ബ്രസീല്‍ വമ്പന്‍ ടീം, ഞങ്ങളെ നിസ്സാരക്കാരായി കാണണ്ടാ; ക്വാർട്ടറിന് മുമ്പ് ക്രൊയേഷ്യന്‍ പരിശീലകന്‍
ബ്രസീല്‍ ലോകകപ്പിലെ ഫേവറൈറ്റുകളാണ്. ഈ ലോകകപ്പിലെ ഏറ്റവും ശക്തമായ ടീമാണവർ.
ദോഹ: ഫുട്ബോള്‍ ലോകകപ്പില്‍ ക്വാർട്ടർ എതിരാളികളായ ബ്രസീലിനെ പുകഴ്ത്തി ക്രൊയേഷ്യന്‍ പരിശീലകന്‍ ഡാലിച്ച്. ബ്രസീല്‍ ഗംഭീര ടീമാണെന്നും എന്നാല്‍ അവരുടെ ഭീഷണി അതിജീവിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷയെന്നും ഡാലിച്ച് കൂട്ടിച്ചേർത്തു.
ബ്രസീല്‍ ലോകകപ്പിലെ ഫേവറൈറ്റുകളാണ്. ഈ ലോകകപ്പിലെ ഏറ്റവും ശക്തമായ ടീമാണവർ. അവരുടെ താര സെലക്ഷനും മികവും സ്കില്ലും അവിസ്മരണീയമാണ്. ഞങ്ങള്‍ക്ക് മുന്നില്‍ കടുത്ത പരീക്ഷയാണ് കാത്തിരിക്കുന്നത് എന്ന് അറിയാം. ഒട്ടേറെ മികച്ച, വേഗക്കാരായ താരങ്ങള്‍ക്കെതിരായ മത്സരം കടുക്കും. ബ്രസീലിന് ആത്മവിശ്വാസമുണ്ട്. അവരുടെ താരങ്ങള്‍ ഏറെ സന്തോഷവാന്‍മാരാണ്. എന്നാല്‍ ഞങ്ങള്‍ക്ക് ഭയക്കാനൊന്നുമില്ല. ആത്മവിശ്വാസത്തോടെ ബ്രസീലിനെതിരെ ഇറങ്ങും. ബ്രസീല്‍ കരുത്തുറ്റ ടീമാണ്, അവർക്ക് വെല്ലുവിളിയാവാന്‍ കഴിയും എന്നാണ് പ്രതീക്ഷ. മത്സരം 50-50 ചാന്‍സൊന്നുമല്ല. ഞങ്ങളെ ആർക്കും എഴുതിത്തള്ളാനാവില്ല എന്നും ക്രൊയേഷ്യന്‍ പരിശീലകന്‍ വ്യക്തമാക്കി.
പ്രീ ക്വാർട്ടറില്‍ ദക്ഷിണ കൊറിയയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ബ്രസീല്‍ ക്വാർട്ടറിലെത്തിയത്. ഏഴാം മിനുറ്റില്‍ വിനീഷ്യസ് ജൂനിയറിലൂടെ ബ്രസീല്‍ മുന്നിലെത്തിയപ്പോള്‍ 13-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ നെയ്മർ ലീഡ് രണ്ടാക്കി ഉയർത്തി. രാജ്യത്തിനായി സുല്‍ത്താന്‍റെ 76-ാം ഗോളാണിത്. 29-ാം മിനുറ്റിലായിരുന്നു സാബാ ചുവടുകളുടെ വശ്യതയെല്ലാം മൈതാനത്ത് കണ്ട റിച്ചാർലിസണിന്‍റെ അതിസുന്ദര ഗോള്‍. 36-ാം മിനുറ്റില്‍ ലൂക്കാസ് പക്വേറ്റ നാലാം ഗോള്‍ നേടി. ബ്രസീല്‍ ഏകപക്ഷീയമായ നാല് ഗോള്‍ ലീഡുമായി ആദ്യപകുതിക്ക് പിരിഞ്ഞപ്പോള്‍ 76-ാം മിനുറ്റില്‍ പൈക്കിന്‍റെ വകയായിരുന്നു കൊറിയയുടെ ഏക മടക്ക ഗോള്‍. ഇത് ഒന്നൊന്നര വെടിച്ചില്ലന്‍ ഗോളാവുകയും ചെയ്തു.
ഏഷ്യന്‍ കരുത്താരായ ജപ്പാനെ ഷൂട്ടൗട്ടില്‍ തകർത്താണ് ക്രൊയേഷ്യയുടെ വരവ്. ഷൂട്ടൗട്ടില്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് ക്രൊയേഷ്യ വിജയിക്കുകയായിരുന്നു.
ഇത് ഡാന്‍സ് മാസ്റ്റർ റിച്ചു; സാക്ഷാല്‍ റൊണാള്‍ഡോയെ 'പ്രാവാട്ടം' പഠിപ്പിച്ച് റിച്ചാർലിസണ്‍- വീഡിയോ