ഡച്ച് പടയോട്ടത്തിന് ഇക്വഡോറിന്‍റെ സമനില ബ്ലോക്ക്; ലോകകപ്പില്‍ നിന്ന് ഖത്തർ പുറത്ത്

ഇക്വഡോർ 3-4-2-1 ശൈലിയിലും നെതർലന്‍ഡ്സ് 3-4-1-2 ഫോർമേഷനിലുമാണ് കളത്തിലെത്തിയത്

FIFA World Cup 2022 Enner Valencia goal gave Ecuador draw to Netherlands

ദോഹ: ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് എയില്‍ നെതർലന്‍ഡ്‍സിനെ വിറപ്പിച്ച് സമനിലയില്‍ കുടുക്കി ഇക്വഡോർ. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. കോടി ഗ്യാപ്കോയുടെ ഗോളിന് നായകന്‍ എന്നർ വലന്‍സിയയിലൂടെയാണ് ഇക്വഡോർ മറുപടി നല്‍കിയത്. ഈ മത്സരം സമനിലയിലായതോടെ ആതിഥേയരായ ഖത്തർ ടൂർണമെന്‍റില്‍ നിന്ന് പുറത്തായി. ഇക്കുറി ലോകകപ്പില്‍ നിന്ന് പുറത്താകുന്ന ആദ്യ ടീമാണ് ഖത്തർ. 

ഇക്വഡോർ 3-4-2-1 ശൈലിയിലും നെതർലന്‍ഡ്സ് 3-4-1-2 ഫോർമേഷനിലുമാണ് കളത്തിലെത്തിയത്. ഇരു ടീമുകളുടെയും ആക്രമങ്ങള്‍ കൊണ്ട് സജീവമായിരുന്നു ആദ്യ പകുതി. കിക്കോഫായി ആറാം മിനുറ്റില്‍ തന്നെ കോടി ഗ്യാപ്കോ ഗംഭീര ഫിനിഷിലൂടെ ഡച്ച് പടയെ മുന്നിലെത്തിച്ചു. ഡാവി ക്ലാസന്‍റെ വകയായിരുന്നു അസിസ്റ്റ്. പിന്നാലെ തുടരെ ആക്രമണങ്ങളുമായി ഇക്വഡോർ കളംനിറഞ്ഞെങ്കിലും ഗോളിന് അർഹരായില്ല. ആദ്യപകുതിയുടെ ഇഞ്ചുറിടൈമില്‍ ഇക്വഡോർ വല ചലിപ്പിച്ചെങ്കിലും പൊരോസേയ്ക്കെതിരെ ഫ്ലാഗ് ഉയർന്നതോടെ ഗോള്‍ നിഷേധിക്കപ്പെട്ടു. ഇതോടെ ഓഞ്ച് പടയുടെ 1-0 മുന്‍തൂക്കത്തോടെ മത്സരം ഇടവേളയ്ക്ക് പിരിഞ്ഞു. 

രണ്ടാംപകുതി തുടങ്ങിയത് നെതർലന്‍ഡ്സ് മുന്നേറ്റത്തോടെയാണ്. എന്നാല്‍ 49-ാം മിനുറ്റില്‍ റീബൌണ്ടില്‍ നിന്ന് നായകന്‍ എന്നർ വലന്‍സിയ ഇക്വഡോറിയ ഒപ്പമെത്തിച്ചു. ഈ ലോകകപ്പില്‍ വലന്‍സിയയുടെ മൂന്നാം ഗോളാണിത്. ഇതിന് പിന്നാലെ ഇക്വഡോർ ആക്രമണം കടുപ്പിച്ചപ്പോള്‍ മാറ്റങ്ങളുമായി ഡച്ച് ടീമും മൈതാനത്തെ ചൂടുപിടിപ്പിച്ചു. 90 മിനുറ്റും ആറ് മിനുറ്റ് അധികസമയത്തും ഇരു ടീമിനും വിജയഗോള്‍ പക്ഷേ കണ്ടെത്താനായില്ല. 

നേരത്തെ  ​ഗ്രൂപ്പ് എയിലെ ഏറ്റവും നിർണായക പോരാട്ടത്തിൽ സെന​ഗലിന്‍റെ സർവ്വം മറന്നുള്ള പോരാട്ട വീര്യത്തെ അതിജീവിച്ച് നെതർലാൻഡ്സ് ആദ്യ ജയം സ്വന്തമാക്കിയിരുന്നു. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ജയം. സമനില ഏതാണ്ട് ഉറപ്പിച്ച കളിയുടെ രണ്ടാം പകുതിയുടെ അവസാനം വീണ ​ഗോളുകളിൽ ആഫ്രിക്കൻ കരുത്തിനെ ഡച്ച് പട മറികടക്കുകയായിരുന്നു. രണ്ടാപകുതിയില്‍ 84-ാം മിനുറ്റില്‍ കോടി ​ഗ്യാപ്കോയും ഇഞ്ചുറിടൈമില്‍(90+9) ഡാവി ക്ലാസനുമാണ് ഓറഞ്ചുപടയ്ക്കായി ഗോളുകള്‍ നേടിയത്. 

ഖത്തറിനെ പൂട്ടി സെനഗല്‍, വിജയം മൂന്ന് ഒന്നിനെതിരെ ഗോളിന്; ആതിഥേയ ടീമിന്റെ സാധ്യതകള്‍ അടയുന്നു

Latest Videos
Follow Us:
Download App:
  • android
  • ios