ഇംഗ്ലണ്ട്-ഇറാന്‍ മത്സരം പ്രതിഷേധക്കളമാകുമോ; എന്താകും ഇറാന്‍ താരങ്ങളുടെ നിലപാട്, ആകാംക്ഷയില്‍ ലോകം
ദേശീയഗാനാലാപന സമയത്തടക്കം പ്രതിഷേധ സന്ദേശം ഉയര്‍ത്തണമെന്ന ആവശ്യവും സമ്മദ്ദവും താരങ്ങൾക്ക് മേലുണ്ട്
ദോഹ: ഫിഫ ലോകകപ്പില്‍ ഇന്നത്തെ ആദ്യ മത്സരം ഇംഗ്ലണ്ടും ഇറാനും തമ്മിലാണ്. രാജ്യത്ത് സർക്കാർ വിരുദ്ധ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെയാണ് ഇറാൻ ടീം ഇംഗ്ലണ്ടുമായി ഏറ്റുമുട്ടുന്നത്. ഖത്തറിലെ മത്സരവേദിയിലും ഭരണകൂട ഭീകരതയ്ക്കെതിരായ സന്ദേശം ഉയരണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യം, പ്രതിഷേധം, പൊലീസ് നടപടി... ഇതാണ് ഇറാനിലെവിടെയും കാഴ്‌ച. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മതപൊലീസ് പിടികൂടിയ കുര്‍ദിഷ് വനിത മഹ്സ അമിനിയുടെ മരണമുണ്ടാക്കിയ പ്രതിഷേധങ്ങള്‍ ഇപ്പോഴും തുടരുന്നു. രണ്ട് മാസത്തിലധികമായി തുടരുന്ന അരക്ഷിതാവസ്ഥയ്ക്കിടെയാണ് രാജ്യത്തെ ഫുട്ബോൾ താരങ്ങൾ ലോകവേദിയിൽ ഏറ്റുമുട്ടത്. ഫുട്ബോൾ ഹരമായ 8 കോടി വരുന്ന ജനതയ്ക്ക് ഇപ്പോൾ കളിയാവേശത്തിനപ്പുറമാണ് പ്രതിഷേധ സന്ദേശം. ദേശീയഗാനാലാപന സമയത്തടക്കം പ്രതിഷേധ സന്ദേശം ഉയര്‍ത്തണമെന്ന ആവശ്യവും സമ്മദ്ദവും താരങ്ങൾക്ക് മേലുണ്ട്. എന്നാൽ ഇപ്പോൾ രാജ്യത്തിന് വേണ്ടി കളിക്കുക മാത്രമാണ് ലക്ഷ്യമെന്നാണ് ക്യാപ്റ്റൻ അലിറെസ ജഹാൻഭക്ഷ് വ്യക്തമാക്കിയത്.
പ്രതിഷേധത്തിനൊപ്പമെന്ന് ഇൻസ്റ്റ പോസ്റ്റിട്ട സ്റ്റാര്‍ സ്ട്രൈക്കര്‍ സര്‍ദാര്‍ അസ്‌മൂൻ പോസ്റ്റ് പിൻവലിച്ചിരുന്നു. കഴിഞ്ഞ ചില മത്സരങ്ങളിൽ ഗോൾ ആഘോഷമാക്കാതെയും ജെഴ്‌സി മറച്ചും ദേശീയഗാനം ഏറ്റുപാടാതെയുമൊക്കെ താരങ്ങൾ വാര്‍ത്തകളിൽ ഇടംപിടിച്ചിരുന്നു. ഫുട്ബോൾ മത്സരവേദികളിൽ സ്ഥിരം സാന്നിധ്യമാകാറുള്ള ഇറാൻ വനിതകളുടെ ഇത്തവണത്തെ പ്രാതിനിധ്യം എങ്ങനെയാകും? സ്ത്രീ ജീവിതം, സ്വാതന്ത്ര്യം തുടങ്ങിയ വിഷങ്ങളില്‍ ഇറാന്‍റെ ശബ്ദം ഖത്തറിൽ ഉയര്‍ന്നുകേൾക്കുമോ? കാത്തിരുന്ന് കാണാം.
വൈകിട്ട് ആറരയ്ക്ക് ഖലീഫ ഇന്‍റർനാഷണൽ സ്റ്റേഡിയത്തിലാണ് ഇംഗ്ലണ്ട്-ഇറാന്‍ മത്സരം. റഷ്യൻ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളാണ് ഹാരി കെയ്ൻ നയിക്കുന്ന ഇംഗ്ലണ്ട്. പരിക്കേറ്റ ജയിംസ് മാഡിസനും കെയ്ൽ വാക്കറും ഇല്ലാതെയാവും ഇംഗ്ലണ്ട് ആദ്യ മത്സരത്തിനിറങ്ങുക. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഇരുടീമും നേർക്കുനേർ വരുന്നത്. ഇംഗ്ലീഷ് ആക്രമണത്തെ തടഞ്ഞുനിര്‍ത്തുക ഇറാന് എളുപ്പമാവില്ല.
മാനേക്കായി ജയിക്കാന്‍ സെനഗല്‍ നെതർലൻഡ്‌സിനെതിരെ; ഇംഗ്ലണ്ടിനും വെയ്‌ല്‍സിനും ഇന്ന് പോരാട്ടം