തോല്‍വിയില്‍ കട്ടക്കലിപ്പില്‍ ബ്രൂണോ, റഫറിക്ക് ശകാരം; തണുപ്പിക്കാന്‍ നോക്കിയ സ്റ്റാഫിന് കണക്കിന് കിട്ടി
മത്സരത്തില്‍ പോര്‍ച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത് മൊറോക്കോ സെമിയില്‍ കടന്നിരുന്നു
ദോഹ: ഫിഫ ലോകകപ്പില്‍ പോര്‍ച്ചുഗല്‍-മൊറോക്കോ ക്വാര്‍ട്ടര്‍ നിയന്ത്രിച്ച റഫറിക്കെതിരെ പോര്‍ച്ചുഗീസ് താരങ്ങളുടെ രൂക്ഷ വിമര്‍ശനം. പെപെയ്ക്ക് പിന്നാലെ ബ്രൂണോ ഫെര്‍ണാണ്ടസും മത്സരത്തിലെ ഒഫീഷ്യലുകള്‍ക്കെതിരെ രംഗത്തെത്തി. തട്ടിക്കയറാന്‍ ശ്രമിക്കുന്നത് തടയാന്‍ ശ്രമിച്ച പോര്‍ച്ചുഗീസ് മീഡിയ ഓഫീസറെ ശകാരിക്കുകയും ചെയ്തു ബ്രൂണോ. മത്സരത്തില്‍ പോര്‍ച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത് മൊറോക്കോ സെമിയില്‍ കടന്നിരുന്നു.
'ഫിഫ അർജന്‍റീനയ്ക്ക് കപ്പ് നൽകുമോ എന്ന് എനിക്കറിയില്ല. അതൊന്നു ഞാൻ കാര്യമാക്കുന്നില്ല, എനിക്ക് തോന്നുന്നത് ഞാൻ പറയും. ഇപ്പോള്‍ ലോകകപ്പില്‍ കളിക്കുന്ന ഒരു ടീമിന്‍റെ രാജ്യത്ത്(അര്‍ജന്‍റീന) നിന്നുള്ള റഫറി ഞങ്ങളുടെ മത്സരം നിയന്ത്രിക്കാനെത്തിയത് വിചിത്രമാണ്. എന്നാല്‍ പോര്‍ച്ചുഗീസ് റഫറിമാര്‍ ലോകകപ്പിലില്ല. ഞങ്ങളുടെ റഫറിമാര്‍ ചാമ്പ്യന്‍സ് ലീഗിലുണ്ട്. അതിനാല്‍ അവര്‍ ലോകകപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ നിലവാരമുള്ളവരാണ്. ഈ റഫറിമാര്‍ ചാമ്പ്യന്‍സ് ലീഗ് നിയന്ത്രിക്കുന്നവരല്ല. ലോകകപ്പിലെ റഫറിമാര്‍ക്ക് വേഗമില്ല. ആദ്യപകുതിയില്‍ എനിക്ക് അനുകൂലമായി ഒരു പെനാല്‍റ്റിയുണ്ടായിരുന്നു, അക്കാര്യത്തില്‍ സംശയമില്ല. മത്സരം ഒഫീഷ്യലുകള്‍ ഞങ്ങള്‍ക്കെതിരായി തിരിച്ചു' എന്നും ബ്രൂണോ മൊറോക്കോയ്‌ക്ക് എതിരായ തോല്‍വിക്ക് പിന്നാലെ പറഞ്ഞു. 'എന്നെ തടയരുത്, എനിക്ക് പറയാനുള്ളത് പറയണം' എന്നായിരുന്നു തന്നെ ശാന്തനാക്കാന്‍ ശ്രമിച്ച പോര്‍ച്ചുഗീസ് മീഡിയ ഓഫീസറിന് ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ ശകാരം.
'അര്‍ജന്‍റീനന്‍ റഫറി ഞങ്ങളുടെ മത്സരം നിയന്ത്രിച്ചത് അംഗീകരിക്കാനാവില്ല. ഫിഫയ്ക്ക് ഇനി അര്‍ജന്‍റീനയ്ക്ക് കിരീടം നല്‍കാം. അര്‍ജന്‍റീനയായിരിക്കും ചാമ്പ്യന്‍മാര്‍ എന്ന കാര്യത്തില്‍ ഞാന്‍ പന്തയം വെക്കുന്നു. രണ്ടാംപകുതി കളിക്കാന്‍ ഞങ്ങളെ റഫറി അനുവദിച്ചില്ല. കൂടുതല്‍ അധികസമയം വേണമായിരുന്നു' എന്നുമായിരുന്നു പെപെയുടെ വിമര്‍ശനം. അര്‍ജന്‍റീനന്‍ റഫറിയായ ഫക്വണ്ടോ ടെല്ലോയാണ് പോര്‍ച്ചുഗല്‍-മൊറോക്കോ ക്വാര്‍ട്ടര്‍ മത്സരം നിയന്ത്രിച്ച പ്രധാന റഫറി. രണ്ട് സഹ റഫറിമാരും വീഡിയോ റഫറിയും അര്‍ജന്‍റീനയില്‍ നിന്നുള്ളവരായിരുന്നു.