ഏഞ്ചൽ ഡി മരിയയുടെ പരിക്ക് സാരമോ? ആരാധകര്‍ കാത്തിരുന്ന വിവരം പുറത്ത്
മത്സരത്തില്‍ പോളണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് അര്‍ജന്‍റീന ഗ്രൂപ്പ് സി ചാമ്പ്യന്‍മാരായി പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു
ദോഹ: ഫിഫ ലോകകപ്പില്‍ ഏഞ്ചൽ ഡി മരിയയുടെ പരിക്കിൽ ആശങ്ക വേണ്ടെന്ന സൂചനയുമായി അര്‍ജന്‍റീന. പോളണ്ടിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിലെ 59-ാം മിനിറ്റിൽ ഡി മരിയയെ തിരിച്ചുവിളിച്ചിരുന്നു. 'മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് ഡി മരിയയെ സബ്‌സ്റ്റിറ്റ്യൂട്ട് ചെയ്തത്, ഡി മരിയ ടീമിന്‍റെ അഭിഭാജ്യ ഘടകമാണ്' എന്നുമാണ് പരിശീലകന്‍ സ്‌കലോണി മത്സര ശേഷം പ്രതികരിച്ചത്. ഏഞ്ചല്‍ ഡി മരിയയുടെ തുടയിലെ പേശികള്‍ക്ക് ക്ഷതമേറ്റെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും വിദഗ്ധ പരിശോധനയ്ക്ക് ശേഷം പരിശീലനത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്. മരിയയുടെ പരിക്ക് സാരമാണെങ്കില്‍ ലോകകപ്പില്‍ അര്‍ജന്‍റീനയ്ക്ക് അത് കനത്ത തിരിച്ചടിയാവുമെന്നുറപ്പാണ്.
മത്സരത്തില്‍ പോളണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് അര്‍ജന്‍റീന ഗ്രൂപ്പ് സി ചാമ്പ്യന്‍മാരായി പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു. ആദ്യപകുതിയില്‍ അര്‍ജന്‍റീനയെ പിടിച്ചുകെട്ടിയ പോളിഷ് പട രണ്ടാംപകുതിയില്‍ ഇരട്ട ഗോള്‍ വഴങ്ങുകയായിരുന്നു. 38-ാം മിനുറ്റില്‍ ഇതിഹാസ താരം ലിയോണല്‍ മെസി പോളിഷ് ഗോളി സ്റ്റെന്‍സിയുടെ വണ്ടര്‍ സേവിന് മുന്നില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ ശേഷം മാക് അലിസ്റ്ററും(46), ജൂലിയന്‍ ആല്‍വാരസുമാണ്(67) അര്‍ജന്‍റീനക്കായി വല ചലിപ്പിച്ചത്. എയർ ബോളുകളിൽ ഒന്നും ചെയ്യാനാവില്ലെന്ന് മനസിലാക്കിയ അർജന്റീന രണ്ടാംപാതിയിൽ കുറിയ പാസുകളിലൂടെ വിടവ് കണ്ടെത്തിയാണ് ഇരു ഗോളും നേടിയത്. സൗദിയോട് പൊരുതിക്കളിച്ച് മെക്‌സിക്കോ 2-1ന് വിജയിച്ചെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ പോയിന്‍റ് നിലയില്‍ രണ്ടാമതെത്തിയ പോളണ്ടും സി ഗ്രൂപ്പില്‍ നിന്ന് പ്രീ ക്വാര്‍ട്ടറിലെത്തി.
അതേസമയം പ്രീ ക്വാര്‍ട്ടറിന് മുന്‍പ് അര്‍ജന്‍റീനയുടെ ഇന്നത്തെ ആദ്യ പരിശീലന സെഷന്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ ആകുമെന്നാണ് സൂചന. നേരത്തെ ഖത്തര്‍ യൂണിവേഴ്സിറ്റി സറ്റേഡിയത്തിലെ പരിശീലന സെഷനിന്‍റെ ആദ്യ 15 മിനിറ്റില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരവും പ്രീ ക്വാര്‍ട്ടറും തമ്മില്‍ അധികം ദിവസങ്ങളുടെ ഇടവേളയില്ലെന്ന് അര്‍ജന്‍റീന പരിശീലകന്‍ സ്‌കലോണി അഭിപ്രായപ്പെട്ടിരുന്നു.
ആരാധകര്‍ക്ക് ആവേശനീലിമ; പോളിഷ് കോട്ട തകര്‍ത്ത് അര്‍ജന്‍റീന പ്രീ ക്വാര്‍ട്ടറില്‍