മൈതാനത്തിറങ്ങി 44-ാം സെക്കന്‍ഡില്‍ ഗോള്‍; ചരിത്രമെഴുതി കോളോ മുവാനി
ചെങ്കുപ്പായക്കാർ തളരാരെ ആക്രമിക്കുന്നതിനിടെ ദെഷാം എഴുപത്തിയൊൻപതാം മിനിറ്റിൽ കോളോ മുവാനിയെ കളത്തിലിറക്കുകയായിരുന്നു
ദോഹ: ആവേശ സെമിയില്‍ തോറ്റ് ആഫ്രിക്കന്‍ പ്രതീക്ഷയായ മൊറോക്കോ തലയുയര്‍ത്തി മടങ്ങിയപ്പോള്‍ ഖത്തർ ലോകകപ്പിൽ ഫ്രാൻസ്-അർജൻറീന ഫൈനൽ ഇന്ന് പുലര്‍ച്ചെ ഉറപ്പായിരുന്നു. മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് മറികടന്നാണ് ഫ്രാൻസ് തുടർച്ചയായ രണ്ടാം ഫൈനലിന് യോഗ്യത നേടിയത്. ഞായറാഴ്‌ചയാണ് കിരീടപ്പോരാട്ടം. കിക്കോഫായി അഞ്ചാം മിനുറ്റില്‍ തിയോ ഹെര്‍ണാണ്ടസിന്‍റെ പറന്നടിയിലാണ് ഫ്രാന്‍സ് മുന്നിലെത്തിയത്. രണ്ടാം ഗോള്‍ 79-ാം മിനുറ്റില്‍ പകരക്കാരന്‍ കോളോ മുവാനിയുടെ വകയായിരുന്നു.
44-ാം സെക്കന്‍ഡില്‍ ഗോള്‍
ചെങ്കുപ്പായക്കാർ തളരാരെ ആക്രമിക്കുന്നതിനിടെ ദെഷാം എഴുപത്തിയൊൻപതാം മിനിറ്റിൽ കോളോ മുവാനിയെ കളത്തിലിറക്കി. ലോകകപ്പിലെ ആഫ്രിക്കയുടെ ഫൈനൽ സ്വപ്നങ്ങൾ തല്ലിക്കെടുത്താൻ മുവാനിക്ക് വെറും 44 സെക്കൻഡേ വേണ്ടിവന്നുള്ളൂ. ലോകകപ്പ് നോക്കൗട്ട് റൗണ്ടിൽ പകരക്കാരനായി ഇറങ്ങി ഏറ്റവും വേഗത്തിൽ ഗോൾ നേടുന്ന രണ്ടാമത്തെ താരമായി മുവാനി റെക്കോര്‍ഡിട്ടു. മുന്നിലും പിന്നിലും ഗ്രീസ്‌മാൻ കളി കാലിൽ കോർത്ത പോരിൽ ടൂർണമെൻറിലാദ്യമായി ഗോൾ വഴങ്ങാതെയാണ് ഫ്രാൻസ് കലാശപ്പോരിലേക്ക് യോഗ്യത നേടിയത്.
മൊറോക്കൻ കൊടുങ്കാറ്റ് പൊട്ടിപ്പുറപ്പെടും മുമ്പേ ഫ്രാൻസ് കരപറ്റിയിരുന്നു. അറ്റ്‌ലാന്‍റിക് മഹാസമുദ്രത്തിലെ കൂറ്റൻ തിരമാലകൾ പോലെ എതിരാളികൾ ആർത്തലച്ചിട്ടും കുലുങ്ങാതെ നിന്ന അറ്റ്‌ലസ് പർവതനിര പോലെയായിരുന്നു സെമി വരെ മൊറോക്കോൻ പ്രതിരോധം. ഈ ചെങ്കോട്ടയിലേക്ക് തുടക്കത്തിലേ തീയുണ്ടയിടുകയായിരുന്നു തിയോ ഹെർണാണ്ടസ്. ഗ്രീസ്മാൻറെയും എംബാപ്പെയുടെയും കാലുകളിലൂടെയെത്തിയ പന്ത് തിയോ പറന്നടിച്ചപ്പോൾ ഖത്തറില്‍ എതിരാളിയുടെ കാലിൽ നിന്ന് മൊറോക്കോൻ വലയിലെത്തുന്ന ആദ്യ ഗോളായി ഇത്. പിന്നാലെ 79-ാം മിനുറ്റില്‍ രണ്ടാം ഗോള്‍ പിറന്നു. മൈതാനത്ത് എല്ലായിടത്തും ഓടിക്കളിച്ച് ഗ്രീസ്‌മാനും വേഗവും ബോക്‌സിലെ മിന്നലാട്ടങ്ങള്‍ കൊണ്ട് എംബാപ്പെയും കയ്യടി വാങ്ങി.
ആവേശക്കൊടുമുടിയേറ്റിയ ആഫ്രിക്കൻ സംഗീതത്തിന് അവസാനം; പൊരുതി വീണ് മൊറോക്കോ, ഫ്രാൻസ് ഫൈനലിൽ