ആരാധകരെ ശാന്തരാകുവിന്‍; ദക്ഷിണ കൊറിയക്കെതിരെ നെയ്‌മര്‍ കളിക്കാന്‍ സാധ്യത

കഴിഞ്ഞ ദിവസം നടന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ കാമറൂണിനെതിരെ പരിക്കേറ്റ ഗബ്രിയേല്‍ ജിസ്യൂസിനും അലക്സ് ടെല്ലസിനും ഇനി കളിക്കാനാവില്ല എന്ന് ടിറ്റെ

FIFA World Cup 2022 Brazil star Neymar possibly play against South Korea Says Coach Tite

ദോഹ: ഫിഫ ലോകകപ്പിലെ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ സെര്‍ബിയക്കെതിരെ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്‌മര്‍ നാളെ പ്രീ ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയക്കെതിരെ കളിച്ചേക്കും. 'നെയ്‌മര്‍ ഇന്ന് ഉച്ചതിരിഞ്ഞ് പരിശീലനത്തിന് ഇറങ്ങും. അതില്‍ ഓക്കെയാണെങ്കില്‍ അദേഹം നാളെ(പ്രീ ക്വാര്‍ട്ടറില്‍) കളിക്കും. സത്യസന്ധമല്ലാത്ത ഒരു വിവരവും ഞാന്‍ പങ്കുവെക്കില്ല. ഇന്ന് ഉച്ചതിരിഞ്ഞ് നെയ്‌മര്‍ പ്രാക്‌ടീസിന് ഇറങ്ങുന്നുണ്ട്. പരിശീലനം നന്നായി പൂര്‍ത്തിയാക്കിയാല്‍ നെയ്‌മര്‍ ദക്ഷിണ കൊറിയക്കെതിരെ കളിക്കും' എന്നുമാണ് മത്സരത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് കാനറികളുടെ പരിശീലകന്‍ ടിറ്റെയുടെ വാക്കുകള്‍ എന്ന് ഗോള്‍ ഡോട് കോം റിപ്പോര്‍ട്ട് ചെയ്തു. 

ജിസ്യൂസ് പുറത്ത്

ഇതിനിടെ കഴിഞ്ഞ ദിവസം നടന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ കാമറൂണിനെതിരെ പരിക്കേറ്റ ഗബ്രിയേല്‍ ജിസ്യൂസിനും അലക്സ് ടെല്ലസിനും ഇനി ലോകകപ്പില്‍ കളിക്കാനാവില്ല എന്ന് ടിറ്റെ സ്ഥിരീകരിച്ചു. 'ആഴ്‌‌സണലിനും ഞങ്ങള്‍ക്കും മികച്ച മെഡിക്കല്‍ സംഘമുണ്ട്. ജിസ്യൂസും ടെല്ലസുമായി നെയ്‌മറും തിയാഗോ സില്‍വയും സംസാരിച്ചു. ഇരുവര്‍ക്കും കരുത്തുപകരുന്നു' എന്നുമാണ് ടിറ്റെയുടെ പ്രതികരണം. മറ്റ് രണ്ട് താരങ്ങളുടെ പരിക്കും ബ്രസീലിയന്‍ സ്‌ക്വാഡിനെ അലട്ടുന്നുണ്ടായിരുന്നു. ലെഫ്റ്റ് ബാക്ക് അലക്‌സ് സാന്ദ്രോയും റൈറ്റ് ബാക്ക് ഡാനിലോയ്‌ക്കുമായിരുന്നു പരിക്ക്. ഇവരില്‍ ഡാനിലോ ദക്ഷിണ കൊറിയക്കെതിരെ കളിക്കും എന്ന സൂചനയും ടിറ്റെ നല്‍കി. 

ഖത്തര്‍ ലോകകപ്പില്‍ ബ്രസീലിന് കപ്പ് സമ്മാനിക്കാന്‍ നെയ്‌മര്‍ ടീമിലേക്ക് മടങ്ങിവരും എന്ന് അദേഹത്തിന്‍റെ പിതാവ് നെയ്‌മര്‍ സാന്‍റോസ് സീനിയര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 'നെയ്‌മറിന് തന്‍റെ ഏറ്റവും മികച്ച ഫോമില്‍ ഫൈനല്‍ കളിക്കാനെത്താന്‍ കഴിയും. മുമ്പും പരിക്കിന് ശേഷം തിരിച്ചെത്തിയപ്പോള്‍ നെയ്‌മര്‍ മിന്നും ഫോമിലായിരുന്നു. ഫൈനലില്‍ ഏറ്റവും മികച്ച പ്രകടനം നെയ്‌മര്‍ പുറത്തെടുക്കും. നെയ്‌മര്‍ വളരെ പ്രധാനപ്പെട്ട താരമാണെന്ന് എല്ലാവര്‍ക്കും അറിയാം. മൈതാനത്തും സഹതാരങ്ങളിലും വലിയ സ്വാധീനം ചൊലുത്താന്‍ കഴിയുന്ന താരം. നമ്പര്‍ 1 താരമായതിനാല്‍ നെയ്‌മര്‍ മൈതാനത്ത് എത്തുമ്പോള്‍ തന്നെ ആ വ്യത്യാസം മനസിലാകും. ബ്രസീലിയന്‍ ടീമിനായി സഹതാരങ്ങള്‍ക്കൊപ്പം കിരീടം ഉയര്‍ത്താന്‍ നെയ്‌മറുണ്ടാകും' എന്നുമായിരുന്നു നെയ്‌മര്‍ സീനിയറിന്‍റെ വാക്കുകള്‍. 

പരിക്കുകളാല്‍ വീര്‍പ്പുമുട്ടി ബ്രസീല്‍, പ്രതീക്ഷയുടെ ചെറിയൊരു തിരിനാളം; പുതിയ അറിയിപ്പുമായി നെയ്മര്‍

Latest Videos
Follow Us:
Download App:
  • android
  • ios