ലുസൈല്‍ സ്റ്റേഡിയം നീലക്കടല്‍; മെസിപ്പട കളത്തിലേക്ക്, ശക്തമായ ഇലവനുമായി അര്‍ജന്‍റീന

ലുസൈല്‍ സ്റ്റേഡിയത്തില്‍ 3.30ന് മത്സരത്തിന് കിക്കോഫാകും. 

FIFA World Cup 2022 Argentina vs Saudi Arabia Starting XI ALL eyes on Lionel Messi

ദോഹ: ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കാന്‍ മിനുറ്റുകള്‍ മാത്രം. ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ സൗദി അറേബ്യക്കെതിരെ ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന അല്‍പസമയത്തിനകം ഇറങ്ങും. ലുസൈല്‍ സ്റ്റേഡിയത്തില്‍ 3.30ന് മത്സരത്തിന് കിക്കോഫാകും. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്ന ടീമായ അര്‍ജന്‍റീന ശക്തമായ തുടക്കമാണ് ലക്ഷ്യമിടുന്നത്. 

ശക്തം അര്‍ജന്‍റീനയുടെ സ്റ്റാര്‍ട്ടിംഗ് ഇലവന്‍

ആദ്യ മത്സരത്തില്‍ തന്നെ ആയുധപ്പുരയിലെ വജ്രായുധങ്ങളെ തന്നെ അര്‍ജന്‍റീന പരിശീലകന്‍ സ്‌കലോണി മൈതാനത്ത് അണിനിരത്തി. ലിയോണല്‍ മെസിയെയും ലൗറ്റാരോ മാര്‍ട്ടിനസിനേയും ആക്രമണത്തിന് നിയോഗിച്ച് 4-4-2 ശൈലിയില്‍ ലാറ്റിനമേരിക്കന്‍ പട കളത്തിറങ്ങിയപ്പോള്‍ ഏഞ്ചല്‍ ഡി മരിയയും റോഡ്രിഗോ ഡി പോളും ലീയാന്‍ഡ്രോ പരേഡസും പപു ഗോമസും മധ്യനിരയില്‍ കരുക്കള്‍ നീക്കാനെത്തി. പരിചയസമ്പന്നനായ ഒട്ടാമെന്‍ഡിക്കൊപ്പം ക്രിസ്റ്റ്യന്‍ റൊമീറോയും നഹ്വേല്‍ മൊളീനയും നിക്കോളാസ് തഗ്ലൈഫിക്കോയും ഉള്‍ക്കൊള്ളുന്നതായിരുന്നു അതിശക്തമായ പ്രതിരോധം. ഒന്നാം നമ്പര്‍ ഗോളി എമിലിയാനോ മാര്‍ട്ടിനസ് ഗോള്‍ബാറിന് കീഴെയുമെത്തി. 

അര്‍ജന്റീന ഫിഫ റാങ്കിംഗില്‍ മൂന്നാമതും സൗദി അറേബ്യ 51-ാം സ്ഥാനത്തുമാണ്. അര്‍ജന്റീനയും സൗദിയും ഇതിന് മുന്‍പ് നാല് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. അര്‍ജന്റീന രണ്ട് കളിയില്‍ ജയിച്ചപ്പോള്‍ രണ്ട് മത്സരം സമനിലയില്‍ അവസാനിച്ചു. അവസാന 36 കളികളില്‍ തോല്‍വി അറിയാതെയാണ് മെസിയും സംഘവും ലോകകപ്പിന് എത്തിയിരിക്കുന്നത്. ഇതിഹാസ താരം ലിയോണല്‍ മെസിയുടെ ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരമെന്ന നിലയില്‍ ലോകമാകെ ആവേശത്തോടെയാണ് സൗദി അറേബ്യക്കെതിരെയുള്ള പോരാട്ടത്തിനായി കാത്തിരിക്കുന്നത്. പരിക്കേറ്റ് പുറത്തായ ജിയോവനി ലോ സെല്‍സോയുടെ അഭാവം നീലപ്പട എങ്ങനെ നികത്തും എന്ന ആകാംക്ഷയിലാണ് ഫുട്ബോള്‍ ലോകം. 

ലുസൈല്‍ സ്റ്റേഡിയത്തിലേക്ക് അര്‍ജന്റൈന്‍ ആരാധകരുടെ ഒഴുക്ക്; തെരുവും മെട്രോയുമെല്ലാം നീലമയം- വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios