മിറാക്കിള്‍ മൊറോക്കോയോ ഫ്രഞ്ച് പടയോട്ടമോ; അര്‍ജന്‍റീനയുടെ എതിരാളികളെ ഇന്നറിയാം
ഇന്നലെ നടന്ന ആദ്യ സെമിയില്‍ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലിലെത്തിയിരുന്നു
ദോഹ: ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പ് ഫൈനലില്‍ അര്‍ജന്‍റീനയുടെ എതിരാളികളെ ഇന്നറിയാം. രണ്ടാം സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സും ആഫ്രിക്കന്‍ പ്രതീക്ഷയായ മൊറോക്കോയും ഏറ്റുമുട്ടും. അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം. തുടര്‍ച്ചയായ രണ്ടാം ഫൈനലാണ് ഫ്രാൻസ് ലക്ഷ്യമിടുന്നത്. അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ സെമിയിലെത്തിയ മൊറോക്കോ ടൂര്‍ണമെന്‍റില്‍ തോൽവി അറിയാത്ത ഏക ടീമാണ്.
ഇന്നലെ നടന്ന ആദ്യ സെമിയില്‍ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലിലെത്തിയിരുന്നു. ലുസൈല്‍ സ്റ്റേഡിയത്തിന്‍റെ നീലാകാശത്ത് ഗോളും അസിസ്റ്റുമായി മിശിഹാ അവതരിച്ചു. ജൂലിയന്‍ ആല്‍വാരസ് വണ്ടര്‍ സോളോ അടക്കം രണ്ട് ഗോള്‍ നേടി. മെസി പെനാല്‍റ്റിയിലൂടെ 34-ാം മിനുറ്റിലും ആല്‍വാരസ് 39, 69 മിനുറ്റുകളിലുമാണ് ഗോള്‍ കണ്ടെത്തിയത്. ഗോളും അസിസ്റ്റുമായി മെസിയായിരുന്നു മത്സരത്തിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
മത്സരം തുടങ്ങി 34-ാം മിനുറ്റില്‍ ഗോളിന് മീറ്ററുകള്‍ മാത്രം അകലെ വരെ കുതിച്ചെത്തിയ ആല്‍വാരസിനെ ഗോളി ഫൗള്‍ ചെയ്തതിന് റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ലിയോണല്‍ മെസിയുടെ ഇടംകാലന്‍ ഷോട്ട് മിന്നല്‍ വേഗത്തില്‍ വലയിലേക്ക് പാഞ്ഞു. വൈകാതെ 39-ാം മിനുറ്റില്‍ കൗണ്ടര്‍ അറ്റാക്കിലെ വണ്ടര്‍ സോളോ റണ്ണില്‍ ആല്‍വാരസ് അര്‍ജന്‍റീനയുടെ ലീഡ് രണ്ടാക്കി. മധ്യവരയ്ക്ക് ഇപ്പുറത്ത് നിന്ന് മൂന്ന് ക്രൊയേഷ്യന്‍ താരങ്ങളെ ഡ്രിബിള്‍ ചെയ്ത് മുന്നേറിയ ആല്‍വാരസ് സോസായേയും ലിവാകോവിച്ചിനേയും വകഞ്ഞുമാറി പന്ത് വലയിലേക്ക് ചെത്തിയിടുകയായിരുന്നു. മത്സരത്തിലെ ഏറ്റവും മികച്ച ഗോളായി ഇത്.
69-ാം മിനുറ്റില്‍ ക്രൊയേഷ്യന്‍ പ്രതിരോധത്തെ വട്ടംകറക്കിയുള്ള മെസിയുടെ ഗംഭീര മുന്നേറ്റത്തിനൊടുവില്‍ ആല്‍വാരസ് സുന്ദര ഫിനിഷിലൂടെ അര്‍ജന്‍റീനയുടെ മൂന്നാം ഗോള്‍ കണ്ടെത്തി. ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ച പ്രതിരോധ താരമായി വിശേഷിപ്പിക്കപ്പെടുന്ന ഗ്വാര്‍ഡിയോളിനെ കാഴ്‌ചക്കാരനാക്കി ആല്‍വാരസിന് പന്ത് കൈമാറുകയായിരുന്നു മെസി. ആല്‍വാരസ് അനായാസം ഫിനിഷ് ചെയ്‌തു.
അവനൊരു ഒറ്റയാനായി, പിന്നെ ഒറ്റക്കുതിപ്പ്; കാണാം ആല്‍വാരസിന്‍റെ സോളോ ഗോള്‍- വീഡിയോ