ഇനി ആര്‍ക്കും ഒരു സംശയവും വേണ്ട, പോര്‍ച്ചുഗലിന്‍റെ ആദ്യ ഗോള്‍ ആര്‍ക്ക്? ഫിഫ ടെക് ടീമിന്‍റെ തീരുമാനം വന്നു

ഈ വിഷയത്തില്‍ തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ ഇപ്പോള്‍ ഫിഫ ടെക് ടീമിന്‍റെ ഔദ്യോഗിക തീരുമാനവും വന്നിട്ടുണ്ട്

FIFA Tech team confirms who scored portugals first goal via match ball technology

ദോഹ: ഫിഫ ലോകകപ്പ് എച്ച് ഗ്രൂപ്പില്‍ ഉറുഗ്വെയെ തോല്‍പ്പിച്ച് പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു. മധ്യനിര താരം ബ്രൂണോ ഫെര്‍ണാണ്ടസ് നേടിയ രണ്ട് ഗോളുകളാണ് പോര്‍ച്ചുഗലിന് ജയമൊരുക്കിയത്. ഒരു ഗോള്‍ ബോക്‌സിന് പുറത്ത് നിന്നായിരുന്നു. മറ്റൊന്ന് പെനാല്‍റ്റി കിക്കിലൂടേയും. എന്നാല്‍, ബോക്സിന് പുറത്ത് നിന്നുള്ള ബ്രൂണോയുടെ ഗോളിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തുടരുന്നുണ്ട്.

യഥാര്‍ത്ഥത്തില്‍ ബ്രൂണോ ക്രിസ്റ്റ്യാനോയ്ക്ക് ഹെഡ് ചെയ്യാന്‍ പാകത്തില്‍ ക്രോസ് ചെയ്ത പന്തായിരുന്നു അത്. ഉയര്‍ന്നുചാടിയ ക്രിസ്റ്റ്യാനോ പന്ത് ഹെഡ് ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ താരത്തിന് ശരിയായ രീതിയില്‍ കണക്റ്റ് ചെയ്യാന്‍ സാധിച്ചില്ല. ഒരുപക്ഷേ ക്രിസ്റ്റ്യാനോ ഹെഡ് ചെയ്യാന്‍ ശ്രമിച്ചതുകൊണ്ടാവാം ഉറുഗ്വെന്‍ ഗോള്‍ കീപ്പര്‍ക്ക് ആശയകുഴപ്പമായത്. എന്തായാലും ക്രിസ്റ്റ്യാനോ തന്‍റെ ഗോളെന്ന രീതിയില്‍ ആഘോഷവും നടത്തി. എന്നാല്‍ നിമിഷങ്ങള്‍ക്കകം തിരുത്ത് വന്നു. ബ്രൂണോയ്ക്കാണ് ആ ഗോള്‍ നല്‍കിയത്.

ഈ വിഷയത്തില്‍ തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ ഇപ്പോള്‍ ഫിഫ ടെക് ടീമിന്‍റെ ഔദ്യോഗിക തീരുമാനവും വന്നിട്ടുണ്ട്. പന്തിനുള്ളിലെ സാങ്കേതിക വിദ്യ തെളിയിക്കുന്നത് റൊണാൾഡോയുടെ തല പന്തില്‍ കൊണ്ടിട്ടില്ല എന്നുള്ളതാണെന്ന് ഫിഫ ടെക് ടീം വ്യക്തമാക്കിയെന്ന് ഇഎസ്‍പിഎന്‍ റിപ്പോര്‍ട്ട് ചെയ്തു. അതായത് ആ ഗോള്‍ ബ്രൂണോ ഫെര്‍ണാണ്ടസിന് തന്നെ അവകാശപ്പെട്ടതാണ്. അഡിഡാസിന്റെ അൽ റിഹ്‌ല ഒഫീഷ്യൽ മാച്ച് ബോളിൽ സ്ഥാപിച്ചിട്ടുള്ള കണക്റ്റഡ് ബോൾ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇക്കാര്യം കണ്ടെത്തിയിട്ടുള്ളത്. 

ബോളിൽ മാച്ച് ഒഫീഷ്യൽസിന് തത്സമയ ഡാറ്റ നൽകാൻ കഴിയുന്ന സാങ്കേതികവിദ്യ ഉൾപ്പെടുന്നുണ്ട്. സെൻസറുകള്‍ ഉപയോഗിച്ച് കളിക്കാർ നടത്തുന്ന എല്ലാ ടച്ചുകളും ഇത് ക്യാപ്‌ചർ ചെയ്യും. ഓഫ്‌സൈഡ് സാഹചര്യങ്ങളെ അറിയിക്കാനും വ്യക്തമല്ലാത്ത ടച്ചുകൾ കണ്ടെത്തുന്നതിനും ഇതിലൂടെ സാധിക്കും. വാര്‍  പ്രക്രിയയുടെ ഗുണനിലവാരവും വേഗതയും ഈ സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുന്നുണ്ടെന്ന് ഫിഫ ടെക് ടീം അറിയിച്ചതായി ഇഎസ്പിഎന്‍ വ്യക്തമാക്കി.

ആ ഗോള്‍ തന്‍റേതാണെന്ന് റൊണാള്‍ഡോ അവകാശവാദം ഉന്നയിക്കുന്നുണ്ടെന്നാണ് ഗിവ് മീ സ്പോര്‍ട് ഡോട്ട് കോം നേരത്തെ റിപ്പോര്‍ട്ട് ചെയ്തതിരുന്നു. മത്സരശേഷം ഗ്രൗണ്ടില്‍ പന്ത് തന്‍റെ തലയില്‍ കൊണ്ടുവെന്ന് ക്രിസ്റ്റ്യാനോ പറയുന്ന വീഡിയോകള്‍ പുറത്ത് വന്നിരുന്നു. പിന്നാലെ റൊണാള്‍ഡോ പിയേഴ്സ് മോര്‍ഗന് പന്ത് തന്‍റെ തലയില്‍ കൊണ്ടതായി സന്ദേശം അയച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിട്ടുള്ളത്.

'പന്ത് തന്‍റെ തലയില്‍ കൊണ്ടു'; ആദ്യ ഗോളില്‍ അവകാശവാദം ഉന്നയിച്ച് റൊണാള്‍ഡോ, റിപ്പോര്‍ട്ട്

Latest Videos
Follow Us:
Download App:
  • android
  • ios