ഇക്വഡോറിയന്‍ ആക്രമണത്തില്‍ പകച്ച് ഖത്തര്‍; ആവേശം നിറഞ്ഞ ആദ്യ പകുതി, ആതിഥേയര്‍ പിന്നില്‍

നിരന്തര പരിശ്രമങ്ങള്‍ക്കുള്ള ഫലം ദക്ഷിണമേരിക്കന്‍ സംഘത്തിന് 15-ാം മിനിറ്റില്‍ ലഭിച്ചു. പന്തുമായി കുതിച്ച വലന്‍സിയക്ക് കുടുക്കിടാനുള്ള ഖത്തര്‍ ഗോളി അല്‍ ഷീബിന്‍റെ അതിസാഹസം പെനാല്‍റ്റിയിലാണ് കലാശിച്ചത്. സമ്മര്‍ദം ഒന്നും കൂടാതെ വലന്‍സിയ തന്നെ പന്ത് വലയിലെത്തിയച്ചോടെ 2022 ലോകകപ്പിലെ ആദ്യ ഗോള്‍ പിറന്നു

fifa world cup 2022 first match qatar vs ecuador first half report valencia 2 goals

ദോഹ: വലിയ പ്രതീക്ഷകളുമായി 2022 ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ ഖത്തറിന് തിരിച്ചടി. ഇക്വഡോറിന്‍റെ കനത്ത ആക്രമണങ്ങള്‍ക്ക് മുന്നില്‍ പകച്ച ഖത്തര്‍, ആദ്യ പകുതി അവസാനിച്ചപ്പോള്‍ എതിരില്ലാത്ത രണ്ട് ഗോളിന് പിന്നിലാണ്. ലാറ്റിനമേരിക്കന്‍ സംഘത്തിനായി എന്നര്‍ വലന്‍സിയയാണ് രണ്ട് ഗോളും നേടിയത്. ആവേശകരമായ തുടക്കമാണ് മത്സരത്തിന് ലഭിച്ചത്. ഖത്തര്‍ ഗോളി സാദ് അല്‍ ഷീബിന്‍റെ പിഴവ് മുതലാക്കി ഇക്വഡോര്‍ അഞ്ചാം മിനിറ്റില്‍ തന്നെ മുന്നിലെത്തിയെങ്കിലും വാറിന്‍റെ വിധിയില്‍ ഗോള്‍ അനുവദിക്കപ്പെട്ടില്ല.

ഫെലിക്സ് ടോറസിന്‍റെ കിടിലന്‍ അക്രോബാറ്റിക് ശ്രമത്തില്‍ നിന്ന് ലഭിച്ച അവസരം എന്നര്‍ വലന്‍സിയ ഹെഡ് ചെയ്ത് വലയില്‍ എത്തിച്ചെങ്കിലും ഓഫ്സൈഡിന്‍റെ നിര്‍ഭാഗ്യം ഇക്വഡോറിന് തിരിച്ചടിയാവുകയായിരുന്നു. ടോറസിനെതിരെയാണ് ഓഫ്സൈഡ് വിധിച്ചത്. ആതിഥേയരായ ഖത്തറിനെതിരെ ആദ്യം മുതല്‍ ആക്രമണം അഴിച്ചു വിടുകയാണ് ഇക്വഡോര്‍ ചെയ്തത്. മികച്ച ബോള്‍ പൊസിഷനുമായി ഇക്വഡോര്‍ കുതിച്ച് എത്തിയതോടെ ഖത്തറി ഗോള്‍ മുഖം നിരന്തരം പരീക്ഷണങ്ങള്‍ക്ക് നടുവിലായി.

നിരന്തര പരിശ്രമങ്ങള്‍ക്കുള്ള ഫലം ദക്ഷിണമേരിക്കന്‍ സംഘത്തിന് 15-ാം മിനിറ്റില്‍ ലഭിച്ചു. പന്തുമായി കുതിച്ച വലന്‍സിയക്ക് കുടുക്കിടാനുള്ള ഖത്തര്‍ ഗോളി അല്‍ ഷീബിന്‍റെ അതിസാഹസം പെനാല്‍റ്റിയിലാണ് കലാശിച്ചത്. സമ്മര്‍ദം ഒന്നും കൂടാതെ വലന്‍സിയ തന്നെ പന്ത് വലയിലെത്തിയച്ചോടെ 2022 ലോകകപ്പിലെ ആദ്യ ഗോള്‍ പിറന്നു. വലന്‍സിയ ആയിരുന്നു ഇക്വഡോറിന്‍റെ തുറുപ്പ് ചീട്ട്. താരത്തെ തേടി ക്രോസുകളും ലോംഗ് ബോളുകളും വന്നുകൊണ്ടേയിരുന്നു. ഖത്തര്‍ നേരിട്ട അനുഭവസമ്പത്തിന്‍റെ കുറവ് ഇക്വഡോര്‍ പരമാവധി മുതലെടുക്കുകയായിരുന്നു.

31-ാം മിനിറ്റില്‍ ഇക്വഡോര്‍ വീണ്ടും ലക്ഷ്യം കണ്ടു. വലതു വശത്ത് നിന്നും വന്ന അതിമനോഹരമായ ക്രോസില്‍ വലന്‍സിയ തലവയ്ക്കുമ്പോള്‍ എതിര്‍ക്കാന്‍ ഖത്തറി താരങ്ങള്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. ഏയ്ഞ്ചലോ പ്രെസൈഡോ ആയിരുന്നു ഗോളിന്‍റെ ശില്‍പ്പി. രണ്ട് ഗോള്‍ വഴങ്ങിയതോടെ ഖത്തര്‍ അല്‍പ്പം കൂടെ മെച്ചപ്പെട്ട രീതിയില്‍ പാസിംഗ് ഗെയിം കളിച്ച് തുടങ്ങി. ഇക്വഡോറിയന്‍ പ്രതിരോധം പാറപോലെ ഉറച്ച് നിന്നതോടെ ഗോള്‍ മാത്രം അകലെയായി. ഇഞ്ചുറി ടൈമിന്‍റെ അവസാന നിമിഷം ലഭിച്ച സുവര്‍ണാവസരം അല്‍മോയസ് അലി പാഴാക്കുകയും ചെയ്തത് ഇക്വഡോറിന് ആശ്വാസമായി.

ഖത്തറിലെ അല്‍ഖോറിലുള്ള അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ വര്‍ണാഭമായ പരിപാടികളോടെയാണ് ലോകകപ്പിന്‍റെ ഉദ്ഘാടന ചടങ്ങ് നടന്നത്. മലയാളികളടക്കം ആയിരിക്കണക്കിനാളുകളാണ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനായി വൈകിട്ട് മുതല്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരെ ഖത്തറിലേക്ക് സ്വാഗതം ചെയ്തു. ഇന്ത്യന്‍ സമംയ വൈകിട്ട് ഏഴു മണിക്ക് തുടങ്ങിയ ഹോളിവുഡ് നടന്‍ മോര്‍ഗന്‍ ഫ്രീമാനായിരുന്നു അവതാരകന്‍.

ഖത്തറിന്‍റെ സാംസ്കാരികത്തനിമ ചന്തം ചാര്‍ത്തിയ ചടങ്ങില്‍ ലോകകപ്പിന്‍റെ ചരിത്രം വിളിച്ചോതുന്ന നിരവധി പരിപാടികളുമുണ്ടായിരുന്നു. ദക്ഷിണകൊറിയന്‍ സംഗീത ബാന്‍ഡായ ബിടിഎസിലെ ജങ് കുക്കിന്‍റെ ഡ്രീമേഴ്സ് എന്ന് പേരിട്ട സംഗീത നിശയായിരുന്നു ഉദ്ഘാടനച്ചടങ്ങിലെ മറ്റൊരു പ്രധാന ആകര്‍ഷണം. ഖത്തറി ഗായകന്‍ ഫഹദ് അല്‍ കുബൈസിയുടെ കുക്കിനൊപ്പം സംഗീതനിശയില്‍ പങ്കെടുത്തു. ഷാക്കിറയുടെ പ്രശസ്തമായ ലോകകപ്പ് ഗാനം വാക്ക...വാക്കയും സ്റ്റേഡിയത്തില്‍ മുഴങ്ങി.

അമ്പമ്പോ! ഇത് ഹാരി മഗ്വെയര്‍ തന്നെയോ, മൂക്കത്ത് വിരല്‍ വച്ച് പോകും, കിടിലന്‍ സ്കില്‍; വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios