കേരളത്തിലെ ഫുട്ബോള്‍ പനിയില്‍ ഞെട്ടി ഫിഫ; പുള്ളാവൂരിലെ മെസി, നെയ്‌മര്‍, സിആര്‍7 കട്ടൗട്ടുകള്‍ ട്വീറ്റ് ചെയ്തു

പുള്ളാവൂരില്‍ ആദ്യമുയര്‍ന്നത് അര്‍ജന്‍റീനയുടെ മിശിഹാ ലിയോണല്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ടായിരുന്നു

FIFA tweeted cut outs of Lionel messi neymar Cristiano Ronaldo in Pullavoor river

കോഴിക്കോട്: കേരളത്തിലെ ഖത്തര്‍ ലോകകപ്പ് ആവേശത്തില്‍ അമ്പരന്ന് ഫിഫയും. കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയില്‍ സ്ഥാപിച്ച മെസി-നെയ്‌മര്‍-റൊണാള്‍ഡോ കട്ടൗട്ടുകള്‍ ഫിഫയും ട്വീറ്റ് ചെയ്‌തു. പുഴയില്‍ ആരാധകപ്പോരിനും പിന്നാലെ പഞ്ചായത്തിന്‍റെ മുന്നറിയിപ്പിനും സാക്ഷിയായ കട്ടൗട്ടുകള്‍ ഫിഫ ഷെയര്‍ ചെയ്‌തതിന്‍റെ ആവേശത്തിലാണ് ആരാധകര്‍. 

'കേരളത്തിന് ഫുട്ബോള്‍ പനി, നെയ്‌മറുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ലിയോണല്‍ മെസിയുടേയും കൂറ്റന്‍ കട്ടൗട്ടുകള്‍ പുഴയില്‍ ഉയര്‍ന്നപ്പോള്‍' എന്ന തലക്കെട്ടോടെയാണ് ചിത്രം ഫിഫ ട്വീറ്റ് ചെയ്തത്. 

പുള്ളാവൂരില്‍ ആദ്യമുയര്‍ന്നത് അര്‍ജന്‍റീനയുടെ മിശിഹാ ലിയോണല്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ടായിരുന്നു. ഈ ഭീമന്‍ കട്ടൗട്ട് വൈറലായതിന് പിന്നാലെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പെടെ വലിയ വാര്‍ത്തയാക്കി. തൊട്ടരികെ കാനറികളുടെ സുല്‍ത്താന്‍ നെയ്‌മറുടെ അതിഭീമന്‍ കട്ടൗട്ട് സ്ഥാപിച്ച് ബ്രസീല്‍ ആരാധകര്‍ മറുപടി കൊടുത്തതോടെ കേരളത്തിലെ ഫുട്ബോള്‍ ആരാധകരുടെ ശ്രദ്ധയെങ്ങും പുള്ളാവൂരിലേക്കെത്തി. മെസിയുടെ കട്ടൗട്ട് 30 അടിയാണെങ്കില്‍ നെയ്മറുടെ തലപ്പൊക്കം അതിനേക്കാള്‍ പത്ത് അടി കൂടെ കൂടിയിരുന്നു. ഇതോടെ സാക്ഷാല്‍ സുല്‍ത്താന് പിന്നിലാണ് മിശിഹായുടെ സ്ഥാനം എന്നുവരെയായി ബ്രസീലിയന്‍ ആരാധകരുടെ അവകാശവാദം. 40 അടിയോളം വരുന്ന നെയ്മറുടെ കൗട്ടിന് ഏകദേശം 25,000 രൂപ ചെലവായി. 

മെസിയുടേയും നെയ്‌മറുടേയും കട്ടൗട്ട് ഉയര്‍ന്നാല്‍ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആരാധകര്‍ക്ക് വെറുതെയിരിക്കാനാവില്ലല്ലോ. ഇരു കട്ടൗട്ടുകള്‍ക്കും അരികെ സിആര്‍7ന്‍റെ പടുകൂറ്റന്‍ കട്ടൗട്ട് റോണോ ആരാധകര്‍ സ്ഥാപിച്ചു. ഇതിനിടെയാണ് മെസിയുടെയും നെയ്മറുടെയും കട്ടൗട്ടുകള്‍ നീക്കണമെന്ന ആവശ്യമുയർന്നത്. കട്ടൗട്ടുകള്‍ നീക്കാനുള്ള നടപടിക്കെതിരെ കനത്ത ആരാധകരോക്ഷം കേരളത്തിലുണ്ടായി. സംഭവം വിവാദമായതോടെ കട്ടൗട്ടുകള്‍ നീക്കം ചെയ്യില്ല എന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. 

തൊഡ്രാ... പാക്കലാം! മെസിക്കും നെയ്മര്‍ക്കും ഒപ്പം തലയുയര്‍ത്തി ക്രിസ്റ്റ്യാനോയും; ഇടനെഞ്ചിലാണ് ഫുട്ബോള്‍
 

Latest Videos
Follow Us:
Download App:
  • android
  • ios