മാനേക്കായി ജയിക്കാന്‍ സെനഗല്‍ നെതർലൻഡ്‌സിനെതിരെ; ഇംഗ്ലണ്ടിനും വെയ്‌ല്‍സിനും ഇന്ന് പോരാട്ടം
രണ്ടാമത്തെ മത്സരത്തിൽ എ ഗ്രൂപ്പില്‍ നെതർലൻഡ്‌സ്, സെനഗലുമായി ഏറ്റുമുട്ടും
ദോഹ: ഖത്തര്‍ ലോകകപ്പിന്‍റെ ഇന്ന് മൂന്ന് മത്സരങ്ങളാണുള്ളത്. ഇന്നത്തെ ആദ്യത്തെ മത്സരത്തിൽ ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട് വൈകിട്ട് ആറരയ്ക്ക് ഇറാനെ നേരിടും. ഖലീഫ ഇന്‍റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം. റഷ്യൻ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളാണ് ഹാരി കെയ്ൻ നയിക്കുന്ന ഇംഗ്ലണ്ട്. പരിക്കേറ്റ ജയിംസ് മാഡിസനും കെയ്ൽ വാക്കറും ഇല്ലാതെയാവും ഇംഗ്ലണ്ട് ആദ്യ മത്സരത്തിനിറങ്ങുക. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഇരുടീമും നേർക്കുനേർ വരുന്നത്. ഇംഗ്ലീഷ് ആക്രമണത്തെ തടഞ്ഞുനിര്‍ത്തുക ഇറാന് എളുപ്പമാവില്ല.
നെതർലൻഡ്‌സ്-സെനഗല്‍
രണ്ടാമത്തെ മത്സരത്തിൽ എ ഗ്രൂപ്പില്‍ നെതർലൻഡ്‌സ്, സെനഗലുമായി ഏറ്റുമുട്ടും. രാത്രി ഒൻപതരയ്ക്ക് അൽ തുമാമ സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് എയിലെ ഏറ്റവും കടുത്ത പോരാട്ടമാകും ഇതെന്നാണ് വിലയിരുത്തല്‍. പരിക്കേറ്റ സൂപ്പർ താരം സാദിയോ മാനേ ഇല്ലാതെയാണ് ആഫ്രിക്കൻ ചാമ്പ്യൻമാരായ സെനഗൽ ഇറങ്ങുക. മാനേക്കായി മത്സരം ജയിക്കുക എന്ന സ്വപ്‌നവുമായാണ് സെനഗല്‍ കളത്തിലെത്തുക. അവസാന പതിനഞ്ച് കളിയിലും തോൽവി അറിയാതെയാണ് ഡച്ച് സംഘമിറങ്ങുന്നത്. മെംഫിസ് ഡീപ്പേ ഉൾപ്പടെയുള്ള പ്രമുഖ താരങ്ങളുടെ പരിക്കാണ് നെതർലൻഡ്‌സിന്‍റെ ആശങ്ക. ഫുട്ബോള്‍ ചരിത്രത്തിൽ ഇരുടീമും ഏറ്റുമുട്ടുന്നതും ഇതാദ്യം.
അമേരിക്ക-വെയ്‌ല്‍സ്
ഇന്നത്തെ മൂന്നാമത്തെ മത്സരത്തിൽ അമേരിക്ക രാത്രി പന്ത്രണ്ടരയ്ക്ക് വെയ്ൽസിനെ നേരിടും. അൽ റയ്യാൻ സ്റ്റേഡിയത്തിലാണ് മത്സരം. അറുപത്തിനാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വെയ്ൽസ് ലോകകപ്പിൽ കളിക്കാൻ എത്തുന്നത്. പ്ലേ ഓഫിലൂടെ ഖത്തറിലേക്ക് യോഗ്യത നേടിയ വെയ്ൽസിന്‍റെ പ്രതീക്ഷയെല്ലാം ക്യാപ്റ്റൻ ഗാരെത് ബെയ്‌ലിന്‍റെ ബൂട്ടുകളിലാണ്. എട്ടാം ലോകകപ്പിന് എത്തുന്ന അമേരിക്ക യൂറോപ്യൻ ലീഗുകളിൽ കളിക്കുന്ന താരങ്ങളുടെ മികവിലേക്കാണ് ഉറ്റുനോക്കുന്നത്.
ആദ്യ ജയം ഇക്വഡോറിന്
ഖത്തറില്‍ ഇന്നലെയാണ് ഫിഫ ലോകകപ്പിന് കിക്കോഫായത്. ക്യാപ്റ്റന്‍ എന്നര്‍ വലൻസിയ ഇരട്ട ഗോളുമായി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളിന് ഇക്വഡോര്‍ തോൽപ്പിച്ചു. അഞ്ചാം മിനുറ്റിൽ റഫറി നിഷേധിച്ച ഗോളിന് 16, 31 മിനുറ്റുകളിലൂടെ ഇക്വഡോര്‍ ക്യാപ്റ്റൻ ഇരട്ട മറുപടി നല്‍കുകയായിരുന്നു. ആദ്യ മത്സരത്തിൽ തന്നെ രണ്ട് ഗോൾ നേടിയ ഇക്വഡോർ നായകൻ എന്നര്‍ വലൻസിയയാണ് കൂൾ പ്ലെയർ ഓഫ് ദി മാച്ച്. ഇക്വഡോറിന്‍റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനാണ് എന്നര്‍ വലൻസിയ. പ്രീക്വാര്‍ട്ടറിലെത്തിയതാണ് ഇതുവരെയുള്ള ഇക്വഡോറിന്‍റെ വിശ്വവേദിയിലെ ഏറ്റവും വലിയ നേട്ടം.