ഫൈനല്‍ മെസിയും എംബാപ്പെയും തമ്മില്‍; ശീതസമരം ലുസൈലില്‍ മണല്‍ച്ചൂടാവും

കാൽപന്ത് മാമാങ്കാത്തില പെരുങ്കളിയാട്ട മുറ്റത്ത് മുഖാമുഖം നിൽക്കുകയാണ് ഫ്രാൻസും അ‍ർജന്‍റീനയും

FIFA World Cup 2022 Argentina vs France final become Messi vs Mbappe flight

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ലോക ഫുട്ബോളിലെ രണ്ട് സൂപ്പർ സ്റ്റാറുകൾ നേർക്കുനേർ വരുന്നതാണ് അ‍ർജന്‍റീന-ഫ്രാൻസ് ഫൈനലിന്‍റെ പ്രത്യേകത. പിഎസ്‌ജിയിലെ സഹതാരങ്ങൾ ആണെങ്കിലും മെസിക്കും എംബാപ്പെയ്‌ക്കും ഇടയിലെ ശീതസമരം ഞായറാഴ്‌ചത്തെ ഫൈനലിനെ ചൂട് പിടിപ്പിച്ചേക്കാം.

കാൽപന്ത് മാമാങ്കാത്തിലെ പെരുങ്കളിയാട്ട മുറ്റത്ത് മുഖാമുഖം നിൽക്കുകയാണ് ഫ്രാൻസും അ‍ർജന്‍റീനയും. മുറുക്കിപ്പറഞ്ഞാൽ കിലിയന്‍ എംബാപ്പെയും ലിയോണല്‍ മെസിയും. ഖത്തറിന്‍റെ മോഹമുറ്റത്ത് നിൽക്കുന്ന ഫ്രാൻസിന്‍റെ പടക്കോപ്പാണ് എംബാപ്പെ. അർജന്‍റീന കാത്തുകാത്തിരിക്കുന്ന കപ്പിന്‍റെ പൂട്ട് മെസിയുടെ ഇടംകാലിലും. കരിയറിന്‍റെ അവസാന പടവിൽ എത്തിനിൽക്കുന്ന മെസി ലോകവേദിയിൽ ഇനിയില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. അതേസമയം യുവത്വത്തിന്‍റെ ചുറുചുറുക്കുള്ള എംബാപ്പെ തുടരെ ലോകകപ്പിൽ വീരഗാഥ രചിക്കാനുള്ള ഒരുക്കത്തിലാണ്. ഇരുവരും ലുസൈൽ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുന്നത് വിശ്വ കിരീടത്തിന് മാത്രമല്ല. ഗോൾഡൻ ബൂട്ട്, ഗോൾഡൻ ബോൾ, പിന്നെ പിന്നാലെ വരാനുള്ള ബാലൻ ഡി ഓ‍ർ അങ്ങനെയങ്ങനെ നീളുന്നു നോട്ടവും ലക്ഷ്യവും.

ഫുട്ബോള്‍ ലോകകപ്പിൽ ആര് തൊട്ടാലും ഖത്തറിലെ നേട്ട പട്ടികകളിലെല്ലാം ഇരുവരുടെയും ബൂട്ടടയാളം പതിയും. മോഹക്കപ്പുമായി മെസി മടങ്ങുമോ അതോ, ഇനിയുമേറെ മുഴങ്ങിക്കേൾക്കാനുള്ള എംബാപ്പെയുടെ പേരിനൊപ്പം രണ്ടാം ലോകകപ്പിന്‍റെ തിലകക്കുറിയുണ്ടാകുമോ? ഞായറാഴ്‌ച ലുസൈല്‍ സ്റ്റേഡിയത്തില്‍ ഉത്തരമറിയാം. ഖത്തറില്‍ അഞ്ച് വീതം ഗോളുകളുമായി കുതിക്കുകയാണ് മെസിയും എംബാപ്പെയും. എംബാപ്പെയ്ക്ക് രണ്ട് എങ്കില്‍ മൂന്ന് അസിസ്റ്റുകള്‍ മെസിയുടെ പേരിലുണ്ട്. നാല് ഗോള്‍ വീതവുമായി അര്‍ജന്‍റീനയുടെ ജൂലിയന്‍ ആല്‍വാരസും ഫ്രാന്‍സിന്‍റെ ഒലിവര്‍ ജിറൂദും മെസിക്കും എംബാപ്പെയ്ക്കുമൊപ്പം ഗോൾഡൻ ബൂട്ട് പോരാട്ടമുഖത്തുണ്ട്. 

മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചാണ് ഫ്രാന്‍സ് ഫൈനലിലെത്തിയത്. ആദ്യ സെമിയില്‍ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് വീഴ്‌ത്തിയാണ് അര്‍ജന്‍റീന ഫൈനലിലെത്തിയത്. 

അഹങ്കാരിയെന്ന് ആര് പറഞ്ഞു; പരിക്കേറ്റ ആരാധകന് അടുത്തെത്തി ക്ഷമ ചോദിച്ച് എംബാപ്പെയുടെ മാതൃക

Latest Videos
Follow Us:
Download App:
  • android
  • ios