കരുത്തര്‍ ഇംഗ്ലണ്ട്, ശ്രദ്ധേയം ഇറാന്‍-അമേരിക്ക പോരാട്ടം; ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ബി കരുതിവച്ചിരിക്കുന്നത്
വമ്പൻ താരനിരയുമായാണ് കരുത്തരായ ഇംഗ്ലണ്ട് ഫിഫ ലോകകപ്പിനൊത്തുന്നത്, പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ താരനിരയാണ് ശ്രദ്ധേയം
ദോഹ: ഖത്തര്‍ വേദിയാവുന്ന ഫുട്ബോള്‍ ലോകകപ്പിന്‍റെ ആവേശം വാനോളം ഉയരുകയാണ്. കളത്തിൽ മാത്രമല്ല, കളത്തിന് പുറത്തും എതിരാളികളായ ടീമുകളാണ് ഗ്രൂപ്പ് ബിയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതുകൊണ്ടുതന്നെ ഗ്രൂപ്പ് ബിയിലെ ഓരോ കളിയും കളത്തിനപ്പുറത്തേക്ക് നീളുന്ന പോരാട്ടങ്ങളായിരിക്കും.
ഇംഗ്ലണ്ട്, വെയ്‌ല്‍സ്, ഇറാന്‍, അമേരിക്ക
വമ്പൻ താരനിരയുമായാണ് കരുത്തരായ ഇംഗ്ലണ്ട് ഫിഫ ലോകകപ്പിനൊത്തുന്നത്. ഗ്രൂപ്പ് ബിയില്‍ ഇംഗ്ലീഷ് പടയ്ക്കൊപ്പം അയൽക്കാരായ വെയ്ൽസുണ്ട്. ഏഷ്യൻ പ്രതീക്ഷകളുമായെത്തുന്ന ഇറാനും ഒപ്പം അമേരിക്കയുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ഗ്രൂപ്പ് ബിയിൽ ഓരോ കളിക്ക് പിന്നിലും ചരിത്രവൈരമുണ്ട്. 1966ന് ശേഷം ലോകകപ്പിനായി കാത്തിരിക്കുന്ന ഇംഗ്ലണ്ട് ഓരോ തവണയും ഇപ്പോഴില്ലെങ്കിൽ ഇനിയില്ല എന്ന വിശേഷണത്തോടെയാണ് വിശ്വപോരാട്ടത്തിന് എത്താറുള്ളത്. ഇത്തവണയും ഇതിന് മാറ്റമില്ല.
ഇംഗ്ലണ്ടിന് താരക്ഷാമമില്ല
പ്രീമിയർ ലീഗിലെ മിന്നും താരങ്ങളായ ക്യാപ്റ്റൻ ഹാരി കെയ്‌നും ബുകായ സാകയും ഫില്‍ ഫോഡനും ജാക്ക് ഗ്രീലിഷും മാര്‍ക്കസ് റാഷ്‌ഫോര്‍ഡും റഹീം സ്‌റ്റെര്‍ലിംഗും ജൂഡ് ബെല്ലിംഗ്ഹാമും ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സനും ട്രെന്‍റ് അലക്‌സാണ്ടര്‍ അര്‍ണോള്‍ഡും ലൂക്ക് ഷോയും കൈല്‍ വാക്കറുമെല്ലാം ഉൾപ്പെട്ട ഇംഗ്ലീഷ് നിര എന്തിനും ഏതിനും പോന്നവർ. കഴിഞ്ഞ ലോകകപ്പിൽ സെമിയിലും യൂറോ കപ്പിൽ ഫൈനലിലും എത്തിച്ച ഗാരെത് സൗത്‌ഗേറ്റിന്‍റെ ശിക്ഷണത്തിലാണ് ഇംഗ്ലണ്ട് ഇത്തവണയും ഖത്തറിലെത്തുന്നത്.
തിരിച്ചുവരവിന് വെയ്‌ല്‍സ്
ഇംഗ്ലണ്ടിന്‍റെ അയൽക്കാരായ വെയ്ൽസ് ലോകകപ്പിൽ പന്തുതട്ടാനെത്തുന്നത് 64 വർഷത്തെ ഇടവേളയ്ക്ക് ശേഷം. പ്ലേ ഓഫ് കടമ്പ കടന്നെത്തുന്ന വെയ്ൽസിന്‍റെ പ്രതീക്ഷ 108 കളിയിൽ 40 ഗോൾ നേടിയിട്ടുള്ള ക്യാപ്റ്റൻ ഗാരെത് ബെയ്‌ലിന്‍റെ ബൂട്ടുകളിൽ തന്നെ. ആരോൺ റാംസേയുടെ പരിചയസമ്പത്തും നിർണായകം. തുടർച്ചയായ മൂന്നാം ലോകകപ്പിനിറങ്ങുന്ന ഇറാന് ഗ്രൂപ്പ് ഘട്ടം മറികടക്കുക എന്നതുതന്നെയായിരിക്കും പ്രധാന വെല്ലുവിളി. ഖത്തറിലെ പരിചിത സാഹചര്യങ്ങൾ തുണയ്ക്കുമെന്നാണ് ടീമിന്‍റെ പ്രതീക്ഷ. മൂന്നാമൂഴത്തിലും പോർച്ചുഗീസുകാരൻ കാർലോസ് ക്വിറോസിന്‍റെ തന്ത്രങ്ങളുമായാണ് ഇറാന്‍റെ ശക്തിപരീക്ഷണം.
അമേരിക്ക-ഇറാൻ പോരാട്ടം
യൂറോപ്യൻ ക്ലബുകളിൽ കളിക്കുന്ന താരങ്ങളിൽ പ്രതീക്ഷയർപ്പിച്ചാണ് അമേരിക്കയെത്തുന്നത്. ഗ്രൂപ്പ് ഘട്ടം മറികടക്കുകയാണ് പ്രധാന ലക്ഷ്യം. ക്രിസ്റ്റ്യൻ പുലിസിക്, സെർജിനോ ഡെസ്റ്റ്, തിമോത്തി വിയ, വെസ്റ്റൻ മക്കെന്നീ, ടെയ്‌ലർ ആഡംസ് തുടങ്ങിയവരിലാണ് പ്രതീക്ഷ. അമേരിക്ക-ഇറാൻ പോരാട്ടത്തിന് രാഷ്ട്രീയമാനവും ഏറെ. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഇംഗ്ലണ്ട് ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീക്വാർട്ടറിലെത്തും. രണ്ടാം സ്ഥാനക്കാർ ആരെന്നറിയാൻ ഗ്രൂപ്പിലെ അവസാന മത്സരം വരെ കാത്തിരിക്കേണ്ടിവരും.
ഗ്രൂപ്പ് ബിയെ വിലയിരുത്തുന്നു കേരള മുൻ താരം എബിൻ റോസ്- വീഡിയോ
അട്ടിമറി ആവര്‍ത്തിക്കുമോ സെനഗല്‍, അതോ ഡച്ച് പടയോട്ടമോ; ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എ സാധ്യതകള്‍