ആശാന് പണി കിട്ടി; റൊണാൾഡോയെ ബെഞ്ചിലിരുത്തിയ സാന്‍റോസ് പുറത്ത്
മൊറോക്കോയ്‌ക്കെതിരെ റോണോയെ വൈകി ഇറക്കിയതിനെ ചോദ്യം ചെയ്‌ത് ഇതിഹാസ താരം ലൂയിസ് ഫിഗോ അടക്കം നിരവധി പേർ രംഗത്തെത്തിയിരുന്നു
ദോഹ: ഖത്തര്‍ ഫിഫ ലോകകപ്പിൽ സൂപ്പര്‍ താരം ക്രിസ്റ്റാന്യോ റൊണാൾഡോയെ ബെഞ്ചിലിരുത്തിയ പോര്‍ച്ചുഗൽ പരിശീലകൻ ഫെര്‍ണാണ്ടോ സാന്‍റോസ് പുറത്ത്. സൂപ്പര്‍ പരിശീലകൻ ഹൊസേ മൗറീഞ്ഞ്യോ ഉൾപ്പടെയുള്ളവരാണ് നിലവിൽ പരിഗണനയിൽ. ക്രിസ്റ്റ്യാനോ റൊണാൾഡോയെ പകരക്കാരുടെ ബെഞ്ചിൽ ഇരുത്തിയതില്‍ രൂക്ഷ വിമർശനം ഉയര്‍ന്നിരുന്നു.
മൊറോക്കോയ്‌ക്കെതിരെ റോണോയെ വൈകി ഇറക്കിയതിനെ ചോദ്യം ചെയ്‌ത് ഇതിഹാസ താരം ലൂയിസ് ഫിഗോ അടക്കം നിരവധി പേർ രംഗത്തെത്തിയിരുന്നു. പോർച്ചുഗൽ ലോകകപ്പിൽ നിന്ന് പുറത്തായപ്പോൾ തന്നെ ഫെർണാണ്ടോ സാന്‍റോസിന്‍റെ വിധി കുറിക്കപ്പെട്ടിരുന്നു. 2024 യൂറോ കപ്പ് വരെ കരാർ കാലാവധി ഉണ്ടായിരിക്കെയാണ് പടിയിറക്കം. 2016ൽ യൂറോ കപ്പും 2019 ൽ യുവേഫ നാഷൻസ് ലീഗും പറങ്കിപ്പാളയത്തിലെത്തിച്ച പരിശീലകനാണ് സാന്‍റോസ്. പരിശീലക കാലയളവിലെ നേട്ടങ്ങൾക്ക് സാന്‍റോസിന് പോർച്ചുഗൾ ഫുട്ബോൾ ഫെഡറേഷൻ നന്ദി അറിയിച്ചു.
പുതിയ പരിശീലകനായി പോര്‍ച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ അന്വേഷണം തുടങ്ങി. സൂപ്പര്‍ പരിശീലകൻ ഹൊസേ മൗറീഞ്ഞോയാണ് പട്ടികയിൽ ഒന്നാമൻ. ഇറ്റാലിയൻ ക്ലബ് റോമയുടെ പരിശീലകനാണ് നിലവിൽ. റോണാൾഡോയുമായി അടുത്ത ബന്ധമുള്ളയാണ് ഹൊസേ മൗറീഞ്ഞോ. ഇനി മൗറീഞ്ഞോ നോ പറഞ്ഞാൽ പോര്‍ട്ടോ പരിശീലകൻ സെര്‍ജിയോ കോണ്‍സൈസോ, മാര്‍സെ പരിശീലകൻ ആന്ദ്രേ വിയ്യാസ് ബോസ്, എന്നിവരാണ് പരിഗണനയിലുള്ളത്. പോര്‍ച്ചുഗലിന്‍റെ യൂറോ കപ്പ് യോഗ്യതാ മത്സരങ്ങൾ മാര്‍ച്ചിൽ തുടങ്ങും. അതിന് മുമ്പ് പുതിയ കോച്ചുണ്ടാകും. അതും ക്രിസ്റ്റ്യാനൊ റൊണാൾഡോയ്ക്ക് കൂടി ബോധിച്ച ഒരാളാകാനാണ് സാധ്യത.
ഖത്തര്‍ ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ എതിരില്ലാത്ത ഒരു ഗോളിന് മൊറോക്കോയോട് തോറ്റാണ് പുറത്തായത്. ആദ്യപകുതിയില്‍ 42-ാം മിനുറ്റില്‍ യൂസെഫ് എന്‍ നെസീരി ഹെഡറിലൂടെ നേടിയ ഏക ഗോളിലാണ് മൊറോക്കോയുടെ വിജയം. ബഞ്ചിലായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ രണ്ടാംപകുതിയില്‍ ഇറക്കിയിട്ടും മടക്ക ഗോള്‍ നേടാന്‍ പോര്‍ച്ചുഗലിനായില്ല.