ഫ്രാന്‍സിനോടേറ്റ തോല്‍വി; നാണക്കേടിന്‍റെ റെക്കോർഡിലേക്ക് മൂക്കുംകുത്തി വീണ് ഇംഗ്ലണ്ട്
ഖത്തര്‍ ലോകകപ്പില്‍ സെമിഫൈനൽ ചിത്രം ഇന്ന് പുലർച്ചയോടെ തെളിഞ്ഞിരുന്നു
ദോഹ: ഫിഫ ലോകകപ്പ് ക്വാര്‍ട്ടറില്‍ ഏറ്റവും കൂടുതൽ തവണ തോൽക്കുന്ന ടീമായി ഇംഗ്ലണ്ട്. ഏഴാം തവണയാണ് ഇംഗ്ലണ്ട് അവസാന എട്ടിൽ വീഴുന്നത്. 1954, 1962, 1970, 1986, 2002, 2006 ലോകകപ്പുകളിലാണ് ഇതിന് മുന്‍പ് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍ പുറത്തായത്. ലോകകപ്പിൽ നിലവിലെ ജേതാക്കളെ തോൽപ്പിക്കാന്‍ കഴിയില്ലെന്ന ചരിത്രം തിരുത്താനും നിലവിലെ ഇംഗ്ലണ്ട് ടീമിന് കഴിഞ്ഞില്ല. 1954ൽ ചാമ്പ്യന്മാരായ യുറുഗ്വേയോടും 1962ൽ ബ്രസീലിനോടും ക്വാര്‍ട്ടറിൽ ഇംഗ്ലണ്ട് തോറ്റിരുന്നു.
അത്ഭുതം മൊറോക്കോ
ഖത്തര്‍ ലോകകപ്പില്‍ സെമിഫൈനൽ ചിത്രം ഇന്ന് പുലർച്ചയോടെ തെളിഞ്ഞിരുന്നു. ചൊവ്വാഴ്ച രാത്രി 12.30ന് നടക്കുന്ന ആദ്യ സെമിയിൽ മുന്‍ ലോക ചാമ്പ്യന്മാരായ അര്‍ജന്‍റീന കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയെ നേരിടും. ബുധനാഴ്ച രാത്രി നടക്കുന്ന രണ്ടാം സെമിയിൽ നിലവിലെ ജേതാക്കളായ ഫ്രാന്‍സ് ആദ്യമായി സെമി കളിക്കുന്ന മൊറോക്കോയെ നേരിടും. കഴിഞ്ഞ ലോകകപ്പില്‍ 4 സെമിഫൈനലിസ്റ്റുകളും യൂറോപ്പില്‍ നിന്നായിരുന്നെങ്കില്‍ ഇക്കുറി 2 യൂറോപ്യന്‍ ടീമുകളും ലാറ്റിനമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നായി ഓരോ ടീമും ആണ് അവസാന നാലിലെത്തിയത്. ഡിസംബര്‍ 18 ഞായറാഴ്ചയാണ് കലാശപ്പോരാട്ടം.
കരഞ്ഞ് മടങ്ങി ഇംഗ്ലണ്ട്
ഇന്ന് പുലർച്ചെ നടന്ന അവസാന ലോകകപ്പ് ക്വാർട്ടറില്‍ ഇംഗ്ലണ്ട് പുറത്തായതോടെയാണ് സെമി ചിത്രം തെളിഞ്ഞത്. ഒന്നിനെതിരെ രണ്ട് ഗോൾ ജയത്തോടെ നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ് സെമി ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. ഫ്രാന്‍സിനായി ചൗമെനി, ജിറൂദ് എന്നിവരാണ് ഗോളുകള്‍ നേടിയത്. ഇംഗ്ലണ്ടിന്‍റെ ആശ്വാസ ഗോള്‍ പെനാല്‍റ്റിയിലൂടെ നായകന്‍ ഹാരി കെയ്ന്‍ സ്വന്തമാക്കി. ഒരു ഗോളിന് പിന്നില്‍ നിന്നപ്പോള്‍ ലഭിച്ച മറ്റൊരു പെനാല്‍റ്റി ഹാരി കെയ്ന് ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കാതെ പോയതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. ഇതോടെ ത്രീ ലയണ്‍സിന് നാട്ടിലേക്ക് മടക്ക ടിക്കറ്റായി.
വമ്പന്‍മാർ പലരും വീട്ടിലെത്തി, അവശേഷിക്കുന്നത് നാലേ നാല് ടീം; ഫിഫ ലോകകപ്പിലെ സെമി ലൈനപ്പ്