ഫൈനലിന് ശേഷമുള്ള 'അശ്ലീല' ആംഗ്യം; വിവാദങ്ങള്‍ക്ക് മറുപടിയുമായി എമി മാര്‍ട്ടിനെസ്
ലോകകപ്പിലെ മികച്ച ഗോളിക്കുള്ള ഹോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം ലഭിച്ച ശേഷം ഖത്തര്‍ ഭരണാധികാരികളെയും ഫിഫ തലവനെയും സാക്ഷിയാക്കിയായിരുന്നു അര്‍ജന്‍റീനയുടെ വിജയത്തിലെ മുഖ്യശില്‍പ്പിയായ എമി മാർട്ടിനെസിന്‍റെ അതിരുകടന്ന ആഘോഷ പ്രകടനം
ബ്യൂണസ് ഐറീസ്: ഖത്തര്‍ ഫിഫ ലോകകപ്പിലെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്‌കാരം സ്വീകരിച്ചതിന് പിന്നാലെ അര്‍ജന്‍റീന ഗോള്‍ കീപ്പര്‍ എമി മാർട്ടിനെസ് കാട്ടിയ ആംഗ്യം വിവാദമായിരുന്നു. ഗോൾഡൻ ഗ്ലൗ പുരസ്‌കാരം ഉപയോഗിച്ചുള്ള എമിയുടെ ആംഗ്യം അശ്ലീലമാണെന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. വിവാദം കത്തിപ്പടരവെ തന്‍റെ ഭാഗം വിശദീകരിച്ചിരിക്കുകയാണ് എമി മാര്‍ട്ടിനെസ്.
'ഫ്രഞ്ചുകാര്‍ എന്ന ചീത്തവിളിച്ചത് കൊണ്ടാണ് താന്‍ ഇങ്ങനെ ചെയ്തത്. അഹങ്കാരം കൊണ്ടല്ല. ഞങ്ങള്‍ ഏറെ അനുഭവിച്ചു. മത്സരത്തിന്‍റെ നിയന്ത്രണം നമ്മുടെ കയ്യിലാണെന്ന് കരുതി. എന്നാല്‍ ഫ്രാന്‍സ് ശക്തമായി തിരിച്ചുവന്നു. ഇതോടെ മത്സരം കടുപ്പമേറിയതായി. ജയിക്കാനുള്ള അവരുടെ അവസാന ശ്രമം എനിക്ക് കാലുകള്‍ കൊണ്ട് തടുക്കാനായി. ലോകകപ്പ് നേടുക എന്നത് എക്കാലവുമുണ്ടായിരുന്ന സ്വപ്‌നമാണ്. അതിനാല്‍ ഈ മുഹൂര്‍ത്തത്തെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല. ഈ വിജയം എന്‍റെ കുടുംബത്തിന് സമ്മാനിക്കുന്നു' എന്നുമാണ് അര്‍ജന്‍റീനന്‍ റേഡിയോ ലാ റെഡിനോട് എമി മാര്‍ട്ടിനസിന്‍റെ പ്രതികരണം എന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോകകപ്പിലെ മികച്ച ഗോളിക്കുള്ള ഹോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം ലഭിച്ച ശേഷം ഖത്തര്‍ ഭരണാധികാരികളെയും ഫിഫ തലവനെയും സാക്ഷിയാക്കിയായിരുന്നു അര്‍ജന്‍റീനയുടെ വിജയത്തിലെ മുഖ്യ വിജയശില്‍പ്പിയായ എമി മാർട്ടിനെസിന്‍റെ അതിരുകടന്ന ആഘോഷ പ്രകടനം. ഇതിന്‍റെ ചിത്രങ്ങള്‍ പ്രചരിച്ചതോടെ വ്യാപകമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. പാശ്ചാത്യ മാധ്യമങ്ങള്‍ എമിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തി. ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിനെതിരായ കിലിയന്‍ എംബാപ്പെയുടെ മുന്‍ പരാമര്‍ശത്തിന് മറുപടിയായി കൂടി നല്‍കിയാണ് എമി ഇത്തരത്തില്‍ മറുപടി നല്‍കിയത് എന്ന വാദം ശക്തമാണ്.
അധിക സമയത്തിന്‍റെ ഇഞ്ചുറിസമയത്ത് ഫ്രഞ്ച് താരം കോളോ മുവാനിയുടെ നിലംപറ്റെയുള്ള ഷോട്ട് ഒരു മുഴുനീളെ സ്‌ട്രെച്ചിലൂടെ മാര്‍ട്ടിനെസ് രക്ഷപ്പെടുത്തിയിരുന്നു. ഇതോടെയാണ് മത്സരം 3-3 എന്ന നിലയില്‍ ഷൂട്ടൗട്ടിലേക്ക് നീണ്ടത്. പിന്നാലെ പെനാല്‍റ്റി ഷൂട്ടൗട്ടിലും എമിയുടെ കൈകള്‍ രക്ഷയ്ക്കെത്തിയപ്പോള്‍ അര്‍ജന്‍റീന 4-2ന് വിജയിച്ച് മൂന്നാം ലോക കിരീടം ഉയര്‍ത്തുകയായിരുന്നു.
ഗോൾഡൻ ഗ്ലൗ പുരസ്‌കാരം വച്ച് അശ്ലീല ആംഗ്യം; അര്‍ജന്റീനന്‍ സൂപ്പര്‍ ഗോളി വിവാദത്തില്‍.!