എല്ലാം നാടകീയം, ജ്യേഷ്‌ഠന് പകരം ടീമിലെത്തി, ക്വാര്‍ട്ടറിലെ പിഴവിന് സെമിയില്‍ പരിഹാരം; തീയായി തിയോ
അരനൂറ്റാണ്ടിനിടെ ലോകകപ്പ് സെമിയിലെ അതിവേഗ ഗോൾ കുറിക്കപ്പെട്ടത് തിയോ ഹെർണാണ്ടസിന്‍റെ പേരിലായിരുന്നു
ദോഹ: ഖത്തര്‍ ഫിഫ ലോകകപ്പില്‍ ഫ്രാൻസിന് ഫൈനൽ ബെർത്തുറപ്പിച്ച ആദ്യ ഗോൾ നേടിയത് തിയോ ഹെർണാണ്ടസായിരുന്നു. ക്വാര്‍ട്ടറിലെ തിയോയുടെ പിഴവുകള്‍ക്ക് പരിഹാരം കൂടിയായി സെമിയിലെ ആദ്യ ഗോൾ. പരിക്കേറ്റ് പുറത്തായ ജ്യേഷ്ഠൻ ലൂക്ക ഹെർണാണ്ടസിന് പകരം ടീലെത്തിയ താരമാണ് തിയോ.
സെമിയില്‍ ഫ്രാന്‍സിന്‍റെ കളിയാവേശം തുടങ്ങിയത് തന്നെ ഈ ലോകകപ്പിൽ എതിരാളിയുടെ പന്തെത്താത്ത മൊറോക്കോയുടെ വല തുളച്ചായിരുന്നു. അതും അഞ്ചാം മിനിറ്റിൽ. അരനൂറ്റാണ്ടിനിടെ ലോകകപ്പ് സെമിയിലെ അതിവേഗ ഗോൾ തിയോ ഹെർണാണ്ടസിന്‍റെ പേരില്‍ കുറിക്കപ്പെടുകയായിരുന്നു. ഓസ്ട്രേലിയക്കെതിരായ മത്സരത്തിലാണ് ജ്യേഷ്‌ഠന്‍ ലൂക്ക പരിക്കേറ്റ് പുറത്താകുന്നത്. തിയോ പകരക്കാരനായി ടീമിലെത്തി. ക്വാർട്ടറിൽ ഇംഗ്ലണ്ടിന് രണ്ടാം പെനാൽറ്റി സമ്മാനിച്ചത് തിയോയുടെ പിഴവായിരുന്നു. എന്നാല്‍ പെനാൽറ്റി പുറത്തടിച്ചതോടെ വില്ലൻ വേഷം ഹാരി കെയ്നൊപ്പമായത് തിയോയുടെ ഭാഗ്യമായി.
പക്ഷേ ക്വാർട്ടറിലെ പിഴവ് സെമിയിൽ മൊറോക്കോയുടെ വല തുളച്ച് തിയോ ഹെര്‍ണാണ്ടസ് അടച്ചു. കഴിഞ്ഞ വർഷം യുവേഫ നാഷൻസ് ലീഗ് സെമിയിലും ഫ്രാൻസിന്‍റെ രക്ഷകനായത് തിയോ തന്നെയാണ്. ബെൽജിയവുമായി സമനിലയിൽ അവസാനിക്കുമായിരുന്ന കളിയിൽ 90-ാം മിനുറ്റിലായിരുന്നു വിജയ ഗോൾ. അന്ന് വളരെ വൈകിയാണ് വിജയഗോൾ അടിച്ചതെങ്കിൽ ഇന്ന് ലോകകപ്പ് സെമിഫൈനലിലെ അതിവേഗ ഗോളിലൊന്ന് കൊണ്ട് ഫ്രാൻസിന്‍റെ മോഹമുന്നേറ്റത്തിലേക്ക് വിജയക്കൊടി നാട്ടി തിയോ ഹെർണാണ്ടസിന്‍റെ ബൂട്ടുകള്‍.
ഖത്തര്‍ ലോകകപ്പിലെ രണ്ടാം സെമിയില്‍ ആഫ്രിക്കന്‍ അത്ഭുതമായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് ഫ്രാന്‍സ് ഫൈനലിലെത്തി. ഫ്രഞ്ച് പടയ്ക്കായി തിയോ ഹെർണാണ്ടസും കോളോ മുവാനി ഗോളുകൾ നേടി. ഒരു ആഫ്രിക്കൻ ടീമിന്‍റെ ലോകകപ്പുകളിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ലോക ചാമ്പ്യന്മാരെയും വിറപ്പിച്ചാണ് മൊറോക്കോയുടെ മടക്കം. ഞായറാഴ്‌ച നടക്കുന്ന കലാശപ്പോരില്‍ ലിയോണല്‍ മെസിയുടെ അര്‍ജന്‍റീനയാണ് ഫ്രാന്‍സിന്‍റെ എതിരാളികള്‍.
അഹങ്കാരിയെന്ന് ആര് പറഞ്ഞു; പരിക്കേറ്റ ആരാധകന് അടുത്തെത്തി ക്ഷമ ചോദിച്ച് എംബാപ്പെയുടെ മാതൃക