മെസിക്ക് പരിക്ക്? ആരാധകരില്‍ ആശങ്ക പടര്‍ത്തി അഭ്യൂഹങ്ങള്‍; വാര്‍ത്ത തള്ളി അര്‍ജന്‍റീനന്‍ മാധ്യമങ്ങള്‍
മെസിയുടെ പരിക്ക് സാരമുള്ളതല്ലെന്നും ഫൈനലിന് ഇറങ്ങുമെന്നും അര്‍ജന്‍റീനന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളുണ്ട്
ദോഹ: ഫിഫ ലോകകപ്പില്‍ അര്‍ജന്‍റീന-ഫ്രാന്‍സ് ഫൈനലിന് മുമ്പ് ആരാധകരില്‍ ആശങ്ക പടര്‍ത്തി ലിയോണല്‍ മെസിയുടെ പരിക്ക് വാര്‍ത്ത. ക്രൊയേഷ്യക്കെതിരായ സെമിയില്‍ മെസിക്ക് ഹാംസ്‌ട്രിങ് പരിക്കേറ്റെന്നും വ്യാഴാഴ്‌ച ടീമിനൊപ്പം പരിശീലനം നടത്തിയില്ലെന്നും ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തതായി ഇന്‍സൈഡ് സ്പോര്‍ടിന്‍റെ വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അര്‍ജന്‍റീനന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല.
അതേസമയം മെസിയുടെ പരിക്ക് സാരമുള്ളതല്ലെന്നും ഫൈനലിന് ഇറങ്ങുമെന്നും അര്‍ജന്‍റീനന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളുണ്ട്. ചില താരങ്ങള്‍ക്ക് വിശ്രമം നല്‍കിയതാണ് എന്നാണ് വിശദീകരണം. ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ മെസി തുടയിലെ പേശികളില്‍ അമര്‍ത്തിപ്പിടിക്കുന്നത് പല തവണ കാണാനായിരുന്നു.
ലുസൈല്‍ സ്റ്റേഡിയത്തില്‍ ഞായറാഴ്‌ചയാണ് അര്‍ജന്‍റീന-ഫ്രാന്‍സ് ഫൈനല്‍. 2014ന് ശേഷം ആദ്യ ലോകകപ്പ് ഫൈനലാണ് അര്‍ജന്‍റീന കളിക്കുന്നത്. സസ്പെന്‍ഷന്‍ കാരണം സെമി നഷ്ടമായ അക്യൂനയും മോണ്ടിയലും തിരിച്ചുവരുന്നതിനാല്‍ ഫൈനലിലെ ആദ്യ ഇലവനില്‍ മാറ്റം വന്നേക്കും. സ്കലോണിയുടെ ടാക്റ്റിക്സില്‍ സുപ്രധാന ഭാഗം നിര്‍വഹിക്കുന്ന താരമാണ് അക്യൂന. ഏഞ്ചല്‍ ഡി മരിയയുടെ പരിക്ക് മാറിയത് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. ഈ മത്സരത്തോടെ അന്താരാഷ്ട്ര ഫുട്ബോളിനോട് വിട ചെല്ലുമെന്ന് പറഞ്ഞ ഡി മരിയക്കും ഇതൊരു മരണക്കളിയാണ്. ഫോം കണ്ടെത്താന്‍ പാടുപെടുന്ന ലൗട്ടാരോ മാര്‍ട്ടിനസിന് പകരമെത്തിയ ജൂലിയന്‍ അല്‍വാരസ് വിജയം കാണുന്നത് സ്‌കലോണിക്ക് പ്രതീക്ഷയാണ്.
ഈ ലോകകപ്പില്‍ അഞ്ച് ഗോളും മൂന്ന് അസിസ്റ്റുമായി കളംനിറഞ്ഞ് കളിക്കുകയാണ് ലിയോണല്‍ മെസി. ഫ്രാന്‍സിന്‍റെ കിലിയന്‍ എംബാപ്പെയ്ക്കും അഞ്ച് ഗോളുണ്ട്. രണ്ട് അസിസ്റ്റുകളാണ് എംബാപ്പെയുടെ സമ്പാദ്യം. അതിനാല്‍ ഗോള്‍ഡന്‍ ബോള്‍, ഗോള്‍ഡന്‍ ബൂട്ട് വിജയികളെ കലാശപ്പോര് തീരുമാനിക്കും.
കേരളത്തിലെ ബ്രസീല്‍ ആരാധകര്‍ക്ക് അഭിമാന നിമിഷം; നന്ദി പറഞ്ഞ് നെയ്‌മര്‍