മൂന്നാം സ്ഥാനത്തിനായി മിറാക്കിള്‍ മൊറോക്കോ, എതിരാളികള്‍ ക്രൊയേഷ്യ; ഖത്തറില്‍ ലൂസേഴ്‌സ് ഫൈനല്‍ ഇന്ന്
സെമിയിൽ ക്രൊയേഷ്യ അര്‍ജന്‍റീനയോടും മൊറോക്കോ ഫ്രാന്‍സിനോടുമാണ് തോറ്റത്
ദോഹ: ഖത്തര്‍ ഫിഫ ലോകകപ്പില്‍ മൂന്നാം സ്ഥാനം ആര്‍ക്കെന്ന് ഇന്നറിയാം. ലൂസേഴ്സ് ഫൈനലില്‍ ക്രൊയേഷ്യ മൊറോക്കോയെ നേരിടും. ഖലീഫ സ്റ്റേഡിയത്തിൽ രാത്രി 8.30നാണ് മത്സരം. സെമിയിൽ ക്രൊയേഷ്യ അര്‍ജന്‍റീനയോടും മൊറോക്കോ ഫ്രാന്‍സിനോടുമാണ് തോറ്റത്. കഴിഞ്ഞ ലോകകപ്പില്‍ ക്രൊയേഷ്യ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. മൊറോക്കോ ആദ്യമായാണ് സെമിക്ക് യോഗ്യത നേടിയത്.
ആവേശ സെമിയില്‍ ഫ്രാന്‍സിനോട് തോറ്റ് ഫൈനലില്ലാതെ ആഫ്രിക്കന്‍ പ്രതീക്ഷയായ മൊറോക്കോ തലയുയര്‍ത്തിയാണ് മടങ്ങുന്നത്. മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് മറികടന്ന് ഫ്രാൻസ് തുടർച്ചയായ രണ്ടാം ഫൈനലിന് യോഗ്യത നേടുകയായിരുന്നു. കിക്കോഫായി അഞ്ചാം മിനുറ്റില്‍ തിയോ ഹെര്‍ണാണ്ടസിന്‍റെ പറന്നടിയിലാണ് ഫ്രാന്‍സ് മുന്നിലെത്തിയത്. രണ്ടാം ഗോള്‍ 79-ാം മിനുറ്റില്‍ പകരക്കാരന്‍ കോളോ മുവാനിയുടെ വകയായിരുന്നു. പതിവില്‍ നിന്ന് വ്യത്യസ്തമായി ആക്രമിച്ച് കളിച്ചിട്ടും ഈ ലോകകപ്പിലെ അത്ഭുതമായ മൊറോക്കോയ്ക്ക് ഗോള്‍ മടക്കാനായില്ല. അതേസമയം മറ്റൊരു സെമിയില്‍ അര്‍ജന്‍റീനയോട് എതിരില്ലാത്ത മൂന്ന് ഗോളിന് ക്രൊയേഷ്യ തോല്‍ക്കുകയായിരുന്നു. ലുസൈല്‍ സ്റ്റേഡിയത്തില്‍ ജൂലിയന്‍ ആല്‍വാരസ് വണ്ടര്‍ സോളോ അടക്കം രണ്ടും മെസി ഒന്നും ഗോള്‍ നേടി. മെസി പെനാല്‍റ്റിയിലൂടെ 34-ാം മിനുറ്റിലും ആല്‍വാരസ് 39, 69 മിനുറ്റുകളിലുമാണ് ഗോള്‍ കണ്ടെത്തിയത്.
ചാമ്പ്യന്‍മാര്‍ നാളെ
ഖത്തര്‍ ലോകകപ്പിലെ ചാമ്പ്യന്മാരെ നാളെ അറിയാം. കലാശപ്പോരാട്ടത്തിൽ നിലവിലെ ജേതാക്കളായ ഫ്രാന്‍സും
മുന്‍ ചാമ്പ്യന്മാരായ അര്‍ജന്‍റീനയും ഏറ്റുമുട്ടും. വൈറസ് ബാധ കാരണം അഞ്ച് പ്രധാന താരങ്ങള്‍ പരിശീലനത്തിൽ നിന്ന് വിട്ടുനിന്നതിന്‍റെ ആശങ്കയിലാണ് ഫ്രഞ്ച് ക്യാംപ്. രണ്ട് ടീമുകളുടെയും പരിശീലകര്‍ ഇന്ന് വൈകീട്ട് മാധ്യമങ്ങളെ കാണുന്നുണ്ട്. നാളെ ഇന്ത്യന്‍ സമയം രാത്രി 8.30നാണ് കലാശപ്പോരാട്ടം.
അര്‍ജന്‍റീനയും മെസിയും കിരീടമുയര്‍ത്തട്ടേ; പറയുന്നത് ബ്രസീലിയന്‍ ഇതിഹാസം