിലും മൂന്ന് മിനുറ്റ് അധികസമയത്തുമുണ്ടായത്. 66 ശതമാനം ബോള്‍ പൊസിഷന്‍ അര്‍ജന്‍റീനയെ മുതലാക്കാന്‍ സ്റ്റെന്‍സി അനുവദിച്ചില്ല. 

രണ്ടാംപകുതി നീല വസന്തം 

രണ്ടാംപകുതി അര്‍ജന്‍റീന ആക്രമണത്തിലും ഫിനിഷിംഗിലും പിടിച്ചെടുത്തു. ആദ്യപകുതിയിലെ വീഴ്‌ചയ്ക്ക് പ്രായശ്ചിത്തം എന്നോളം 47-ാം മിനുറ്റില്‍ അര്‍ജന്‍റീന ലീഡ് പിടിച്ചു. മാക് അലിസ്റ്ററാണ് വലകുലുക്കിയത്. തൊട്ടുപിന്നാലെ ഹെഡറിലൂടെ തുല്യത പിടിക്കാനുള്ള അവസരം പോളണ്ട് പാഴാക്കി. 58-ാം മിനുറ്റില്‍ ഡി മരിയയെയും അക്യുനയേയും പിന്‍വലിച്ച് പരേഡസും ടാഗ്ലൈഫിക്കോയുമെത്തി. 60-ാം മിനുറ്റില്‍ അലിസ്റ്ററുടെ ഷോട്ടില്‍ സേവിലൂടെ സ്റ്റെന്‍സി തിരിച്ചെത്തി. എന്നാല്‍ 68-ാം മിനുറ്റില്‍ എല്‍സോ ഫെര്‍ണാണ്ടസിന്‍റെ അസിസ്റ്റില്‍ ജൂലിയന്‍ ആല്‍വാരസ് അര്‍ജന്‍റീനയുടെ ഗോള്‍നില രണ്ടാക്കി. പിന്നീട് ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ അര്‍ജന്‍റീനക്കായില്ലെങ്കിലും ഇതിനകം പ്രീ ക്വാര്‍ട്ടര്‍ ടീം ഉറപ്പിച്ചിരുന്നു. എയർ ബോളുകളിൽ ഒന്നും ചെയ്യാനാവില്ലെന്ന് മനസിലാക്കിയ അർജന്റീന രണ്ടാംപാതിയിൽ കുറിയ പാസുകളിലൂടെ വിടവ് കണ്ടെത്തിയാണ് ഇരു ഗോളും നേടിയത്.

ചരിത്രം; ഫ്രാന്‍സിനെ മലര്‍ത്തിയടിച്ച് ടുണീഷ്യ; ഗ്രൂപ്പ് ഡിയില്‍ പ്രീ ക്വാര്‍ട്ടര്‍ ടീമുകളായി

Latest Videos
Follow Us:
Download App:
  • android
  • ios